തെന്നിന്ത്യൻ ട്രാൻസ് നായികയും മോഡലുമായ അഞ്ജലി അമീറിന്റെ ട്രാൻസിഷൻ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീർ ആയിരുന്ന താൻ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി രൂപമാറ്റം വരുത്തിയതാണ് അ‍ഞ്ജലി അമീർ വീഡിയോയിലൂടെ കാണിക്കുന്നത്. ജംഷീർ ആയിരുന്ന കാലം മുതൽ ഉള്ള താരത്തിന്റെ പഴയകാല പാസ്പോർട്ട് സൈസ് ചിത്രങ്ങൾ‌ ഉൾപ്പെടുത്തിയുള്ളതാണ് വീഡിയോ.

'എന്റെ മനോഹ​രമായ യാത്ര.... എന്റെ പരിവർത്തനം' എന്നായിരുന്നു അഞ്ജലി വീഡിയോയിൽ കുറിച്ചത്. അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാ​ഗുകൾ ഉൾപ്പെടുത്തിയാണ് അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

My awesome journey #stigma #lonlyness #pain .......my transition 😂😟😢🙀😍😘😘😘

A post shared by Anjali ameer. (@anjali_ameer___________) on Dec 19, 2019 at 5:36am PST

മമ്മൂട്ടി നായകനായെത്തിയ പേരൻപ് എന്ന ദ്വിഭാഷ ചിത്രത്തിലൂടെയാണ് അഞ്ജലി അമീർ ചലച്ചിത്രകലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പരസ്യ ചിത്ര മോഡലായി തിളങ്ങിയ താരത്തിന്റെ ചിത്രത്തിലെ മീര എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. പേരൻപ് കൂടാതെ സുവർണ പുരുഷൻ എന്ന മലയാള സിനിമയിലും മറ്റൊരു തെലുങ്ക് ചിത്രത്തിലും അഞ്ജലി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകണമെന്ന അതിയായ ആ​ഗ്രഹമുള്ള താരം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസിലെ ബിരുദ വിദ്യാർഥിയായി പ്രവേശനം നേടിയിരിക്കുകയാണ്. ഇതിനിടെ തന്റെ ജീവിതം പറയുന്ന ചിത്രത്തിൽ വേഷമിടാനുള്ള ഒരുക്കത്തിലാണ് താരം. ഒരേസമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. കെ അജിത് കുമാറിന്‍റേതാണ് തിരക്കഥ.