തിരുത്തലുകള്‍ക്ക് പഞ്ചാബ് തയാറാകുമെന്നാണ് ശ്രേയസ് വ്യക്തമാക്കിയിരിക്കുന്ന്. പ്രത്യേകിച്ചും ബാറ്റിങ് നിരയില്‍ നിന്നുള്ള ഉത്തരവാദിത്തബോധം
നീണ്ട ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. അതിന് അവസാനമിട്ട് ശ്രേയസോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം, ക്വാളിഫയര്‍ ഒന്നിന് യോഗ്യത. ബാറ്റര്‍മാര്‍ മുന്നില്‍ വന്ന ബൗളര്‍മാരെയെല്ലാം ഗ്യാലറികളില്‍ നിക്ഷേപിച്ച സീസണ്‍. അണ്‍ക്യാപ്‌ഡ് താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ചുവടുപിഴയ്ക്കാത്ത സംഘം. സ്വപ്നസാക്ഷാത്കാരമെന്നവണ്ണം ഫൈനലിലേക്കുള്ള ചുവടുവെപ്പിന് കളമൊരുങ്ങിയത് സ്വന്തം മൈതാനത്ത്. എന്തുകൊണ്ടും എല്ലാം അനുകൂലം.
പക്ഷേ, റിക്കി പോണ്ടിങ് എഴുതി ശ്രേയസ് അയ്യര്‍ സംവിധാനം ചെയ്ത സീസണില്‍ പ്രതീക്ഷിച്ച ക്ലൈമാക്‌സുണ്ടായില്ല പഞ്ചാബ് കിംഗ്‍സിന്. ഇനിയൊരു ആന്റി ക്ലൈമാക്‌സിനുകൂടി അവസരമുണ്ട് എന്നതാണ് മുന്നിലുള്ള ആശ്വാസം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളര്‍മാര്‍ പേമാരിയായി പെയ്തിറങ്ങിയപ്പോൾ ആ ഒഴുക്കില്‍ പിടിച്ചുനില്‍ക്കാനാകാതെ പോയി പഞ്ചാബിന്. ബെംഗളൂരുവിനെതിരെ പഞ്ചാബിന് പിഴച്ചതെവിടെ, എങ്ങനെ തിരുത്തണം.
സീസണിലുടനീളം അറ്റാക്കിങ് ക്രിക്കറ്റായിരുന്നു പഞ്ചാബ് ഉപയോഗിച്ചത്. പ്രിയാൻഷ് ആര്യയില്‍ തുടങ്ങി മാര്‍ക്കസ് സ്റ്റോയിനിസില്‍ അവസാനിക്കുന്ന ഹാര്‍ഡ് ഹിറ്റര്‍മാരുടെ നിര. ഇത് ബെംഗളൂരുവിനെതിരെയും തുടരുകയായിരുന്നു ശ്രേയസിന്റെ ലക്ഷ്യം. മത്സരശേഷം ശ്രേയസ് ഇത് ശരിവെക്കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ സിമ്പിളായിരുന്നു, പക്ഷേ പ്രാവര്‍ത്തികമാക്കുന്നതില്‍ അടിമുടി പിഴച്ചു. പിഴച്ചുവെന്നത് ശരി, അത് എങ്ങനെ സംഭവിച്ചുവെന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
പഞ്ചാബിന്റെ അവസാന അംഗീകൃത ബാറ്ററായ മാര്‍ക്കസ് സ്റ്റോയിനിസ് സുയാഷ് ശര്‍മയുടെ പന്തില്‍ സ്ലോഗിന് ശ്രമിച്ച് ബൗള്‍ഡാകുമ്പോള്‍ കമന്ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കര്‍ പറഞ്ഞു. അവിശ്വസനീയം, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് തുല്യം. ഇതായിരുന്നു പഞ്ചാബ് ബാറ്റര്‍മാരുടെ കളത്തിലെ തീരുമാനങ്ങളുടെ ആകെ തുക. മൂവ്മെന്റ് ലഭിക്കുന്ന അണ്‍ഈവൻ ബൗണ്‍സുള്ള മുലൻപൂരിലെ വിക്കറ്റ് മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു.
സാധാരണയായി അതിവേഗം വിക്കറ്റിനെ മനസിലാക്കുകയും ഫീല്‍ഡിന് അനുസരിച്ച് ഷോട്ടുകള്‍ പായിക്കുകയും ചെയ്യുന്ന പ്രിയാൻഷ് ആര്യക്ക് ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ പന്തുതന്നെ സര്‍പ്രൈസ് ആയിരുന്നു. അഞ്ച് പന്തുകളില്‍ അതിജീവനം യാഷ് ദയാലിന്റെ ഓവറില്‍ അവസാനിച്ചു. മികച്ച ഫോമിലുള്ള പ്രഭ്‌സിമ്രാൻ ഭുവിയെ സ്വിങ്ങിനെ കൗണ്ടര്‍ അറ്റായ്ക്ക് ചെയ്യാൻ ശ്രമിച്ച് വിജയിച്ചെങ്കിലും വൈകാതെ കൂറ്റനടിയില്‍ വീണു.
ജോഷ് ഹേസല്‍വുഡ് വെച്ച കെണിയില്‍ ശ്രേയസും മടങ്ങിയതോടെ ഇനിയാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഗ്യാലറി നിശബ്ദമായിരുന്നു. പക്ഷേ, പഞ്ചാബ് ബാറ്റര്‍മാര്‍ സ്ലോഗ് തുടരുകയായിരുന്നു. അല്‍പ്പമെങ്കിലും പഞ്ചാബിന് മേല്‍ക്കൈ ലഭിക്കുമെന്ന തോന്നലുണ്ടായത് സ്റ്റോയിനിസിന്റെ പ്രത്യാക്രമണം നടന്ന സമയമായിരുന്നു. ഏഴാമനായി ശശാങ്ക് സിങ് ക്രീസിലെത്തുമ്പോള്‍ പഞ്ചാബ് പവര്‍പ്ലേ പിന്നിട്ടതെയുള്ളായിരുന്നു.
ഏകദേശം 13 ഓവര്‍ ബാക്കി അവശേഷിക്കുന്നു. ഇവിടെയാണ് വിരാട് കോലി ശൈലിയുടെ പ്രധാന്യം. സമ്മര്‍ദത്തിലാകുമ്പോള്‍ സ്ട്രൈക്ക് റൊട്ടേഷൻ എത്രത്തോളം നിര്‍ണായകമാണെന്ന് കോലിയുടെ ഇന്നിങ്സുകള്‍ ഒന്നരപതിറ്റാണ്ടിലധികമായി തെളിയിക്കുന്നു. സുയാഷ് ശര്‍മയുടെ ഗൂഗ്ലിയില്‍ വൈല്‍ഡായ സ്ലോഗിന് ശശാങ്ക് ശ്രമിച്ച് ബൗള്‍ഡാകുമ്പോള്‍ ആര്‍സിബി ക്യാമ്പ് പോലും അത്ഭുതപ്പെട്ടുപോയി. അത്രയ്ക്കും നിരുത്തരവാദിത്തപരമായിരുന്നു ആ ഷോട്ട്.
ഇംപാക്ട് പ്ലെയറായി അരങ്ങേറാൻ അവസരം ലഭിച്ച മുഷീറും ശശാങ്കിന്റെ പാത പിന്തുടര്‍ന്നു. സ്ലോഗിന് പകരം സ്വീപ്പായിരുന്നുവെന്ന് മാത്രം വ്യത്യാസം. സ്റ്റോയിനിസും സമാനം, സ്റ്റോയിനിസിന് സുയാഷിന്റെ ലെങ്ത് അല്‍പ്പം നേരത്തെ പിക്ക് ചെയ്യാനായെങ്കിലും ഷോട്ടില്‍ പിഴച്ചു. പിന്നീട്, ബെംഗളൂരുവിന് കേക്ക് വാക്കായിരുന്നു. സാള്‍ട്ടിന്റെ അസാള്‍ട്ടില്‍ ആധികാരിക ജയം, ഫൈനലിലേക്ക് ആധിപത്യത്തോടെയുള്ള എൻട്രി.
പക്ഷേ, തിരുത്തലുകള്‍ക്ക് പഞ്ചാബ് തയാറാകുമെന്നാണ് ശ്രേയസ് വ്യക്തമാക്കിയിരിക്കുന്ന്. പ്രത്യേകിച്ചും ബാറ്റിങ് നിരയില്‍ നിന്നുള്ള ഉത്തരവാദിത്തബോധം. ക്വാളിഫയര്‍ രണ്ട് അഹമ്മദാബാദിലാണ്. സീസണിലെ പഞ്ചാബിന്റെ ആദ്യ മത്സരം നടന്ന അതേ വേദി. അന്ന് 243 റണ്‍സെടുത്താണ് ശ്രേയസും കൂട്ടരും വിജയം കൊയ്തത്. മാര്‍ക്കൊ യാൻസണിന്റേയും ചഹലിന്റേയും സേവനമില്ലാത്തതുകൊണ്ട് തന്നെ ഒരു കൂറ്റൻ സ്കോര്‍ തന്നെ ആവശ്യമായി വന്നേക്കും ഫൈനലിലേക്ക് കടക്കാൻ. ശ്രേയസ് പറഞ്ഞതുപോലെ, We have lost the battle but not the war.


