പാട്ടുകാരന്‍ മോഹന്‍കുമാറായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായ് കിരണ്‍ റാം. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍  ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറാണ്. മോഹന്‍ലാലിന്റെ ആരാധകനായ താരം, മലയാളിയെ വെല്ലുന്ന രീതിയില്‍ മലയാളം പറയുന്നതും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചതാണ്. തനതായ അഭിനയ ശൈലിയിലൂടെ സിനിമാ, സിരിയല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തി സായ് കിരണ്‍. മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്.

തെലുങ്കില്‍ കുയിലമ്മ എന്നായിരുന്നു വാനമ്പാടിയുടെ പേര്.  മലയാളത്തില്‍ അനുമോളായെത്തിയത് ഗൗരി പ്രകാശെന്ന താരമായിരുന്നെങ്കില്‍, തെലുങ്കില്‍ ആ വേഷം കൈകാര്യം ചെയ്തത് മിനിസ്‌ക്രീനിലെ മിന്നും താരമായ തേജസ്വിനി ഗൗഡയായിരുന്നു. പാട്ടുകാരന്‍ മനോജ് കുമാറിന്റെ മകളായ കോകിലയായാണ് തോജസ്വിനി സ്‌ക്രീനിലെത്തിയത്. മലയാളത്തിലെ വാനമ്പാടിയേക്കാളും ഏറെ മുന്നോട്ടുപോയിരുന്ന കുയിലമ്മയിലെ മുതിര്‍ന്ന അനുമോളായാണ് തേജസ്വിനിയെത്തിയത്.

ഇപ്പോഴിതാ തേജസ്വിനിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് സായ് കിരണ്‍. 'സുന്ദരിയും കൗശലക്കാരിയും കഠിനദ്ധ്വാനിയുമായ തേജസ്വിനിക്ക് എന്റെ പിറന്നാളാശംസകള്‍' എന്നുപറഞ്ഞാണ്  സായ് കിരണ്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. 'താങ്ക്യു സോ മച്ച് ഡാഡ...' എന്നാണ് തേജസ്വിനി പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.