നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഒരു നീളൻ മുടിക്കാരൻ നമുക്കായി പിറവികൊണ്ടെന്ന് ഇന്ത്യയിലെ തെരുവുകളുടെ മുക്കും മൂലയും മന്ത്രിച്ച ദിവസം. അതൊരു ഒന്നൊന്നര ഫൈനലായിരുന്നു

ജോഹന്നാസ്‌ബര്‍ഗ്, ആ മണ്ണിലാണ് പോര്‍ട്ട് ഓഫ് സ്പെയിനിലെ ദുഖത്തില്‍ നിന്ന് ഇന്ത്യ ലോകം വെട്ടിപ്പിടിക്കുന്നത്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഒരു നീളൻ മുടിക്കാരൻ നമുക്കായി പിറവികൊണ്ടെന്ന് ഇന്ത്യയിലെ തെരുവുകളുടെ മുക്കും മൂലയും മന്ത്രിച്ച ദിവസം. മിസബയുടെ ബാറ്റ് വര്‍ഷിച്ച ഭയം. ഒടുവില്‍ ശ്രീശാന്തിന്റെ ചോരാത്ത കൈകള്‍ ജനകോടികളുടെ വിശ്വാസത്തെ മുറുകെപിടിച്ച് ആകാശത്തേക്ക് തിരിച്ചയച്ച ആ നിമിഷത്തിന് ഇന്ന് മധുരപതിനെട്ടാണ്. The match that changed cricket forever!

അമ്മയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് ലോകത്തോടുള്ള പരിചയം മാത്രമായിരുന്നു ട്വന്റി 20യില്‍ ഇന്ത്യക്ക് അന്നുണ്ടായിരുന്നത്. കൈപിടിച്ചു നയിച്ച ഇതിഹാസങ്ങളില്ലാതെ നെല്‍സണ്‍ മണ്ഡേലയുടെ നാട്ടിലേക്ക് വണ്ടികയറുമ്പോള്‍ മഹേന്ദ്ര സിങ് ധോണിയുടെ ആ യുവസംഘത്തില്‍ ആരും വിശ്വസിച്ചിരുന്നില്ല. സെമി ഫൈനലില്‍ എന്നും ദുസ്വപ്നങ്ങള്‍ മാത്രം സമ്മാനിച്ചിട്ടുള്ള ഓസ്ട്രേലിയയെ ആധികാരികമായി കീഴടക്കുന്ന ആ രാത്രി എല്ലാം മാറിമറിയുകയായിരുന്നു.

നട്ടെല്ലായി ഗംഭീർ

സെപ്തംബർ 24, 2007. വാണ്ടറേഴ്‌സിലെ ആ തിങ്കളാഴ്ച നാണയഭാഗ്യം ധോണിക്കൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുക്കാൻ ധോണിക്ക് ആലോചനയുടെ ആവശ്യമില്ലായിരുന്നു. കാരണം സ്കോർ പ്രതിരോധിക്കുക എന്നത് അയാളുടെ കളമായി മാറിയിരുന്നു. ടൂർണമെന്റിലുടനീളം ജയിച്ച എല്ലാ മത്സരങ്ങളിലും അതുതന്നെയായിരുന്നു തന്ത്രവും. പരുക്കുമൂലം സേവാഗില്ലാതെയിറങ്ങിയ ആ ദിവസം, യൂസഫ് പത്താനായിരുന്നു അതിവേഗത്തുടക്കം നല്‍കാൻ നിയോഗിക്കപ്പെട്ടത്, ഒപ്പം ഗംഭീറും.

ഒരു സിക്സും ഫോറും പായിച്ച് നന്നേ തുടങ്ങിയ പത്താന് അധികമായുസുണ്ടായില്ല. മൂന്നാം ഓവറില്‍ ആസിഫ് മടക്കി. മൂന്നാമനായി എത്തിയ ഉത്തപ്പയുടേയും ദിവസമായിരുന്നില്ല അത്. പക്ഷേ, എന്നത്തേയും പോലെ ഗൗതം ഗംഭീറിന്റെ ബാറ്റ് ഇന്ത്യയ്ക്കായി വേരുറപ്പിക്കുകയാണ്. എതിര്‍ബോളര്‍മാരെ തല്ലിച്ചതച്ച് മാത്രം ശീലിച്ച യുവരാജിന്റെ ഇന്നിങ്സ് ഒരുഘട്ടത്തിലും ടേക്ക് ഓഫ് സംഭവിക്കാതെ തുടരുമ്പോഴും ഗംഭീര്‍ ആ ഉത്തരവാദിത്തം കൂടി തന്റെ ചുമലിലേറ്റി.

38 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി. കിതച്ച് മടങ്ങി യുവിയും കാലിടറിയ ധോണിക്കും ശേഷമെത്തിയ ആ യുവതാരമായിരുന്നു പാക്കിസ്ഥാൻ ബൗളര്‍മാര്‍ക്ക് മുകളില്‍ തീകോരിയിട്ടത്, രോഹിത് ശ‍ര്‍മ. ഇന്ന് ആദ്യ ഓവറുകളില്‍ കാണുന്ന രോഹിതായിരുന്നു അന്ന് അവസാന ഓവറുകളില്‍ കണ്ടത്. ഉമര്‍ ഗുല്ലിനെ ലെഗ് സൈഡിലൂടെ സിക്സ‍ര്‍ പായിച്ച് ശേഷം 18-ാം ഓവറില്‍ ഗംഭീറിന്റെ ഇന്നിങ്സ് അവസാനിക്കുകയാണ്, 54 പന്തില്‍ 75 റണ്‍സ്.

അറഫാത്തിനെ 19-ാം ഓവറില്‍ തുടരെ രണ്ട് തവണ റോപ്പ് കടത്തിയും അവസാന ഓവറില്‍ തൻവീറിനെ മിഡ്‌വിക്കറ്റിനപ്പുറം നിക്ഷേപിച്ചും രോഹിത് ഇന്ത്യൻ സ്കോര്‍ 157ലെത്തിച്ചു. 16 പന്തില്‍ 30 റണ്‍സുമായി രോഹിത്. മൂന്ന് വിക്കറ്റ് നേടിയ ഗുല്ലായിരുന്നു ഇന്ത്യയുടെ സ്കോറിങ്ങിന് തടയിട്ടത്. ഇന്ത്യയുടെ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ പാക് ക്യാമ്പില്‍ ആത്മവിശ്വാസം നിറഞ്ഞ് കവിയുന്നുണ്ടായിരുന്നു, എവിടെയൊക്കെയെ അവരാ കിരീടം കിനാവ് കണ്ട് തുടങ്ങിയിരുന്നു.

ത്രില്ലര്‍ സിനിമ പോലെ രണ്ടാം പകുതി

റുദ്ര പ്രതാപ് സിങ്. അയാളന്നൊരു സ്വിങ് മാന്ത്രികനാകുകയായിരുന്നു. മുഹമ്മദ് ഹഫീസിനെ ഉത്തപ്പയുടെ കൈകളിലെത്തിച്ച് ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നല്‍കി. രണ്ടാം ഓവറില്‍ വാണ്ടറേഴ്‌സിന്റെ എല്ലാ കോണിലേക്കും ശ്രീശാന്തിന്റ പന്തുകള്‍ ഇമ്രാൻ നസീറിന്റെ ബാറ്റില്‍ പായുകയായിരുന്നു, 21 റണ്‍സ്. മൂന്നാം നമ്പറില്‍ കമ്രാൻ അക്മലിനെ പരീക്ഷിച്ച പാക് തന്ത്രം സ്റ്റമ്പുകള്‍ മൈതാനത്ത് പതിപ്പിച്ചായിരുന്നു ആ‍ര്‍പിസിങ് തിരുത്തിയത്.

ആദ്യ ഓവറിന്റെ ക്ഷീണം പവര്‍പ്ലേയിലെ മറ്റ് രണ്ട് ഓവറുകളിലൂടെ ശ്രീശാന്ത് മാറ്റിയെടുത്തു. പിന്നീട് വഴങ്ങിയത് ഒൻപത് റണ്‍സ്. ഉത്തപ്പയുടെ ഡയറക്റ്റ് ത്രോ ഇമ്രാൻ ചുഴലിയേയും ശമിപ്പിച്ചതോടെ പവര്‍പ്ലേയില്‍ പാക്കിസ്ഥാൻ 53-3. 14 പന്തില്‍ 33 റണ്‍സായിരുന്നു ഇമ്രാന്റെ നേട്ടം. ഇ‍ര്‍ഫാനും ജോഗിന്ദര്‍ ശര്‍മയും ചേര്‍ന്ന് മധ്യ ഓവറുകളില്‍ പാക്കിസ്ഥാനെ വരിഞ്ഞ് മുറുകി. പത്താൻ നാല് ഓവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍, ജോഗിന്ദര്‍ മൂന്ന് ഓവറില്‍ 13 റണ്‍സിന് രണ്ടും.

16 ഓവറില്‍ പാക്കിസ്ഥാൻ 104-6. പക്ഷേ, ധോണിപ്പടയ്ക്ക് മുകളിലേക്ക് മിസബയുടെ പോരാട്ടവീര്യം വര്‍ഷിക്കുകയായിരുന്നു പിന്നീട്. ഹര്‍ഭജൻ എറിഞ്ഞ 17-ാം ഓവറില്‍ മിസബ പറത്തിയ മൂന്ന് സിക്സറുകള്‍ക്കും പിന്നാലെ പന്തെടുത്ത ശ്രീശാന്തിന്റെ ഓവറില്‍ തൻവീറിന്റെ രണ്ട് കൂറ്റനടികളും കോരിയിട്ട തീയ്ക്ക് അളവില്ല. രണ്ട് ഓവറില്‍ പാക്കിസ്ഥാന് ജയിക്കാൻ 20 റണ്‍സ്. ഒരിക്കല്‍ക്കൂടി ആ‍ര്‍ പി സിങ്, അവതരിച്ചു. ഇരുടീമുകള്‍ക്കും കിരീടത്തിനുമിടയില്‍ ആറ് പന്തുകളും 13 റണ്‍സും.

ജോഗിന്ദര്‍, ഹി വാസ് ദ മാൻ. ആദ്യ പന്ത് വൈഡ്, രണ്ടാം പന്ത് ഡോട്ട്. സമ്മര്‍ദം വലിഞ്ഞ് മുറുകിയ മൂന്നാം പന്തൊരു ഫുള്‍ ടോസായിരുന്നു. ആകാശത്തേക്ക് മിസബയുടെ ബാറ്റില്‍ നിന്ന് മൂളി ഉയര്‍ന്ന പന്ത് പാക്ക് ആരാധകരുടെ ആവേശം ഇരട്ടിക്കുകയും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മുകളിലെ കാര്‍മേഘവുമായി. നാല് പന്തില്‍ ആറ് റണ്‍സ് ജയിക്കാൻ. പാക്കിസ്ഥാന് അനുകൂലമാണ് എല്ലാ ഘടകങ്ങളും. ധോണി തന്റെ അവസാന വട്ട വലവിരിക്കുകയാണ്.

ശ്രീശാന്തിനെ ഷോര്‍ട്ട് ഫൈൻ ലെഗിലേക്ക് എത്തിക്കുന്നു. ജോഗിന്ദറിന്റെ നാലാം പന്ത് മിസബയുടെ സ്റ്റമ്പിനെ ലക്ഷ്യമാക്കിയായിരുന്നു. ചുവടുമാറി അയാളൊരു സ്കൂപ്പ് ഷോട്ടിന് ശ്രമിച്ചു. ഫൈൻ ലെഗിലുള്ള ശ്രീശാന്തിനെ താണ്ടിയാല്‍ ജയമാണ്. പക്ഷേ, മിസബയുടെ കണക്കുകൂട്ടലിനൊത്ത പേസ് ആ പന്തിനുണ്ടായിരുന്നില്ല. കമന്ററി ബോക്സിലിരുന്ന രവി ശാന്ത്രിയുടെ ശബ്ദം, ഇൻ ദി എയര്‍, ആൻഡ് ശ്രീശാന്ത് ടേക്ക്‌സ് ഇറ്റ്. ബാറ്റിന്റെ ഹാൻഡിലില്‍ തലകുനി നിരാശയോടെ മിസബയിരിക്കുമ്പോള്‍, ഇന്ത്യൻ താരങ്ങള്‍ മൈതാനം കീഴടക്കുകയായിരുന്നു.

എന്തൊരു കാഴ്ചയായിരുന്നു അത്, വായുവിലേക്ക് പഞ്ച് ചെയ്യുന്ന ധോണി. സ്റ്റമ്പുമായി പായുന്ന യൂസഫ് പത്താനും ഉത്തപ്പയും ഹര്‍ഭജനും. പുതുയുഗപ്പിറവി. ഇന്ത്യ ജയിച്ചു പാക്കിസ്ഥാൻ പരാജയപ്പെട്ടു എന്നതായിരുന്നില്ല. മറിച്ച് ക്രിക്കറ്റിന്റെ ഭാവിയെ മാറ്റി മറിക്കുന്ന ഒരു ദിവസമായിരുന്നു അത്.