വിക്കറ്റിന് പിന്നിലെ മുഷ്ഫിഖുറിന്റെ കൃത്യതയില്‍ വീണത് 297 വിക്കറ്റുകളാണ്
ബംഗ്ലാദേശിന്റെ ഏറ്റവും പരിചയസമ്പന്നനായ ഖാലിദ് മഷൂദിന്റെ പകരക്കാരനായി 2007 ഏകദിന ലോകകപ്പിലെത്തുമ്പോള്‍ അയാള്‍ക്ക് പ്രായം വെറും 19 വയസ് മാത്രം. 11 ഏകദിനങ്ങളുടെ അനുഭവം മാത്രമുണ്ടായിരുന്ന ആ ചെറുപ്പക്കാരന്റെ മുകളിലെ പ്രതീക്ഷാഭാരം ചെറുതായിരുന്നില്ല. ഒന്നരപതിറ്റാണ്ടിലധികം ചുമന്ന ആ ഭാരം അയാള്‍ ഇറക്കിവെച്ചിരിക്കുന്നു. ബംഗ്ലാദേശിന്റെ ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായി. മുഷ്ഫിഖുര്‍ റഹീം, ബംഗ്ലാദേശിന്റെ ഇതിഹാസ ബാറ്റര്‍, മറുതലക്കല്‍ വിവാദങ്ങളുടെ തോഴനും.
മൈതാനത്തെ പെരുമാറ്റത്തിന്റെയും എതിര്‍ ടീമിനോടുള്ള ബഹുമാനക്കുറവിന്റേയും പേരില്‍ ക്രിക്കറ്റ് ലോകത്ത് എക്കാലവും പ്രതിക്കൂട്ടിലായിരുന്നു മുഷ്ഫിഖുറിന്റെ സ്ഥാനം. പ്രത്യേകിച്ചും ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍. അതില്‍ പ്രധാനപ്പെട്ട ഒന്ന് 2016 ട്വന്റി 20 ലോകകപ്പിലായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ പരാജയത്തിന് പിന്നാലെ ട്വിറ്ററില്‍ മുഷ്ഫിഖുര്‍ ധോണിയുടെ ചിത്രത്തിനൊപ്പം നല്‍കിയ ക്യാപ്ഷൻ ഇപ്രകാരമായിരുന്നു, 'ഇതാണ് സന്തോഷം, ഇന്ത്യ സെമി ഫൈനലില്‍ പരാജയപ്പെട്ടിരിക്കുന്നു'.
ഇത് മുഷ്ഫിഖുറിന് വില്ലൻ പട്ടം ചാര്‍ത്തിക്കൊടുത്ത ആദ്യ സംഭവങ്ങളിലൊന്നായിരുന്നു. വിമര്‍ശനശരങ്ങള്‍ നേരിടേണ്ടി വന്നതോടെ മാപ്പുപറയേണ്ടി വന്നു മുഷ്ഫിഖുറിന്, വെസ്റ്റ് ഇൻഡീസ് ആരാധകരാണെന്ന ന്യായവും മുന്നോട്ടുവെച്ചായിരുന്നു പ്രതിരോധം.
2020 ബംഗാബന്ധു ടി20 കപ്പില്‍ ക്യാച്ചെടുക്കുന്നതിനിടെ കൂട്ടിയിടിച്ചതിന് സഹതാരത്തെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ സംഭവം മുഷ്ഫിഖുറിന്റെ കരിയറിലെ കളങ്കമായി മാറി. 2023 ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിര ശ്രീലങ്കൻ താരം ഏഞ്ചെലൊ ഹെല്‍മെറ്റ് മാറ്റാൻ അധികസമയം എടുത്തതിനാല്‍ ടൈംഡ് ഔട്ടായി പുറത്തായ സംഭവത്തില്‍ നാല് മാസങ്ങള്‍ക്ക് ശേഷവും പരിഹാസം മുഷ്ഫിഖുര്‍ തുടര്‍ന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ശേഷമായിരുന്നു ഹെല്‍മെറ്റുമായെത്തിയുള്ള താരത്തിന്റെ പരിഹാസം.
വിവാദങ്ങളിലെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് കൈപ്പേറിയ ഓര്‍മകളും സമ്മാനിച്ചിട്ടുണ്ട് മുഷ്ഫിഖുര്‍. അതിലൊന്ന് 2007 ലോകകപ്പില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചതായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി അന്ന് അര്‍ദ്ധ സെഞ്ചുറി സ്വന്തമാക്കുക മാത്രമല്ല വിജയ റണ്‍ നേടിയതും മുഷ്ഫിഖുറായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
പിന്നീട്, ഇതിഹാസ താരം സച്ചിൻ തെണ്ടുല്‍ക്കറുടെ കരിയറിലെ 100-ാം സെഞ്ചുറിയുടെ ശോഭ കെടുത്തിക്കൊണ്ടുള്ള ബംഗ്ലാദേശ് വിജയത്തിലും മുഷ്ഫിഖുര്‍ നിര്‍ണായകമായി. 2012 ഏഷ്യ കപ്പിലെ മത്സരത്തില്‍ 290 റണ്‍സ് പിന്തുടരവെ 46 റണ്‍സുമായി പുറത്താകാതെ ടീമിനെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു.
ഇതെല്ലാം മാറ്റിവെക്കാം, ബാറ്റുകൊണ്ട് ബംഗ്ലാദേശിനായി റണ്‍മല കയറിയ താരമാണ് മുഷ്ഫിഖുര്‍. നാലാം നമ്പറിലെ വിശ്വസ്തൻ. കരിയറില്‍ നേടിയ 7,795 റണ്‍സില്‍ 4372ഉം നാലാം നമ്പറിലായിരുന്നു. പിന്നീട് ആറാം നമ്പറിലേക്ക് ചുവടുമാറിയപ്പോഴായിരുന്നു മുഷ്ഫിഖുറിന്റെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞത്. നാലാം നമ്പറില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ കഥ മറ്റൊന്നാകുമായിരുന്നു. ഒൻപത് തവണ ഏകദിനത്തില്‍ മൂന്നക്കം തൊട്ടു, അതിലൊന്ന് ബംഗ്ലാദേശിനായി നേടുന്ന ഏറ്റവും വെഗമേറിയ സെഞ്ചുറിയും. വിക്കറ്റിന് പിന്നിലെ മുഷ്ഫിഖുറിന്റെ കൃത്യതയില്‍ വീണത് 297 വിക്കറ്റുകളാണ്. മുന്നിലുള്ളത് ഇതിഹാസങ്ങളായ ബൗച്ചറും ധോണിയും ഗില്‍ക്രിസ്റ്റും സംഗക്കാരയും മാത്രം.
