ദില്ലി: ജിംനാസ്റ്റിക്‌സ് ഇതിഹാസം നാദിയ കൊമനേച്ചി ഷെയര്‍ ചെയ്‌ത് ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂളില്‍ പോവുംവഴി ആരെയും അമ്പരിപ്പിക്കുന്ന രീതിയില്‍ നടുറോഡില്‍ മലക്കംമറിഞ്ഞ് അഭ്യാസം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് കൊമനേച്ചി കായിക ലോകത്തിന് പരിചയപ്പെടുത്തിയത്. പ്രതിഭ കൊണ്ട് വിസ്‌മയിപ്പിക്കുന്ന ബാലതാരങ്ങളുടെ പട്ടിക അവിടെ അവസാനിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് പുതിയ ഒരു വീഡിയോ.

കൈകുത്തി പിന്നിലേക്ക് 30 തവണ മലക്കംമറിയുന്ന ബാലന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 24 സെക്കന്‍റിനിടെയാണ് ഈ മലക്കംമറിച്ചില്‍ എന്നതാണ് അമ്പരപ്പിക്കുന്നത്. എന്നാല്‍ ഈ ബാലന്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. വീഡിയോയ്‌ക്ക് താഴെ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്യുന്നുണ്ട് ആളുകള്‍. ഈ ബാലന് ഒരു അവസരം നല്‍കാനാണ് ഏവരും കായികമന്ത്രിയോട് ആവശ്യപ്പെടുന്നത്.