ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ അഞ്ച് തവണ കിരീടം ചൂടിയ ഒരു ടീമിന് കൃത്യമായൊരു ഗെയിം പ്ലാനില്ല എന്ന് വിശ്വസിക്കാനാകുമോ

അവശേഷിക്കുന്ന ആറ് മത്സരങ്ങളും വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. പലരും ഇത് കേള്‍ക്കുമ്പോള്‍ പരിഹസിച്ചേക്കാം. പക്ഷേ, കഴിഞ്ഞ സീസണില്‍ ആര്‍സിബി അത്തരമൊരു അത്ഭുതം ഐപിഎല്ലില്‍ സൃഷ്ടിച്ചതാണ്. അതുകൊണ്ട് സാധ്യതകള്‍ അടഞ്ഞിട്ടില്ല, ചെന്നൈ സൂപ്പ‍ര്‍ കിങ്സിന്റെ മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി പറഞ്ഞ വാക്കുകളാണിത്. മത്സരശേഷം പ്രതീക്ഷയറ്റൊരു ഫ്ലെമിങ്ങിനെയാണ് മൈക്കിന്റെ മറുതലയ്ക്കല്‍ കണ്ടത്.

കമിന്ദു മെൻഡിസ് എറിഞ്ഞ 13-ാം ഓവര്‍. ലോങ് ഓണിനും ഡീപ് മിഡ്‌വിക്കറ്റിനും ലോങ് ഓഫിനും മുകളിലൂടെ മൂന്ന് സിക്സറുകള്‍ ഡിവാള്‍‍ഡ് ബ്രേവിസ് പായിക്കുന്നു. ഇങ്ങനെയൊരു ചെന്നൈ സൂപ്പര്‍ കിങ്സിനെ കാണാനാണ്, അല്ല ഇങ്ങനെയായിരുന്നു ചെന്നൈ. പക്ഷേ, അത് തുടര്‍ന്നില്ല. ലോങ് ഓണിലേക്ക് പന്ത് തട്ടിയിട്ട് കമിന്ദു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം ഉറപ്പിക്കുമ്പോള്‍ മറുതലയ്ക്കല്‍ ഏഴാം തോല്‍വി ചെന്നൈ രുചിച്ചു. ചെപ്പോക്കിലെ അവരുടെ ആദ്യ ജയം.

ഫ്ലേ ഓഫിലേക്കുള്ള ചെന്നൈയുടെ യാത്രയുടെ വേഗത കുറഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചൊരു അവിശ്വസനീയമായ കുതിപ്പ്. അത് മാത്രമായിരിക്കും ഒരു വിദൂരസാധ്യതയെങ്കിലും നല്‍കുക. ക്ലച്ച് പിടിക്കാത്ത ഓപ്പണിങ് കൂട്ടുകെട്ട്, ശിഥിലമായി പോയ മധ്യനിര, അല്‍പ്പം തല ഉയര്‍ത്തി നിന്ന ബൗളിങ് നിര. ചെന്നൈയുടെ സീസണിന്റെ ആകെത്തുകയാണിത്. താരലേലം മുതല്‍ പിഴച്ചുവെന്ന് അര്‍ത്ഥം.

ഒടുവില്‍ കുറ്റസമ്മതവുമായി എത്തിയിരിക്കുകയാണ് ചെന്നൈയുടെ ഫ്ലെമിങ്ങും നായകൻ എം എസ് ധോണിയും. അതിവേഗതയില്‍ കുതിക്കുന്ന ട്വന്റി 20 ക്രിക്കറ്റിനൊപ്പമോടാൻ കെല്‍പ്പുള്ള ഒരു ടീമിനെയായിരുന്നില്ല ചെന്നൈ ഒരുക്കിയത്. ഹോം മൈതാനമായ ചെപ്പോക്കിലെ വേഗതകുറഞ്ഞ വിക്കറ്റിന് അനുയോജ്യമായൊരു ടീം. രവീന്ദ്ര ജഡേജയും ആ‍ര്‍ അശ്വിനും നൂ‍ര്‍ അഹമ്മദും അടങ്ങിയ സ്പിൻ നിര തന്നെ അതിന് ഉദാഹരണം. 

തന്ത്രം പാളിയെന്ന് ആദ്യ മത്സരങ്ങള്‍ തന്നെ തെളിയിച്ചു. സീസണില്‍ ഒൻപത് മത്സരങ്ങള്‍ കളിച്ചിട്ടും കൃത്യമായൊരു ഇലവനെ കളത്തിലിറക്കാനാകാത്തൊരു ടീം വേറെയില്ലെന്ന് തന്നെ പറയാം. പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ ലേലത്തിലെ തീരുമാനങ്ങള്‍ പൂര്‍ണമായും ശരിവെക്കുന്നതല്ല. മറ്റ് ടീമുകള്‍ക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാനായി, സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ വാക്കുകളാണിത്. 

പ്രതീക്ഷയര്‍പ്പിച്ചവരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ പല പരീക്ഷണങ്ങള്‍ക്കും ചെന്നൈ സീസണില്‍ മുതിര്‍ന്നു. അശ്വിൻ പവര്‍പ്ലെയില്‍ ക്രീസിലെത്തി. ജഡേജ നാലാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു. കൃത്യമായൊരു സ്ഥാനമില്ലാതെ ശിവം ദുബെയെ പലപ്പോഴും കണ്ടു. രണ്ട് മൂന്ന് ഓവര്‍ മാത്രം ബാറ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട ധോണി ഒരു മത്സരത്തില്‍ തന്നെ പത്ത് ഓവറോളം ക്രീസില്‍ തുടര്‍ന്നു. 

ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ അഞ്ച് തവണ കിരീടം ചൂടിയ ഒരു ടീമിന് കൃത്യമായൊരു ഗെയിം പ്ലാനില്ല എന്ന് വിശ്വസിക്കാനാകുമോ. താരങ്ങളില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തം തേടേണ്ടി വന്നെന്നും അത് ശരിയായി പരിണമിച്ചില്ലെന്നും ഫ്ലെമിങ് പറയുന്നു. ട്വന്റി 20 വലിയൊരു പരിവര്‍ത്തനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഇന്നും വിശ്വസിക്കുന്ന ഫ്ലെമിങ് തന്നില്‍ നിന്ന് തന്നെയാണ് തിരിച്ചടികളുടെ കീറിമുറിക്കല്‍ ആരംഭിക്കേണ്ടതെന്നും പറഞ്ഞുവെക്കുന്നുണ്ട്.

സീസണിന്റെ മധ്യത്തില്‍ നായകസ്ഥാനം ധോണിയിലേക്ക് എത്തുമ്പോള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു ചെന്നൈ ആരാധക‍ര്‍. ധോണിയൊരു മാന്ത്രികനല്ലെന്ന് ഫ്ലെമിങ് ഓര്‍മപ്പെടുത്താൻ ശ്രമിച്ചപ്പോഴും അങ്ങനെ കരുതാൻ ഗ്യാലറികള്‍ തയാറായിരുന്നില്ല. പക്ഷേ, യാഥര്‍ത്ഥ്യം ഫ്ലെമിങ് പറഞ്ഞതുതന്നെയായിരുന്നുവെന്ന് മത്സരങ്ങള്‍ തെളിയിച്ചു. ചെന്നൈയുടെ ബാറ്റിങ് നിരയുടെ പരാജയം പലമത്സരങ്ങള്‍ക്ക് ശേഷവും ധോണി അടിവരയിട്ടുപറഞ്ഞു.

ഭൂരിഭാഗം താരങ്ങള്‍ക്കും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത പോകുമ്പോള്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ഇതുപോലെ മുന്നോട്ട് പോകാനാകില്ല. വിക്കറ്റിന് അനുസരിച്ച് നിതീകരിക്കാവുന്ന സ്കോറല്ല ഉയരുന്നത്. അതിനായുള്ള ശ്രമങ്ങളും നടത്തുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്, ധോണി പറഞ്ഞവസാനിപ്പിച്ചു.

പവര്‍പ്ലേയില്‍ ആകെ സിക്സറുകളുടെ എണ്ണം ഒൻപത് മത്സരങ്ങളില്‍ നിന്ന് പത്തിലേക്ക് പോലും എത്തിക്കാൻ ചെന്നൈക്ക് സാധിച്ചിട്ടില്ല. മാറിയ കളിരീതികളോട് ഒപ്പമോടാൻ ചെന്നൈ തയാറാകുന്നില്ല എന്നതിന് ഉദാഹരണമാണിത്. അതിന് കൊടുക്കേണ്ടി വന്നത് ഒരു സീസണ്‍ തന്നെയാണോയെന്നത് വരും മത്സരങ്ങള്‍ തെളിയിക്കും.