ഏഷ്യ കപ്പ് ഫൈനലില്‍ ഷഹീൻ അഫ്രിദിയെറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് നേരിടാനായി നില്‍ക്കുമ്പോള്‍ തിലക് വര്‍മ ചുമലിലേറ്റിയത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സമ്മര്‍ദ നിമിഷങ്ങളിലൊന്നായിരുന്നു

ഒറ്റയാൻ അഭിഷേക് മടങ്ങിയിരിക്കുന്നു. പടനായകനും രാജകുമാരനും ഒരിക്കല്‍ക്കൂടി അടിപതറി. പാക്കിസ്ഥാൻ ക്യാമ്പില്‍ ആത്മവിശ്വാസം പിറവികൊണ്ടിരിക്കുന്നു. കാരണം, എന്നത്തേയും പോലെ അവരുടെ വിജയം തട്ടിയെടുക്കാൻ, ഇന്ത്യയെ രക്ഷിക്കാൻ അയാളില്ല, സാക്ഷാല്‍ വിരാട് കോഹ്ലി. പക്ഷേ, അപ്പോഴേക്കും മറ്റൊരാളുടെ ബാറ്റ് പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് മോഹങ്ങള്‍ക്ക് മുകളില്‍ പരവതാനി വിരിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ക്രീസിലെത്തിയിരുന്നു. തിലക് വ‍ര്‍മ.

ഷഹീൻ അഫ്രിദിയെറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് നേരിടാനായി നില്‍ക്കുമ്പോള്‍ തിലക് വര്‍മയുടെ ചുമലിലുണ്ടായിരുന്നത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സമ്മര്‍ദ നിമിഷങ്ങളിലൊന്നായിരുന്നു. ഷഹീന്റെ വേഗപ്പന്തുകളും ഫഹീമിന്റെ ബ്രില്യൻസും തോല്‍വിയെന്ന ദുസ്വപ്നത്തെ അപ്പോഴേക്കും ഇന്ത്യയുടെ മുന്നില്‍ക്കൊണ്ട് നിര്‍ത്തിയിരുന്നു. വിൻ പ്രെഡിക്റ്ററില്‍ പാക്കിസ്ഥാന് ബഹുദൂരം മുൻതൂക്കം നേടാൻ ആവശ്യമായി വന്നത് കേവലം നാല് ഓവറുകള്‍ മാത്രമായിരുന്നു.

പക്വതയും പ്രതിഭയും ഒന്നിക്കുന്ന ഒരു നിമിഷം, ദുരിതപ്പെയ്ത്തില്‍ നിന്ന് കരകയറാൻ അത്തരമൊന്നായിരുന്നു നീലപ്പടയ്ക്ക് ഇവിടെ അനിവാര്യമായിരുന്നത്. സഞ്ജുവിന്റെ പക്വതയും തിലകിന്റെ പ്രതിഭയും അവിടെ ഒത്തുചേരുകയായിരുന്നു. പകച്ചു നിന്ന തിലകിന് മുന്നില്‍ ഷഹീനെ ഒരു ഗ്ലോറിയസ് കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിയിലെത്തിച്ച് സഞ്ജുവായിരുന്നു തിരിച്ചുവരവിന്റെ ആദ്യ പടികടന്നത്. എട്ട് പന്തുകള്‍ നീണ്ട നിശബ്ദത പവര്‍പ്ലെയുടെ അവസാന ഓവറില്‍ തിലക് വെടിയുകയാണ്.

ഫഹീമിന്റെ മൂന്നാം പന്ത് എക്സ്ട്രാ കവറിനും മിഡ് ഓഫിനുമിടയില്‍ക്കൂടി. അടുത്ത പന്ത് ഫൈൻ ലെഗിലൂടെ ഉയര്‍ന്നുപൊങ്ങി പതിച്ചത് ഗ്യാലറിയുടെ സെക്കൻഡ് ഡെക്കിലായിരുന്നു. വിക്കറ്റുകള്‍ പൊഴിഞ്ഞാലും അഗ്രസീവ് ക്രിക്കറ്റിനോട് ഇന്ത്യ നൊ പറയില്ലെന്ന് തോന്നിച്ചു. പക്ഷേ, കരുതലോടെയായിരുന്നു തിലകിന്റേയും സഞ്ജുവിന്റേയും പിന്നീടുള്ള നീക്കങ്ങള്‍. ഏഴാം ഓവറില്‍ നവാസിനെ സ്വീപ് ചെയ്ത് തിലക്, എട്ടാം ഓവറില്‍ ആദ്യ ഏറ്റുമുട്ടലില്‍ തന്റെ സ്റ്റമ്പുപിഴുത ഹാരിസ് റൗഫിനെ സഞ്ജു അതിര്‍ത്തി കടത്തി.

ആദ്യ 20 പന്തുകളില്‍ നിന്ന് തിലക് നേടിയത് 20 റണ്‍സ് മാത്രമായിരുന്നു. പാക്കിസ്ഥാൻ ബാറ്റര്‍മാര്‍ ചെയ്ത അബദ്ധം ആവര്‍ത്തിക്കാതിരിക്കുക എന്നതായിരുന്നു തിലകിന്റേയും സഞ്ജുവിന്റേയും തന്ത്രവും വെല്ലുവിളിയും. അതുകൊണ്ട് വിജയലക്ഷ്യത്തിലേക്ക് ഓടിയടുക്കാതെ നടന്നെത്തുകയായിരുന്നു ഇന്ത്യ. പിന്നീട് പതിനൊന്നാം ഓവറിലാണ് തിലകിന്റെ ബാറ്റില്‍ നിന്നൊരു ബൗണ്ടറി പിറക്കുന്നത്, അബ്രാറിന്റെ പന്ത് കളിയിലാദ്യമായി ഗ്യാലറി കണ്ടുതിരിച്ചെത്തി. 12-ാം ഓവറില്‍ സയീമിനെ ലോങ് ഓണിലേക്ക് നിക്ഷേപിച്ച് വൈകാതെ സഞ്ജു മടങ്ങുന്നു.

ഇവിടെ നിന്നാണ് തിലകിന്റെ ബാറ്റ് പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. വേട്ടയാടാൻ തിരഞ്ഞെടുത്തത് ഹാരിസ് റൗഫിനെ. 15-ാം ഓവറിലെ മൂന്നാം പന്തില്‍ റൗഫിന്റെ യോര്‍ക്കര്‍ ശ്രമം, എന്നാല്‍ ഫ്രണ്ട് ഫൂട്ടില്‍ തിലക് പന്ത് റൗഫിന് നേരെ പായിച്ച് ബൗണ്ടറി കടത്തി. സ്ലൊ ബോള്‍ പരീക്ഷണവുമായി അവസാന പന്തിലെത്തിയ റൗഫിന് ഡിപ് ബാക്ക്വേഡ് സ്ക്വയര്‍ ലെഗിലേക്കാണ് ഡിസ്പാച്ച് ചെയ്തത്. തിലകിന്റെ അസാധ്യ റിസ്റ്റ് വ‍ര്‍ക്കിനായിരുന്നു ദുബായ് സാക്ഷ്യം വഹിച്ചത്.

41 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുമ്പോള്‍ തിലക് വലിയ ആഘോഷങ്ങള്‍ക്ക് മുതിര്‍ന്നിരുന്നില്ല, വിജയത്തിലേക്ക് അപ്പോഴും 36 റണ്‍സ് അകലമുണ്ടായിരുന്നു. ഷഹീൻ വരിഞ്ഞുമുറികിയ പതിനേഴാം ഓവറിന്റെ ക്ഷീണം മാറ്റാം 18-ാം ഓവറിലെ അവസാന പന്തുവരെ ഇന്ത്യയ്ക്ക് കാത്തുനില്‍ക്കേണ്ടി വന്നു. അതും ദുബെയിലൂടെയായിരുന്നു, ഫഹീമിന്റെ ഓവര്‍ ഒരിക്കല്‍ക്കൂടി സമ്മര്‍ദം ഇന്ത്യക്ക് നല്‍കി, ഒപ്പം ദുബെയേയും നഷ്ടമായി. പക്ഷേ, തിലകിന്റെ നിശ്ചയദാര്‍ഢ്യം ദുബായില്‍ മറ്റെന്തിനേക്കാള്‍ ഉയരത്തിലായിരുന്നു.

ആറ് പന്തില്‍ ജയിക്കാൻ പത്ത് റണ്‍സ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തില്‍ രണ്ട് റണ്‍സ്. നിര്‍ണായകമായ രണ്ടാം പന്ത്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു സ്ലൊ ബോള്‍. പക്ഷേ, റൗഫിന്റെ കണക്കുകൂട്ടലുകള്‍ മുൻകൂട്ടിയറിഞ്ഞതുപോലെ തിലക്. ഡിപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ പന്ത് നിലം തൊടാതെ പാഞ്ഞു, ഡ്രെസിങ് റൂമില്‍ ആവേശംകൊണ്ട് ഗംഭീര്‍. ഇന്ത്യയുടെ ജയമുറപ്പിച്ച ഷോട്ടായിരുന്നു അത്.

വിജയറണ്ണെടുക്കാൻ വിധിക്കപ്പെട്ടത് റിങ്കുവായിരുന്നു, ടൂര്‍ണമെന്റിലാദ്യമായി നേരിട്ട പന്തില്‍ ബൗണ്ടറി നേടി ഒൻപതാം ഏഷ്യ കപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തു. When the going gets tough, the tough get going എന്നൊരു പറച്ചിലുണ്ട്. അതായിരുന്നു തിലക്. കളിയിലെ താരം.