ടൊവീനോയുടെ കരിയറിലെ ഏറ്റവും പ്രധാന ചിത്രങ്ങളിലൊന്നായ മിന്നല്‍ മുരളിയുടെ റിലീസ് അടുത്ത മാസമാണ്

കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ റിലീസിലേക്ക് ഒരു മാസത്തെ ദൈര്‍ഘ്യം മാത്രമാണ് ടൊവീനോ തോമസിന് (Tovino Thomas). ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ ഡിസംബര്‍ 24നാണ് എത്തുക. ഇപ്പോഴിതാ വ്യക്തിപരമായ മറ്റൊരു സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ടൊവീനോ. എക്കാലവും തനിക്ക് പ്രചോദനമായിരുന്ന ഒരു ബോളിവുഡ് സൂപ്പര്‍താരത്തെ നേരില്‍ കണ്ടതിന്‍റെ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മറ്റാരുമല്ല, സല്‍മാന്‍ ഖാനെയാണ് (Salman Khan) ടൊവീനോ കണ്ടതും പരിചയപ്പെട്ടതും.

സിനിമാ ജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ മികച്ച ശാരീരിക ഘടന സ്വന്തമാക്കുന്നതിന് സല്‍മാന്‍ ഖാന്‍ പ്രചോദനമായിരുന്നെന്ന് ടൊവീനോ പറയുന്നു. എന്നാല്‍ സല്‍മാനെ നേരില്‍ കണ്ടപ്പോള്‍ മറ്റൊരു കാര്യമാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും ടൊവീനോ പറയുന്നു- "ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളിലൊരാളായി നില്‍ക്കുമ്പോഴും എത്ര വിനയത്തോടെയാണ് അങ്ങ് പെരുമാറുന്നത് എന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്. ഇപ്പോള്‍ വിനയത്തിന്‍റെ കാര്യത്തിലും അങ്ങ് എനിക്ക് പ്രചോദനമാണ്. അങ്ങേയ്ക്കൊപ്പം അല്‍പ്പസമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് സാര്‍", സല്‍മാന്‍ ഖാനൊപ്പമുള്ള തന്‍റെ ചിത്രത്തിനൊപ്പം ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മിന്നല്‍ മുരളിക്കായുള്ള വലിയ കാത്തിരിപ്പിലാണ് ടൊവീനോയുടെ ആരാധകരും. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ടീസറിനും ട്രെയ്‍ലറിനുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത്. നെറ്റ്ഫ്ളിക്സ് റിലീസ് ആതിനാല്‍ കേരളത്തിനു പുറത്തും ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്. ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് രചന. ഛായാഗ്രഹണം സമീര്‍ താഹിര്‍.