നടി വീണ നായർ ഭർത്താവുമായുള്ള വേർപിരിയലിന് കാരണം ബിഗ് ബോസ് ഷോ അല്ലെന്ന് വെളിപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും, ഷോയിലെ പ്രസ്താവനകൾ ഒരു ഘടകമായിട്ടില്ലെന്നും വീണ നായര്‍ വ്യക്തമാക്കി. 

കാലങ്ങളായി മലയാള സിനിമയിലും ടെലിവിഷനിലും സജീവ സാന്നിധ്യമായി നിൽക്കുന്ന ആളാണ് വീണ നായർ. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണയെ മലയാളികൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്. ആർ ജെ അമൻ ആണ് വീണയുടെ ഭർത്താവ്. ഏതാനും നാളുകൾക്ക് മുൻപ് ഇവർ വേർപിരിഞ്ഞിരുന്നു. അമൻ രണ്ടാമതും വിവാഹിതനാകുകയും ചെയ്തു. ഇവർ തമ്മിലുള്ള പ്രശ്നത്തിന് കാരണം ബി​ഗ് ബോസ് ഷോ ആണെന്ന പ്രചരണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാൽ ഷോ അല്ല പിരിയാൻ കാരണമെന്നും വ്യക്തിപരമായ കാര്യങ്ങളാണെന്നും പറയുകയാണ് വീണ.

"ആരെങ്കിലും ഡിവോഴ്സ് ചെയ്യാൻ വേണ്ടി കല്യാണം കഴിക്കുമോ ? നമ്മൾ അത്രത്തോളം സ്നേഹിച്ചും സ്വപ്നം കണ്ടിട്ടുമല്ലേ കല്യാണം കഴിക്കണേ. പിന്നെ ഭാവിയിൽ നമ്മുടെ പ്രശ്നവും തലയിലെഴുത്തും കൊണ്ട് പ്രശ്നങ്ങളുണ്ടാകുന്നു. പക്ഷേ ലൈഫിൽ ഇഷ്ടപ്പെട്ട് ഒരാളെ വേണ്ടെന്ന തീരുമാനത്തിൽ എത്തുന്നുണ്ടെങ്കിൽ നമ്മൾ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും. ഞാനിപ്പോൾ കരഞ്ഞാൽ, 'ഓ നിന്റെ കരച്ചിലൊക്കെ ഞങ്ങൾ ബി​ഗ് ബോസിൽ കണ്ടതാ' എന്നെ പറയൂ. ഈ പറയുന്നതൊന്നും ഇപ്പോഴെന്നെ ലവലേശം ബാധിക്കില്ല. ബി​ഗ് ബോസ് കാരണമല്ല എന്റെ ജീവിതത്തിൽ പ്രശ്നമുണ്ടായത്. അങ്ങനെ ഒരു തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ട്. ഞങ്ങൾ പിരിയാൻ കാരണം ബി​ഗ് ബോസ് അല്ല. ഷോയിൽ ഞാൻ പറഞ്ഞ സ്റ്റേറ്റ്മെന്റ് കാരണം എന്നെ വേണ്ടെന്ന് വയ്ക്കാൻ മാത്രം അമ്പാടിയുടെ അച്ഛൻ മോശമല്ല. അയാള് നല്ല ജെന്റിൽമാൻ ആണ്. നല്ല മനുഷ്യനാണ്. ഞങ്ങളുടെ പ്രശ്നമെ വേറെ ആണ്. കുറേ കാര്യങ്ങളുണ്ട്. കണ്ണനോട് എനിക്ക് അത്രയും ഇഷ്ടമാണ്. പക്ഷേ മുന്നോട്ട് ഭാര്യാഭർത്താക്കന്മാരായി പറ്റില്ല. അത്രയെ ഉള്ളൂ", എന്ന് വീണ പറയുന്നു.

"ഒരുപക്ഷേ ഇപ്പോഴാണ് കല്യാണം നടന്നിരുന്നതെങ്കിലും ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. എനിക്ക് അറിയാവുന്ന പിള്ളാരോട് പറയും ദയവ് ചെയ്ത് 30 വയസൊക്കെ ആവുമ്പോഴെ കല്യാണം കഴിക്കാവൂ എന്ന്. നമുക്കൊരു പക്വത വരാൻ ആ സമയമെടുക്കും. ചില കാര്യങ്ങളിൽ വകതിരിവ് വരാൻ സമയമെടുക്കും. പക്ഷേ ഞാൻ ഹാപ്പിയാണ്", എന്നും വീണ കൂട്ടിച്ചേർത്തു. മോളിവുഡ് മൈക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു വീണയുടെ പ്രതികരണം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്