പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ വാനമ്പാടി അതിന്റെ തന്ത്രപ്രധാനമായ രംഗത്തേയ്‍ക്ക് നീങ്ങുകയാണ്. അതിനനുസരിച്ച് കാഴ്ച്ചക്കാരന്റെ ചങ്കിടിപ്പും വര്‍ദ്ധിക്കുന്നു. തംബുരുമോളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളാണ് മഹിയും അര്‍ച്ചനയും ചെയ്യുന്നത്. എന്നാല്‍ എന്തുവന്നാലും തംബുരുവിനെ വിട്ടുകൊടുക്കില്ലായെന്ന തീരുമാനത്തിലാണ് പത്മിനി. ഒരമ്മയുടെ വിങ്ങുന്ന ഹൃദയം പത്മിനിയില്‍ കാണാം. എന്നാല്‍ തംബുരുവിന്റെ യഥാര്‍ത്ഥ അച്ഛന്‍ വന്നു ചോദിക്കുമ്പോള്‍ കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാന്‍ കഴിയില്ല എന്ന മനസ്സുമായി നടക്കുകയാണ് മോഹന്‍.

മഹി തംബുരുവിനെ ചോദിച്ച് താന്‍ വിട്ടുകൊടുത്തില്ലെങ്കില്‍, തന്റെ മകളെ തനിക്ക് കിട്ടുമോ എന്ന ഭയമാണ് മോഹന്. രക്തം രക്തത്തോട് കൂറു പുലര്‍ത്തുന്നു എന്ന പഴമൊഴിയാണ് പരമ്പരയില്‍ കാണാന്‍ കഴിയുന്നത്. മഹി തന്റെ രക്തത്തെ തേടിയെത്തുന്നു. മോഹന്‍ തന്റെ രക്തത്തെ അന്വേഷിച്ചിറങ്ങുന്നു. പത്മിനി രക്തത്തെ വിട്ടുനല്‍കുന്നില്ല. ആകെ പരമ്പരയുടെ കഥാഗതി കലുഷിതമാവുകയാണ്.

അര്‍ച്ചനയും മഹിയും മഹിയുടെ അമ്മ മഹേശ്വരിയമ്മയും ശ്രീമംഗലത്ത് എത്തിയിരിക്കുകയാണ്. തംബുരുവിനെ ചോദിക്കാനും കൂട്ടിക്കൊണ്ടുപോകാനുമാണ് വരവ്. അതറിഞ്ഞ പത്മിനിയും മമ്മിയും ഡാഡിയും ആകെ പരിഭ്രാന്തരാണ്. കുട്ടിയെ വിട്ടുകൊടുക്കാനായി അവര്‍ പല തന്ത്രങ്ങളും പ്രയോഗിക്കും അതിലൊന്നും വീഴരുതെന്നാണ് മമ്മിയും ഡാഡിയും പത്മിനിയെ ഉപദേശിക്കുന്നത്. എന്നാല്‍ ഏതറ്റംവരേയും പോയി കുട്ടിയെ കൈക്കലാക്കാനാണ് അര്‍ച്ചനയുടെ പദ്ധതി. മഹിയും മറ്റുള്ളവരും വീട്ടിലെത്തിയപ്പോള്‍ ഒന്നുമറിയാത്ത നിര്‍മ്മലയും ചന്ദ്രേട്ടനും തംബുരുമോളും അവരെ സന്തോഷത്തോടെ വരവേല്‍ക്കുകയും സല്‍ക്കരിക്കുകയുമാണ്.

ഏറ്റവും പുതിയ ഭാഗത്തില്‍ സത്യങ്ങള്‍ എല്ലാമറിയുന്ന അനുമോള്‍ മോഹനെ സമാധാനിപ്പിക്കുകയും, തംബുരുവിനെ വിട്ടുനല്‍കരുതെന്ന് ഉപദേശിക്കുകയുമാണ്. ശ്രീമംഗലത്തെത്തിയ അര്‍ച്ചന തംബുരുവിനെ കാണാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പത്മിനി അതിന് സമ്മതിക്കുന്നില്ല. പത്മിനിയുടെ മുറിയിലേക്ക് കടന്നുവരുന്ന അര്‍ച്ചനയോട് പത്മിനി വളരെ മോശമായാണ് പെരുമാറുന്നത്. തന്റെ കുട്ടിയെ തട്ടിയെടുക്കാന്‍ വരുന്ന ഒരുവളോട് ഒരമ്മ എങ്ങനെയാണ് മാന്യമായി പെരുമാറുക എന്നൊരു ചോദ്യം കാഴ്ചക്കാരനെ അലട്ടുന്നുണ്ട്. പത്മിനിയോട് അര്‍ച്ചന പണ്ടത്തെ കാര്യങ്ങളും, ബോംബേയില്‍ വച്ച് മഹിയെ കള്ളകേസ്സില്‍ കുടുക്കിയതുമെല്ലാം ചോദിക്കുന്നു. പത്മിനി മഹിയോടുള്ള പ്രണയം നിരസിക്കുമ്പോള്‍ അര്‍ച്ചന വെട്ടിത്തുറന്ന് സംസാരിക്കുകയാണ് പരമ്പരയില്‍. തന്റെ ഭര്‍ത്താവിന്റെ കൂടെ കറങ്ങി നടന്ന് അദ്ദേഹത്തെ ജയിലാക്കി, അദ്ദേഹത്തിന്റെ കുട്ടിയെ ചുമന്ന് നടക്കാന്‍ നാണമില്ലേയെന്നാണ് അര്‍ച്ചന ചോദിക്കുന്നത്.

മഹിയങ്കിളും അര്‍ച്ചനയാന്റിയും വന്നതിന്റെ സന്തോഷത്തില്‍ അവരെ കാണാന്‍ ശ്രമിക്കുന്ന തംബുരുവിനെ പത്മിനി തടയുന്നു. അവര്‍ കുട്ടിയെ പറഞ്ഞുമയക്കി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്നാതാണ് പത്മിനിയുടെ ഭയം. അവസാനം തംബുരുവിനെ പത്മിനി അര്‍ച്ചനയുടെ അടുത്തേക്ക് വിടുന്നു. എന്നാലും അര്‍ച്ചനയുടെ അടുത്തുനിന്നും തംബുരു മടങ്ങി വരാന്‍ വൈകുന്നത് പത്മിനിയുടെ പേടി വര്‍ദ്ധിപ്പിക്കുന്നു. തംബുരുവിനോട് തങ്ങളുടെ കൂടെ ഓസ്‌ട്രേലിയയിലേക്ക് വരുന്നോ എന്ന് അര്‍ച്ചന ചോദിക്കുന്നെങ്കിലും, തംബുരു അച്ഛനേയും അമ്മയേയും വിട്ടു വരില്ല എന്നാണ് പറയുന്നത്. അതേസമയം കല്ല്യാണിയെ അന്വേഷിച്ചുപോയ മോഹന്‍ തിരികെയെത്തുന്നു. കല്ല്യാണി ചതിച്ചതാണെന്ന് മോഹന് മനസ്സിലാകുന്നുണ്ട്. തന്റെ സ്വന്തം കുട്ടിയെ അന്വേഷിക്കാന്‍ പറ്റാത്തതിന്റെ വിഷമം മോഹനില്‍ കാണാം. അതുപോലെതന്നെ ഇത്രനാള്‍ അച്ഛാ എന്നു വിളിച്ച കുട്ടിയെ നഷ്ടപ്പെടുമെന്ന ഭയവും മോഹനിലുണ്ട്. പക്ഷെ പത്മിനി മോഹനോട് അര്‍ച്ചന മോളെ കൊണ്ടുപോകുമോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലായെന്നാണ് മോഹന്‍ പറയുന്നത്. അനുമോളായി അഭിനയിക്കുന്ന കുട്ടിത്താരം ഗൗരിയുടെ അഭിനയപാടവും പരമ്പരയില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണ്. മോഹനെ സമാധാനിപ്പിക്കുന്നതും. തംബുരുവിനെ ആര്‍ക്കും നമ്മള്‍ വിട്ടുകൊടുക്കില്ല എന്നു പറയുന്നതും മോഹന് ആശ്വാസമേകുന്നുണ്ട്. പക്ഷെ താന്‍ ഇപ്പോള്‍ തംബുരുവിനെ വിട്ടുകൊടുക്കുന്നില്ലായെങ്കില്‍, തന്റെ മകളെ എങ്ങനെ മറ്റാരെങ്കിലും തനിക്ക് തരുമെന്ന് ചോദിക്കുമ്പോള്‍ അനുമോള്‍ക്ക് ഉത്തരം മുട്ടുകയാണ്. അങ്ങനെ നില്‍ക്കുന്ന തംബുരുവിലാണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. ശ്രീമംഗലത്തെ വരും ദിവസങ്ങള്‍ കഥാഗതിയെ മാറ്റിമറിയ്ക്കുന്നതാണെന്നതില്‍ സംശയമില്ല. എങ്ങനെയാണ് നിലവിലെ സമസ്യ അവസാനിക്കുക എന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.