ബാറ്റിങ്ങിനേയും ബൗളിങ്ങിനേയും ഏറെക്കുറെ സന്തുലിതമായി തുണച്ച ലോര്‍ഡ്‌സിലെ വിക്കറ്റില്‍ ആദ്യ നാല് ദിവസം ഇന്ത്യയേയും ഇംഗ്ലണ്ടിനേയും വേര്‍തിരിച്ചത് കൃത്യത എന്ന വാക്കാണ്

70 വര്‍ഷമായി ഇത്തരമൊരു പ്രതിഭാസം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സംഭവിച്ചിട്ട്. ഗ്ലെൻ മഗ്രാത്ത്-ബ്രെറ്റ് ലീ-ജേസൺ ഗില്ലെസ്പി, അലൻ ഡൊണാള്‍ഡ്-ഷോണ്‍ പൊള്ളോക്ക്-എൻടിനി, വസിം അക്രം-ഇമ്രാൻ ഖാൻ-വഖാ‍ര്‍ യൂനുസ്, ആൻഡി റോബേര്‍ട്ട്‌സ്-ഹോള്‍ഡിങ്-ഗാർണർ...ഇങ്ങനെ ഇതിഹാസ ബൗള‍ര്‍മാര്‍ നയിച്ച ഒരു ബൗളിങ് നിരയ്ക്കും സാധിക്കാതെ പോയ ഒന്ന് ജസ്പ്രിത് ബുംറയും സംഘവും ലോര്‍ഡ്‌സില്‍ നേടിയെടുത്തു. ഒറ്റ മത്സരത്തില്‍ എതിര്‍ നിരയിലെ 12 ബാറ്റര്‍മാരെ ബൗള്‍ഡാക്കിയിരിക്കുന്നു. ക്രിക്കറ്റിന്റെ മെക്കയില്‍ 20 വിക്കറ്റെടുക്കാൻ കഴിയുമോയെന്ന ചോദ്യത്തിന് ഇന്ത്യൻ ബൗളര്‍മാര്‍ ഉത്തരം നല്‍കിയത് ചരിത്രത്തിലൂടെയായിരുന്നു.

ബാറ്റിങ്ങിനേയും ബൗളിങ്ങിനേയും ഏറെക്കുറെ സന്തുലിതമായി തുണച്ച ലോര്‍ഡ്‌സിലെ വിക്കറ്റില്‍ ആദ്യ നാല് ദിവസം ഇന്ത്യയേയും ഇംഗ്ലണ്ടിനേയും വേര്‍തിരിച്ചത് കൃത്യത എന്ന വാക്കാണ്. 12 ബൗള്‍ഡും ഒരു എല്‍ബിഡബ്ല്യുവും ഉള്‍പ്പെടെ 13 വിക്കറ്റുകളാണ് സ്റ്റമ്പ് ലക്ഷ്യമാക്കിയുള്ള പന്തുകളില്‍ നിന്ന് ഇന്ത്യൻ ബൗളര്‍മാര്‍ നേടിയത്. ഇതില്‍ ആറും സംഭാവന ചെയ്തത് ബുംറയുടെ കൈകളാണ്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 11 ശതമാനം പന്തുകളാണ് സ്റ്റമ്പ് ലൈനില്‍ എറിഞ്ഞതെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ഇത് ഇരട്ടിയാക്കി ഉയര്‍ത്തി.

ഇതിന്റെ ഫലമായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോര്‍ 192ലേക്ക് ഒതുങ്ങിയതും. ബുംറ എന്ന പേരിലേക്ക് ചുരുങ്ങി തുടങ്ങിയിരുന്ന ഇന്ത്യയുടെ ബൗളിങ് നിര ഇംഗ്ലീഷ് മണ്ണില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയില്‍ ബുംറയുടെ കൈകളായിരുന്നു രോഹിത് ശ‍ര്‍മയുടേയും സംഘത്തിന്റേയും വിജയപരാജയങ്ങളെ നിശ്ചയിച്ചത്. ആൻഡേഴ്‌സണ്‍ - ടെൻഡുല്‍ക്ക‍ര്‍ ട്രോഫിയില്‍ ഇത് ആവര്‍ത്തിക്കുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ വിധിച്ചെങ്കിലും സിറാജും ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും ജഡേജയുമെല്ലാം ചേ‍ര്‍ന്ന് അത് മറികടന്നു.

നാല് ബാറ്റര്‍മാരെയാണ് സുന്ദർ ബൗള്‍ഡാക്കിയത്. സിറാജ് രണ്ടും ആകാശ് ഒന്നും ഇംഗ്ലണ്ട് താരങ്ങളെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ലോര്‍‍ഡ്‌സിലെ നാലാം ദിനത്തിലെ രണ്ടാം സെഷൻ തന്നെയെടുക്കാം. ജോ റൂട്ടും ബെൻ സ്റ്റോക്ക്‌‍സും ക്രീസില്‍. ബുംറയും സിറാജും നിരന്തരം ഇരുവരേയും പരീക്ഷിക്കുകയാണ്. റൂട്ട് എങ്ങനെ നാലാം ദിനത്തിലെ ആദ്യ സെഷൻ അതിജീവിച്ചുവെന്നത് അത്ഭുതം പോലെയാണ് തോന്നുന്നത്. മൂന്നിലധികം തവണ ഇൻസൈഡ് എഡ്‌ജുകള്‍, വിക്കറ്റിലെ അണ്‍ ഈവൻ ബൗണ്‍സും മൂവ്മെന്റും ഇംഗ്ലണ്ട് ഗ്രേറ്റിനെ വലച്ചു.

സുന്ദറിനെ രണ്ടാം സെഷന് ഗില്‍ അവതരിപ്പിക്കും മുൻപ് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നുണ്ടായ ഫാള്‍സ് ഷോട്ടില്‍ 40 ശതമാനവും സൃഷ്ടിച്ചത് ബുംറയായിരുന്നു. സിറാജ് 33, ആകാശ് ദീപ് 20, നിതീഷ് കുമാര്‍ 16 എന്നിങ്ങനെയാണ് മറ്റ് പേസര്‍മാരുടെ കണക്കുകള്‍. ഇംഗ്ലണ്ട് ബാറ്റ‍‍ര്‍മാര്‍ക്ക് രണ്ടാം ഇന്നിങ്സ് എത്രത്തോളം ഇന്ത്യയുടെ പേസര്‍മാര്‍ കഠിനമാക്കിയെന്നതിന്റെ കണക്കുകളാണ് ഈ പറഞ്ഞത്. പക്ഷേ, പ്രതീക്ഷിച്ച വേഗത്തില്‍ വിക്കറ്റുകള്‍ നേടാൻ ഇന്ത്യയ്ക്കായില്ല എന്നത് മാത്രമാണ് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത്.

എന്നാല്‍, സുന്ദറിന്റെ വരവോടെ അത് തിരുത്തപ്പെടുകയായിരുന്നു. ലോര്‍ഡ്‌സിലെ വിക്കറ്റില്‍ വലിയ ഇന്നിങ്സുകള്‍ ശീലമാക്കിയ റൂട്ടിന് പിഴച്ചത് സ്വീപ്പ് ഷോട്ടിലായിരുന്നു. ലീഡ്‌സിലെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുകളില്‍ കൃത്യമായി പ്രയോഗിച്ച തന്ത്രം ലോര്‍ഡ്‌സില്‍ ആവര്‍ത്തിക്കാനായില്ല. ലെഗ് സ്റ്റമ്പ് ഓപ്പണാക്കി സ്വീപ്പിന് ശ്രമിച്ച റൂട്ട് ബൗള്‍ഡാവുകയായിരുന്നു. ഇംഗ്ലണ്ട് നിരയിലെ ഏറ്റവും മികച്ച ഫോമിലുള്ള ജേമി സ്മിത്തിനെ കുടുക്കിയത് സുന്ദറിന്റെ ടേണായിരുന്നില്ല. മറിച്ച് ഡ്രിഫ്റ്റ് ചെയ്തെത്തിയ വേഗംകൂടിയ പന്തായിരുന്നു. പന്ത് ജഡ്‌ജ് ചെയ്യുന്നതില്‍ പിഴച്ച സ്മിത്തിന്റെ ഓഫ് സ്റ്റമ്പ് തെറിക്കുകയായിരുന്നു.

സ്ലോഗ് സ്വീപ്പായിരുന്നു സ്റ്റോക്ക്‌സിന്റെ പ്രതിരോധം തകര്‍ത്തത്. ഓഫ് സ്റ്റമ്പ് ലൈനില്‍ പിച്ച് ചെയ്ത പന്ത് മിഡിലിന്റെ ലെഗ് സ്റ്റമ്പിന്റേയും ഇടയിലാണ് പതിച്ചത്. വിക്കറ്റിലെ പാച്ചസില്ലാത്ത ഹാര്‍ഡ് പോയിന്റിലാണ് പന്ത് പിച്ച് ചെയ്തതെന്നതും സുന്ദറിന്റെ മികവിനെ ചൂണ്ടിക്കാണിക്കുന്നു. ലോര്‍‍ഡ്‌സില്‍ പന്തെടുത്ത എല്ലാവരും വിക്കറ്റ് കോളത്തില്‍ ഇടം പിടിക്കുകയും ചെയ്തുവെന്നതും ഇന്ത്യയെ സംബന്ധിച്ച് ആശങ്ക നീക്കുന്നതാണ്. പ്രത്യേകിച്ചും വരും മത്സരങ്ങള്‍ നി‍ര്‍ണായകമാകുന്ന പശ്ചാത്തലത്തില്‍.