തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ നിന്ന് ദീര്‍ഘകാല ഇടവേള എടുത്തിരുന്ന ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം 'പത്താന്‍' ആണ്

ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി സംവദിക്കാന്‍ സമയം മാറ്റിവെക്കാറുള്ള താരമാണ് ഷാരൂഖ് ഖാന്‍. #AskSRK എന്ന ഹാഷ് ടാഗില്‍ ആരാധകരുമായി അദ്ദേഹം നടത്താറുള്ള ചോദ്യോത്തര പരിപാടികള്‍ പലപ്പോഴും രസകരമായ വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്‍ടിക്കാറുമുണ്ട്. എട്ട് മാസത്തിനുശേഷം അദ്ദേഹം നടത്തിയ 'ആസ്‍ക് എസ്ആര്‍കെ' ട്വിറ്റര്‍ സംവാദവും അത്തരത്തില്‍ രസകരമായിരുന്നു. സിനിമയില്‍ എത്തിയതിന്‍റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആരാധകരുമായുള്ള കിംഗ് ഖാന്‍റെ സല്ലാപം. അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ 'ദീവാന' 1992 ജൂണ്‍ 2നാണ് തിയറ്ററുകളില്‍ എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

താങ്കളുടെ പുതിയ സിനിമകള്‍ എന്ന് റിലീസ് ആവുമെന്ന ചോദ്യത്തിന് പുതിയ റിലീസുകള്‍ ക്ഷമാപൂര്‍വ്വം ചാര്‍ട്ട് ചെയ്യുക എന്നതാണ് വിവേകം എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. പല ചോദ്യങ്ങള്‍ക്കും കുസൃതി നിറഞ്ഞ മറുപടികളും എസ്ആര്‍കെ നല്‍കി. താങ്കളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന ചോദ്യത്തിന് 'മുംബൈയിലെ മഴ പോലെ' എന്നായിരുന്നു പ്രതികരണം. താങ്കളുടെ ആരോഗ്യം എങ്ങനെയിരിക്കുന്നുവെന്ന ചോദ്യത്തിന് 'ജോണ്‍ എബ്രഹാമിനൊപ്പം എത്തില്ലെങ്കിലും തന്‍റേതായ രീതിയില്‍ ആരോഗ്യത്തോടെ ഇരിക്കുന്നു'വെന്ന് മറുപടി. രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. അതിനും നര്‍മ്മം കലര്‍ത്തിയായിരുന്നു കിംഗ് ഖാന്‍റെ മറുപടി. "ഇപ്പോള്‍ അദ്ദേഹത്തെ വിളിച്ച് ഈ അഭ്യര്‍ഥന നടത്താന്‍ ഒരുങ്ങുകയായിരുന്നു, അദ്ദേഹം താമസിച്ചാണ് ഉറങ്ങാറ്" കിംഗ് ഖാന്‍ പറഞ്ഞു.

Scroll to load tweet…

എന്നാല്‍ ഏറ്റവുമധികം ലൈക്കുകളും ഷെയറുകളും ലഭിച്ച ചോദ്യവും ഉത്തരവും ഇതൊന്നുമായിരുന്നില്ല. തമിഴ് സൂപ്പര്‍താരം വിജയ്‍യെക്കുറിച്ച് ഒരു വാക്ക് പറയാമോ എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. 'വെരി കൂള്‍' എന്നായിരുന്നു ഷാരൂഖ് ഖാന്‍റെ മറുപടി. 34,000ല്‍ ഏറെ ലൈക്കുകളും 11,000ല്‍ ഏറെ ഷെയറുകളും ഈ മറുപടി നേടി. 

Scroll to load tweet…

അതേസമയം തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ നിന്ന് ദീര്‍ഘകാല ഇടവേള എടുത്തിരുന്ന ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം 'പത്താന്‍' ആണ്. 2018ല്‍ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷം രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് ദീര്‍ഘമായ ആലോചനകള്‍ക്കുശേഷം അദ്ദേഹം പുതിയൊരു ചിത്രം കമ്മിറ്റ് ചെയ്തത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കിംഗ് ഖാന്‍ സ്ക്രീനിലെത്തുന്ന ചിത്രമായതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ദീപിക പദുകോണ്‍ ആണ് 'പത്താനി'ല്‍ ഷാരൂഖിന്‍റെ നായിക. നേരത്തെ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.