കരുണ്‍ നായര്‍ ഒരു പാഠമാണ്, ഓര്‍മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പ്രതിഭാസമ്പന്നമായിട്ടുള്ള ഇന്ത്യയുടെ ക്രിക്കറ്റ് മണ്ണില്‍ ഉയരാൻ കൊതിക്കുന്ന ഓരോരുത്തര്‍ക്കും

ഞങ്ങള്‍ അയാളില്‍ നിന്ന് അല്‍പ്പം കൂടി പ്രതീക്ഷിച്ചിരുന്നു. നാല് ടെസ്റ്റുകള്‍ കളിച്ചു, ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് നേടിയത്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഈ വാചകങ്ങള്‍ പറഞ്ഞ് തീര്‍ക്കുമ്പോള്‍ കരുണ്‍ നായര്‍ എന്തായിരിക്കാം ചിന്തിച്ചിരിക്കുക. ഒവലിലെ അവസാന ടെസ്റ്റ്, ഗസ് ആറ്റിക്കിൻസണിന്റെ വേഗപ്പന്തുകള്‍ ഇന്ത്യൻ ബാറ്റര്‍മാരെ ഇംഗ്ലീഷ് മേഘങ്ങള്‍ക്ക് കീഴില്‍ വെള്ളം കുടിപ്പിച്ചപ്പോള്‍, ഒന്നാം ഇന്നിങ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഏക താരം. ടീമിന്റെ വിജയത്തോളം നിര്‍ണായകമായ 57 റണ്‍സ്. എന്നിട്ടും, വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ കരുണിന്റെ പേരുണ്ടായിരുന്നില്ല. കരുണ്‍ നായര്‍ ഒരു പാഠമാണ്, ഓര്‍മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പ്രതിഭാനിര്‍ഭരമായ ഇന്ത്യയുടെ ക്രിക്കറ്റ് മണ്ണില്‍ ഉയരാൻ കൊതിക്കുന്ന ഓരോരുത്തര്‍ക്കും.

ഇംഗ്ലണ്ടിലെ നിരാശ

പക്ഷേ, ബാസ്ബോള്‍ സ്വാധീനത്തില്‍ ബാറ്റിങ്ങിന് അനുകൂലമായ ഇംഗ്ലണ്ടിലെ വിക്കറ്റില്‍ ആ ഒരു അര്‍ദ്ധ സെഞ്ച്വറിക്ക് തലയെടുപ്പ് അല്‍പ്പം കുറവായിരുന്നു. ഇന്ത്യയ്ക്കായി ബാറ്റെടുത്ത പ്രധാനികളെല്ലാം റണ്‍മല കയറിയ പരമ്പരയില്‍ കരുണ് ഒരുപാട് അകലെയായിരുന്നു. ലീഡ്‌സ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിന് മടങ്ങിയത് മാറ്റി നിർത്തിയാല്‍ പിന്നീട് ക്രീസിലെത്തിയ ഏഴ് ഇന്നിങ്സുകളിലും മികച്ച തുടക്കം നേടാൻ കരുണിനായിരുന്നു. അഞ്ചാം നമ്പറിലെ കരുണിന്റെ സ്കോറുകള്‍ പൂജ്യം, 20, 57, 17 എന്നിങ്ങനെയായിരുന്നു. മൂന്നാം സ്ഥാനത്ത് 31, 26, 40, 14 എന്നിങ്ങനെയും.

ക്രീസിലെത്തിയ എട്ടില്‍ ഏഴ് ഇന്നിങ്സുകളിലും വളരെ കമ്പോസ്‌ഡായിരുന്നു കരുണ്‍. അനാവശ്യ ഷോട്ടുകള്‍ക്ക് തുനിഞ്ഞിരുന്നില്ല. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തുന്ന പന്തുകളോട് മുഖം തിരിച്ചു. ഡ്രൈവിന് ഫോഴ്സ് ചെയ്യാനുള്ള ഇംഗ്ലണ്ട് ബൗളര്‍മാരുടെ ശ്രമങ്ങളെ നിരാശപ്പെടുത്തി. ഡൂക്‌സ് പന്തിന് തിളക്കവും വേഗതയും സ്വിങ്ങുമുണ്ടായിരുന്ന മണിക്കൂറുകള്‍ തന്റെ ഏകാഗ്രതയും കളിമികവും ഒരുപോലെ കൊണ്ടുപോയി. പക്ഷേ, കരുണിന്റെ ഇന്നിങ്സുകളില്‍ വളരെ വിരളമായി മാത്രം സംഭവിക്കുന്ന പിഴവുകള്‍ വീഴ്ചകളിലേക്ക് നയിക്കുന്നതിനായിരുന്നു പരമ്പര സാക്ഷ്യം വഹിച്ചത്. നാല് കളികളില്‍ നിന്ന് ഒരു അർദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 205 റണ്‍സായിരുന്നു കരുണ്‍ ഇംഗ്ലണ്ടില്‍ നേടിയത്.

തുടക്കവും വീഴ്ചയും

ഇംഗ്ലണ്ടിനെതിരെ തുടങ്ങിയ കരിയര്‍ ഇംഗ്ലണ്ടില്‍ അവസാനിക്കുന്നുവോ എന്ന് തോന്നിപ്പോകുകയാണ്. ഇനിയോരു മടങ്ങിവരവോ വെള്ളക്കുപ്പായത്തില്‍ മറ്റൊരു അധ്യായം തുറക്കാനോ കരുണിന് സാധിക്കുമോയെന്നും അറിയില്ല. അതിന് കഴിയുമെങ്കില്‍ അതൊരു അത്ഭുതമായി കണക്കാക്കേണ്ടി വരും. കാരണം ഇന്ത്യൻ ടീമിന്റെ വാതില്‍പ്പടിയില്‍ കെട്ടിക്കിടക്കുന്ന, ആ വാതില്‍ തല്ലിത്തുറക്കാൻ ശ്രമിക്കുന്ന നിരവധി യുവതാരങ്ങളുണ്ട്. അവിടെ 34 വയസിനോട് അടുക്കുന്ന കരുണിന്റെ സാധ്യതകള്‍ എത്രത്തോളമാണെന്നത് പറഞ്ഞുവെക്കേണ്ടതില്ലല്ലോ.

2016ലെ ഇംഗ്ലണ്ട് പരമ്പര, അജിങ്ക്യ രഹാനെയുടെ പരുക്ക് വഴിയൊരുക്കിയ കരിയര്‍. അരങ്ങേറ്റത്തിന് ശേഷമുള്ള മൂന്നാം ഇന്നിങ്സില്‍ ചെപ്പോക്കില്‍ ട്രിപ്പിള്‍ സെഞ്ച്വറി. റെക്കോര്‍ഡ് പുസ്തകത്തിലെ താളുകളില്‍ വിരേന്ദ‍ര്‍ സേവാഗിന്റെ ഒറ്റപ്പെടലിന് അറുതി വരുത്തിയ ഇന്നിങ്സ്. പക്ഷേ, ആ ട്രിപ്പിള്‍ സെഞ്ച്വറിക്കപ്പുറം ഓര്‍മിക്കാനൊന്നും കരിയറില്‍ പിന്നീടുണ്ടായില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നാല് ഇന്നിങ്സുകളില്‍ നിന്ന് 54 റണ്‍സ്, മികച്ച സ്കോര്‍ വെറും 26 മാത്രം. പിന്നീട് ടെസ്റ്റ് ടീമിന്റെ വാതിലുകള്‍ക്ക് അയാള്‍ക്കായി തുറന്നിട്ടില്ല.

പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി നല്‍കൂവെന്ന ആ ട്വീറ്റിന് വിളിയെത്താൻ കാത്തിരുന്നത് എട്ട് വ‍ര്‍ഷമാണ്. ഒരു അസാധാരണ ആഭ്യന്തര സീസണായിരുന്നു അതിന് പിന്നില്‍. 2024-25 സീസണിലെ രഞ്ജി ട്രോഫിയില്‍ 863 റണ്‍സ്, നാല് ശതകങ്ങള്‍. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പടെ 779 റണ്‍സ്. അതും കേവലം എട്ട് ഇന്നിങ്സുകളില്‍ നിന്ന്. കരുണ്‍ കേവലമൊരു വണ്‍ ടൈം വണ്ടറെന്ന് പറയുന്നവരുടെ മുഖത്തേറ്റ അടിയായിരുന്നു ഈ പ്രകടനവും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവും. പക്ഷേ, അതിന്റെ ക്ലൈമാക്സ് ഒരു ഫെയറി ടെയില്‍ പോലായില്ല. തന്നെ നിലനിര്‍ത്തുമെന്ന പ്രതീക്ഷ കരുണിലുണ്ടായിരുന്നു. ഭാവിതാരങ്ങള്‍ക്കായിരുന്നു നറുക്ക് വീണത്.

ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ദേവദത്ത് പടിക്കലിനും തിരിച്ചുവരാനിരിക്കുന്ന സ‍ര്‍ഫറാസിനും ശ്രേയസിനും, നിലനിര്‍ത്തപ്പെട്ട സായ് സുദര്‍ശനും എൻ ജഗദീശനുമൊക്കെ ഇതൊരു പാഠമാകുകയാണ്. ഒരു ഇന്നിങ്സുകൊണ്ട് ഒരു കരിയര്‍ കെട്ടപ്പടുക്കാനാകില്ല, അല്ലെങ്കില്‍ ആ ഒരു ഇന്നിങ്സിന്റെ സമ്മര്‍ദത്തിന് കീഴ്പ്പെടരുത്. ഒരോ മത്സരവും ഒരു പരീക്ഷണക്കയമാണ്, നിലയില്ലെങ്കിലും ശ്രമങ്ങള്‍ തുടരണം.