തനിക്ക് ആരുമില്ലെന്നും പറഞ്ഞ് അനാമികയുടെ കണ്ണുകൾ നിറ‍ഞ്ഞു. ഇതുകേട്ട ​ഗിരിജ അവളെ ചേർത്ത് പിടിച്ചു. വർഷങ്ങൾക്കിപ്പുറം മകന്റെ ഭാര്യയാക്കി.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. കഴിഞ്ഞ വർഷം ഇരുവരുടേയും വിവാഹം നടന്നത് വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ​ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ആ നല്ല മനസിനെയും അനാമികയെ സ്വീകരിക്കാൻ കാണിച്ച വിഷ്ണുവിന്റെ മനസിനെയും പ്രശംസിച്ച് മലയാളികൾ ഒന്നടങ്കം രം​ഗത്ത് എത്തിയിരുന്നു.

വിവാഹ ശേഷം അനാമികയും വിഷ്ണുവും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പ്രത്യേകിച്ച് അനാമിക. റീലുകള്‍ ചെയ്യാറുള്ള അനാമിക, ദിവ്യ ഉണ്ണിയുടെ ഛായയുള്ളതിനാലും ശ്രദ്ധനേടി. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെല്ലാം അനാമിക ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഒടുവിൽ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയേയും വരവേറ്റിരിക്കുകയാണ് ഈ ദമ്പതികൾ. രണ്ട് ദിവസം മുൻപാണ് അനാമിക ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. പെൺകുഞ്ഞാണ്. ആശുപത്രിയിൽ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളും ഇവർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മാതാപിതാക്കൾക്ക് ആശംസ അറിയിച്ച് രം​ഗത്ത് എത്തിയതും.

കഴിഞ്ഞ വർഷം ആയിരുന്നു വിഷ്ണു- അനാമിക വിവാഹം. നാല് വർഷം മുൻപ് ആയിരുന്നു ജീവമാതാ കാരുണ്യ ഭവനിൽ അനാമിക എത്തിയത്. അനാമിക കുഞ്ഞായിരുന്നപ്പോള്‍ അമ്മ മരിച്ചിരുന്നു. അച്ഛൻ മറ്റൊരു വിവാഹവും കഴിച്ചു. അമ്മാമ്മയായിരുന്നു അനാമികയെ വളർത്തിയത്. എന്നാൽ അമ്മാമ്മയ്ക്ക് വയ്യാതായതോടെ അനാമികയെ ശിശുക്ഷേമ സമിതി കാരുണ്യ ഭവനത്തിൽ എത്തിക്കുകയായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ടുവന്ന അനാമിക കരയുന്നത് ഉദയ ​ഗിരിജയുടെ ശ്രദ്ധയിൽപ്പെട്ടു. ഒപ്പമുള്ളവരുടെ അമ്മയും അച്ഛനും സ്കൂളിൽ വരുന്നുണ്ടെന്നും തനിക്ക് ആരുമില്ലെന്നും പറഞ്ഞ് അനാമികയുടെ കണ്ണുകൾ നിറ‍ഞ്ഞു. ഇതുകേട്ട ​ഗിരിജ അവളെ ചേർത്ത് പിടിച്ചു. വർഷങ്ങൾക്കിപ്പുറം മകന്റെ ഭാര്യയാക്കി. തനിക്ക് അനാമിക മരുമോളല്ല മകളാണെന്നും മകൻ അവളെ നല്ല പോലെ നോക്കുമെന്ന് ഉറപ്പാണെന്നുമായിരുന്നു അന്ന് ​ഗിരിജ മാധ്യമങ്ങളോട് പറഞ്ഞത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News