സഞ്ജു റണ്ണടിക്കുന്നത് കാണുമ്പോൾ അത് ഞാൻ അടിച്ചത് പോലെയാണ് തോന്നാറുള്ളത്. നമ്മളിൽ പലരും സ്വപ്നം മാത്രം കണ്ട കാര്യങ്ങളാണ് അവൻ മൈതാനത്ത് ചെയ്യുന്നത്. ആ സന്തോഷം കൂടെ നിൽക്കുന്നവർക്കൊപ്പം പങ്കുവെക്കുന്നതാണ് ഏറ്റവും വലിയ സംതൃപ്തിയെന്ന് നിതിൻ ബാബു പറഞ്ഞു.

കോട്ടയം: ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ തകർപ്പൻ പ്രകടനവും ഇന്ത്യയുടെ കിരീടനേട്ടവും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പം ആഘോഷമാക്കി കോട്ടയം പാമ്പാടിയിലെ ഒരു സംരംഭകൻ. ഫെയ ഗാർമെന്‍റ്സ്, ജെആർഎൻ ക്ലോത്തിംഗ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ 37കാരനായ നിതിൻ ബാബു ആണ് തന്‍റെ 82 ജീവനക്കാർക്കായി ആകെ 1.64 ലക്ഷം രൂപ ബോണസായി വിതരണം ചെയ്തത്.

സൂപ്പർ -8ൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റൺസ് നേടി ടീമിന്‍റെ വിജയശിൽപിയായപ്പോൾ 82 ജീവനക്കാർക്ക് 500 രൂപ വീതം ബോണസായി നല്‍കുമെന്ന് നിതിൻ ബാബു പറഞ്ഞിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു 89 റൺസ് അടിച്ചപ്പോൾ ബോണസ് 1,000 രൂപയായി ഉയർത്തി. ഫൈനലില്‍ ന്യൂസിലൻഡിനെതിരെയും സഞ്ജു മിന്നും പ്രകടനം നടത്തിയതോടെ ഓരോ ജീവനക്കാരനും 2,000 രൂപ വീതം ബോണസ് നൽകി. ആകെ 1.64 ലക്ഷം രൂപയാണ് നിതിന്‍ ബാബു ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത്.

ഈ ആഘോഷങ്ങൾക്ക് പിന്നിൽ നിതിന്‍റെ പാതിവഴിയിൽ മുറിഞ്ഞുപോയ ഒരു ക്രിക്കറ്റ് സ്വപ്നമുണ്ട്. പ്ലസ് ടു കാലത്ത് കോട്ടയം ക്രിക്കറ്റ് ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പണമില്ലാത്തതിനാൽ നിതിന് ആ അവസരം വേണ്ടെന്നു വെക്കേണ്ടി വന്നു. പിന്നീട് ബംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്തും ക്രിക്കറ്റ് അക്കാദമിയിലെ ഫീസ് താങ്ങാൻ കഴിയാത്തതിനാൽ കളി ഉപേക്ഷിക്കേണ്ടി വന്നു.

സഞ്ജു റണ്ണടിക്കുന്നത് കാണുമ്പോൾ അത് ഞാൻ അടിച്ചത് പോലെയാണ് തോന്നാറുള്ളത്. നമ്മളിൽ പലരും സ്വപ്നം മാത്രം കണ്ട കാര്യങ്ങളാണ് അവൻ മൈതാനത്ത് ചെയ്യുന്നത്. ആ സന്തോഷം കൂടെ നിൽക്കുന്നവർക്കൊപ്പം പങ്കുവെക്കുന്നതാണ് ഏറ്റവും വലിയ സംതൃപ്തിയെന്ന് നിതിൻ ബാബു പറഞ്ഞു.

തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ച് ഭാര്യ ബ്ലെസിക്കൊപ്പം പാമ്പാടിയിൽ തുടങ്ങിയ ചെറിയ വസ്ത്രവ്യാപാര സ്ഥാപനം ഇന്ന് 30 കോടി വാർഷിക വിറ്റുവരവുള്ള വലിയ സംരംഭമായി വളർന്നിരിക്കുന്നു. ബിസിനസിൽ തിരക്കായെങ്കിലും സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ഇന്നും നിതിൻ പാഡും ഗ്ലൗസും ധരിച്ച് ബാറ്റ് അടുത്തുവെച്ച് ടിവിക്ക് മുന്നിലിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക