34 പന്തുകള്‍, 11 സിക്സ്, ഒൻപത് ഫോര്‍. സ്ട്രൈക്ക് റേറ്റ് 317. കഴിഞ്ഞ ആറ് മാസത്തോളമായി തനിക്കെതിരെ ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയാൻ അഭിഷേക് തിരഞ്ഞെടുത്ത ദിനം

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു. കാരണം, എല്ലാവരുടേയും പ്രതീക്ഷയില്‍ ആ 15 വയസുകാരന് ഇടമുണ്ടായിരുന്നു, വൈഭവ് സൂര്യവംശി. അവൻ അഫ്ഗാൻ ബൗളര്‍മാരെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ അതിര്‍ത്തി കടത്തുന്നത് കാണണമായിരുന്നു അവര്‍ക്ക്...

എന്നാല്‍ ഗൗതം ഗംഭീറും ശ്രേയസ് അയ്യരും ഓപ്പണിങ്ങ് കൂട്ടുകെട്ട് തുടരട്ടെ എന്ന നിലപാടിലായിരുന്നു. ഇടം കയ്യൻ ബാറ്ററായി അയാള്‍ മതിയെന്ന്. ഏത് അയാള്‍.

ഫെബ്രുവരി ഏഴ്, 2026. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന്റെ സംഘത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററുടെ ബാറ്റ് നിശബ്ദമായി തുടങ്ങിയ ശനിയാഴ്ച. അന്ന് മുതല്‍ സെപ്തംബര്‍ വരെ ആ പേരിന് ചുറ്റും വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഓഫ് സ്പിൻ ട്രാപ്പില്‍ നിരന്തരം വീഴുന്നു, ഒപ്പം ഇൻകണ്‍സിസ്റ്റൻസി, രണ്ടക്കം പോലും കടക്കാനാകാതെയുള്ള സ്ട്രഗിള്‍, സഞ്ജു സാംസണിനെ തഴയുമ്പോള്‍ എന്തുകൊണ്ട് അയാള്‍ക്ക് അത് ബാധകമാകുന്നില്ല എന്ന ആശയക്കുഴപ്പം...

ഒരിക്കല്‍പ്പോലും ആ പേരിനെ തള്ളിപ്പറയാൻ ടീം മാനേജ്മെന്റ് തയാറായിട്ടേയില്ല, ആ പേരിന് എന്താണിത്ര പ്രത്യേകതയെന്ന ചോദ്യത്തിന്റെ ശബ്ദമേറിക്കോണ്ടേയിരുന്നു...

അതിന് ഉത്തരം തേടിയവര്‍ക്കായി ഒരു നിമിഷം. സെപ്തംബര്‍ 17, രാത്രി 8.17. നിങ്ങള്‍ക്ക് അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് നോക്കം. അവിടെ നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയിലെ ഓരോരുത്തരും അയാള്‍ക്കായി എഴുന്നേറ്റ് നില്‍ക്കുന്നതായി കാണാം. ആ ജനാരവത്തിന്റെ നടുവില്‍ പെയ്തവസാനിച്ചൊരു പേമാരിപോലെ അയാള്‍ നടന്നുനീങ്ങുന്നുണ്ട്...അഭിഷേക് ശര്‍മ.

34 പന്തുകള്‍, 11 സിക്സ്, ഒൻപത് ഫോര്‍. സ്ട്രൈക്ക് റേറ്റ് 317. കഴിഞ്ഞ ആറ് മാസത്തോളമായി തനിക്കെതിരെ ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയാൻ അഭിഷേക് തിരഞ്ഞെടുത്ത ദിനം.

ഡിഫൻസീവ് ഷോട്ടില്‍ ആരംഭം. ശേഷം ഫസല്‍ഹഖ് ഫറൂഖിയുടെ ഹാഫ് വോളിയില്‍ എക്സ്ട്രാ കവറിന് മുകളിലൂടെ ബൗണ്ടറി. അസ്മത്തുള്ള ഒമര്‍സായിയെ വരവേറ്റത് രണ്ട് സിക്സും ഒരു ഫോറും നല്‍കിയാണ്, ക്രീസുവിട്ടിറങ്ങി സ്വീപ്പര്‍ കവറിന് മുകളിലൂടെയുള്ള ക്ലാസിക്ക് അഭിഷേക് ഷോട്ടും ഉള്‍പ്പെട്ടു.

ഫറൂഖിയുടെ രണ്ടാം വരവില്‍ നേരിട്ട ആദ്യ പന്ത് ലോഫ്റ്റ് ചെയ്ത് സൈറ്റ് സ്ക്രീനിനപ്പറും, ടൈമിങ് ആൻഡ് എക്സിക്യൂഷന്റെ ഉദാഹരണമെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞുവെച്ചു. 22 റണ്‍സാണ് ഫറൂഖിയുടെ രണ്ടാം ഓവറില്‍ അഭിഷേക് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്.

ഇബ്രാഹിം സദ്രാന് സ്പിന്നിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല. ഓഫ് സ്പിന്നറായ മുജീബ് ഉര്‍ റഹ്മാനായിരുന്നു ആദ്യം, ശേഷം മുഹമ്മദ് നബി. മൂന്നാമനായി റാഷിദ് ഖാൻ. മൂന്ന് ഓവറില്‍ സഞ്ജു - അഭിഷേക് സഖ്യം നേടിയത് 55 റണ്‍സ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 100ലെത്തിച്ചു അഭിഷേക്, ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യ ആദ്യമായാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. 22 പന്തില്‍ 76 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്ററുടെ സംഭാവന. ഇൻസെയിൻ ഹിറ്റിങ്ങ് എന്നൊക്കെ പറയാം, ബാറ്റ് സ്വിങ്ങ്, ടൈമിങ് - ഇറ്റ് വാസ് പെര്‍ഫെക്റ്റ്.

അഭിഷേകിന്റെ ഇന്നിങ്സിന് വളമായത് സഞ്ജുവിന്റെ സ്ട്രൈക്ക് കൈമാറ്റങ്ങളായിരുന്നു. ടോപ് ഫോമിലുള്ള ഒരു താരത്തിന് എങ്ങനെ ഒരു ബാറ്റിങ് പാര്‍ട്ടണര്‍ പിന്തുണ നല്‍കണമെന്നതിന്റെ ഉദാഹരണമാകുകയായിരുന്നു സഞ്ജു. തനിക്ക് ഡൊമിനേറ്റ് ചെയ്യാൻ കഴിയുന്ന പന്തുകളില്‍പ്പോലും സഞ്ജു സിംഗിള്‍ എടുക്കാൻ തയാറാകുകയായിരുന്നു.

പവര്‍പ്ലേ പൂര്‍ണമാകുമ്പോള്‍ അറിയേണ്ടത് ഒന്ന് മാത്രമായിരുന്നു, രോഹിത് ശര്‍മയുടെ ആ റെക്കോര്‍ഡ് തകരുമോയെന്ന്. 35 പന്തില്‍ നേടിയ ആ സെഞ്ചുറി. രണ്ട് ഓവറിനപ്പുറം അബ്ദുള്ള അഹമ്മദ്സായിയുടെ പന്ത് ലോങ് ഓഫിലേക്ക് പറഞ്ഞയച്ച് അഭിഷേക് രോഹിതിന്റെ പേര് റെക്കോര്‍ഡ് പുസ്തകങ്ങളില്‍ തിരുത്തി. 30-ാം പന്തില്‍ മൂന്നക്കം. ഒരു ടെസ്റ്റ് പ്ലെയിങ് നേഷൻ താരത്തിന്റെ ഏറ്റവും വേഗമേറിയത്. ശേഷം ഹെല്‍മെറ്റൂരി വിക്കറ്റില്‍ മെഡിറ്റേഷൻ പോസില്‍ ഒരു ഇരിപ്പുണ്ടായിരുന്നു.

ഓഫ് സ്പിന്നര്‍മാരാണ് അഭിഷേകിന്റെ പ്രധാനവെല്ലുവിളിയെന്ന വിമര്‍ശനമുണ്ടായിരുന്നു, ഇതും പഴങ്കഥയാകുകയാണ്. മുജീബിനെതിരെ അഞ്ച് പന്തില്‍ 17 റണ്‍സ്. മുഹമ്മദ് നബിക്കെതിരെ മൂന്ന് പന്തില്‍ 16 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 533 ആയിരുന്നു നബിക്കെതിരെ. റാഷിദ് ഖാന് പോലും രക്ഷയുണ്ടായില്ല ഡല്‍ഹിയില്‍. അഭിഷേക് നേരിട്ട ബൗളര്‍മാരിര്‍ സ്ട്രൈക്ക് റേറ്റ് മൂന്നൂറില്‍ താഴെ ഉണ്ടായിരുന്നത് അഹമ്മദ്സായിക്ക് മാത്രമായിരുന്നു, അതും 200 ആയിരുന്നുവെന്ന് ഓര്‍ക്കണം. സ്കോറില്‍ 94 ശതമാനം റണ്‍സും ബൗണ്ടറിയില്‍ നിന്ന് മാത്രം.

സഞ്ജുവും അഭിഷേകും തുടരും...വൈഭവ് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും...