ട്വന്റി 20യുടെ വേഗതയില്‍ മറ്റൊരു ഏഷ്യ കപ്പുകൂടി. ഭൂഖണ്ഡത്തിലെ ഇൻവിൻസിബിള്‍ ഫോഴ്‌സായി ഇന്ത്യ പരിണമിച്ചു
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് ഒരു സുവര്‍ണകാലമുണ്ടായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ജയന്റ്സായി നിലകൊണ്ടിരുന്ന കാലം. An unpredictable era of cricket! ഒരുപാട് ദൂരേയ്ക്കൊന്നും അതിനായി പോകേണ്ടതില്ല. ഒരു പതിറ്റാണ്ട് മാത്രം പിന്നില്‍. വിവിധ ഫോര്‍മാറ്റിലുള്ള വിശ്വകിരീടപ്പോരുകളെടുത്താല്‍, കിരീടം ഉയര്‍ത്തിയും രണ്ടാം സ്ഥാനക്കാരായും സെമി ഫൈനലിസ്റ്റുകളായും ഈ ത്രയം മൈതാനങ്ങള്‍ വെട്ടിപ്പിടിച്ച് വാണനാളുകള്‍.
ഒരുവശത്ത് സച്ചിനും ഗാംഗുലിയും സേവാഗുമൊക്കെ, മറുവശങ്ങളില്‍ ജയസൂര്യയും സങ്കക്കാരയും മുരളിയും. ഇൻസമാമും യൂനിസ് ഖാനും അഫ്രിദിയുമെല്ലാം, ഇതിഹാസ നിര. കലണ്ടര്‍ താളുകള്‍ മറിഞ്ഞ് കാലം കടന്നുപോയിരിക്കുന്നു. ട്വന്റി 20യുടെ വേഗതയില്‍ മറ്റൊരു ഏഷ്യ കപ്പുകൂടി. ഭൂഖണ്ഡത്തിലെ ഇൻവിൻസിബിള്‍ ഫോഴ്‌സായി ഇന്ത്യ പരിണമിച്ചു. മറ്റ് ഏഷ്യൻ ടീമുകള്‍ എന്നോ നഷ്ടമായ സുവർണകാലം തിരിച്ചുപിടിക്കാനുള്ള യാത്രയിലാണിപ്പോഴും. ഇന്ത്യയ്ക്കൊപ്പം ഓടിയെത്താൻ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമാകുമോ.
നിലവിലെ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാർ, ഫോർമാറ്റിലെ ഒന്നാം നമ്പർ ടീം. ഇതാണ് ഇന്ത്യ. ട്വന്റി 20 റാങ്കിങ് പട്ടികയെടുത്താല്‍ മറ്റൊരു ഏഷ്യൻ ടീമിനെ കാണാൻ അഞ്ച് സ്ഥാനം താഴേക്ക് ഇറങ്ങണം. ഏഴാമത് പാക്കിസ്ഥാൻ, എട്ട് ശ്രീലങ്ക, ഒൻപ് അഫ്ഗാനിസ്ഥാൻ, പത്ത് ബംഗ്ലാദേശ്. ഈ അന്തരം കണ്ട് ഞെട്ടേണ്ടതോ അതിശയപ്പെടേണ്ടതോയില്ല. കാരണം, പരിവർത്തനകാലവും മാറുന്ന കളിരീതികള്‍ക്കൊപ്പവും സഞ്ചരിക്കുന്നതില്‍ മറ്റ് ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഇന്ത്യ. അതിനി ഒരുപതിറ്റാണ്ടിലധികവും തുടരുമെന്ന സൂചനകളുമുണ്ട്.
അതിന്റെ ക്ലാസിക്ക് ഉദാഹരണമാണ് ഇന്ത്യയുടെ ഏഷ്യ കപ്പിനുള്ള ടീം. ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദർ തുടങ്ങിയ ഇന്ത്യൻ ടീമിലെ പ്രധാനികള്‍ക്കുപോലും അവിടെ ഇടമില്ല. ടീമിലുള്‍പ്പെട്ട, ഫോർമാറ്റില്‍ മികച്ച ഫോമിലുള്ളവരുടെ സ്ഥാനത്തിനാകട്ടെ ഉറപ്പുമില്ല. ടാലന്റുകളുടെ നിലയ്ക്കാത്ത ഒഴുക്ക് ഇന്ത്യയിലെ മൈതാനങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നുണ്ട്. ശ്രേയസിനെ, രാഹുലിനെ, ജയ്സ്വാളിനെപ്പോലെയുള്ള താരങ്ങള്‍ മറ്റേതെങ്കിലും ദേശീയ പുറത്തിരിക്കേണ്ടി വരുമോയെന്ന് മാത്രം ചിന്തിച്ചാല്‍ മതിയാകും.
വൈറ്റ് ബോള്‍ ഫോർമാറ്റ് തന്നെ എടുക്കൂ. കഴിഞ്ഞ മൂന്ന് ടൂർണമെന്റുകള്‍. 2023 ഏകദിന ലോകകപ്പ്, 2024 ട്വന്റി 20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി. ഒരു ഫൈനലും രണ്ട് കിരീടങ്ങളുമാണ് ഇന്ത്യ നേടിയത്. ഈ മൂന്ന് ടൂർണമെന്റുകളിലെ മറ്റ് ഏഷ്യൻ ടീമുകളെ നോക്കം. 2024 ട്വന്റി 20 ലോകകപ്പില്‍ സെമിയിലെത്തിയ അഫ്ഗാനിസ്ഥാൻ അല്ലാതെ മറ്റൊരു ടീമിനേയും അവസാന നാലില്‍ കാണാനായിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്ക് ലങ്കയ്ക്ക് യോഗ്യതപോലുമുണ്ടായില്ല. ട്വന്റി 20 ലോകകപ്പില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ പാക്കിസ്ഥാനും കഴിഞ്ഞില്ല.
2022 ഏഷ്യ കപ്പ് കിരീടം നേടി ശ്രീലങ്ക ഒരു തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അതിനൊരു തുടര്‍ച്ച പിന്നീടുണ്ടായില്ല. പക്ഷേ, തിരിച്ചുവരവിന്റെ സൂചനകള്‍ സനത് ജയസൂര്യയുടെ കീഴില്‍ സംഭവിക്കുന്നുണ്ട്. ഈ വർഷം ഓസ്ട്രേലിയക്കെതിരെ നേടിയ ഏകദിന പരമ്പര, അവസാനം സിംബാബ്‌വെക്കതിരയും പരമ്പര അനുകൂലമാക്കി. ചരിത് അസലങ്ക നയിക്കുന്ന ടീം ഭാവിയിലേക്കുള്ള അടിത്തറപാകുമെന്ന് പ്രതീക്ഷിക്കാം.
പാക്കിസ്ഥാനാകട്ടെ ഏഷ്യ കപ്പ് കിരീടം ചൂടിയിട്ടൊരു പതിറ്റാണ്ട് തന്നെ പിന്നിടുന്നു. ഇത്തവണയെത്തുന്ന സമീപകാലത്തെ പാക്കിസ്ഥാൻ ടീമിലെ ഏറ്റവും വലിയ പേരുകളായ ബാബർ അസമും മുഹമ്മദ് റിസ്വാനുമില്ലാതെയാണ്. സല്‍മാൻ അഗയുടെ കീഴില്‍ അഗ്രസീവ് ബ്രാൻഡ് ഓഫ് ക്രിക്കറ്റ് കളിക്കാനാണ് പാക്കിസ്ഥാൻ ഒരുങ്ങുന്നത്. ന്യൂസിലൻഡ് പര്യടനത്തിലൂടെയായിരുന്നു ഇതിന്റെ തുടക്കമെങ്കിലും തിരിച്ചടിക്കുകയായിരുന്നു. അഗ്രസീവായപ്പോള്‍ കെയര്‍ലെസ് കൂടിയായി മാറി പാക്കിസ്ഥാൻ.
പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും മുന്നിലെ വെല്ലുവിളി ഇന്ത്യ മാത്രമല്ല. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റിലെ വളർച്ച കൂടിയാണ്. ട്വന്റി 20യില്‍ ഏത് ടീമിനേയും കീഴ്പ്പെടുത്താൻ പോന്ന ഒരു ശക്തിയായി അഫ്ഗാൻ മാറുന്നുണ്ട്. ഫൈനല്‍ ലക്ഷ്യമാക്കിയാണ് ഏഷ്യ കപ്പിന് റഷീദും കൂട്ടരുമെത്തുന്നതും. ലോകോത്തര സ്പിന്നർമാര്‍ മാത്രമെന്ന് വിധിയെഴുതിയടത്തുനിന്ന് മികച്ച ബാറ്റർമാരും ഇന്ന് അഫ്ഗാൻ നിരയിലുണ്ട്. ബംഗ്ലാദേശാകട്ടെ അന്നും ഇന്നും അപ്രഗ്രേഡ് ചെയ്യാൻ തയാറാകാതെ ഒരു ലൂപ്പിലെന്നപോലെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സാന്നിധ്യമായി മാത്രം ഒതുങ്ങുന്നു.
