ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ സ്മൃതി മന്ദനേയും ഹർമൻപ്രീതിനേയും അടുക്കളയില്‍ ഇരുത്തുന്നതും വീട്ടുജോലികള്‍ ചെയ്യുന്ന തരത്തിലുമുള്ള മീമുകളും സൈബറിടങ്ങളില്‍ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്

റീല്‍സ് എടുക്കാൻ മാത്രമാണ് കഴിവ്, അഹങ്കാരികള്‍, പത്ത് ലോകകപ്പ് നേടിയ ഷോയാണ് ക്യാപ്റ്റന്, ലുക്ക് കണ്ട് ടീമിലേക്ക് എടുത്താല്‍ ഇതാണ് ഫലം...

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയ ഇന്ത്യൻ വനിത ടീമിനെതിരെയും താരങ്ങള്‍ക്ക് നേരെയും ദിവസങ്ങളായി തുടരുന്ന സൈബർ അധിക്ഷേപത്തില്‍ നിന്നുള്ള ചില വാചകങ്ങളാണിത്. വെറുപ്പ് അതിവേഗം പടരുന്ന ചില നാടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് കരുതരുത്, സാക്ഷര കേരളത്തിലെ വിദ്യാഭ്യാസവും വിവേകവുമുണ്ടെന്ന് അവകാശപ്പെടുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാത്രമെടുത്താണ് ഉദാഹരിച്ചിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ സ്മൃതി മന്ദനേയും ഹർമൻപ്രീതിനേയും അടുക്കളയില്‍ ഇരുത്തുന്നതും വീട്ടുജോലികള്‍ ചെയ്യുന്ന തരത്തിലുമുള്ള മീമുകളും സൈബറിടങ്ങളില്‍ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവർ ക്രിക്കറ്റ് കളിക്കേണ്ടവരല്ല, മറിച്ച് അടുക്കളയില്‍ ഒതുങ്ങി കഴിയേണ്ടവരാണെന്നും ലോകവേദികള്‍ പുരുഷന്മാർക്കുള്ളതാണെന്നുമുള്ള കാഴ്ചപ്പാടാണ് ഇക്കൂട്ട‍ര്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇടുങ്ങിയ ചിന്താഗതിയിലൂടെ ജീവിതം നയിക്കുന്ന ഇത്തരം വിഭാഗങ്ങള്‍ക്ക് മുന്നില്‍ ചിലത് ചൂണ്ടിക്കാണിക്കാനുണ്ട്.

സൈബർ നിരീക്ഷകരോട്

ആദ്യം ഹർമൻപ്രീതിലേക്ക്. ഇന്ത്യൻ വനിത ക്രിക്കറ്റ് കണ്ട് ഏറ്റവും അഗ്രസീവായ ക്യാപ്റ്റനാണ് ഹർമൻ എന്നതില്‍ മറിച്ചഭിപ്രായമില്ല. മൈതാനത്തിറങ്ങിയാല്‍ ടീമിലെ സഹതാരങ്ങളേയും ഇത്രത്തോളം പിന്തുണയ്ക്കുകയും അവർക്കായ് ഏതറ്റം വരെയും പോകുന്ന ക്യാപ്റ്റൻ. ഹർമൻ ലോക പരാജയം ആണെന്നാണ് ഉയരുന്ന അഭിപ്രായം. വനിത ട്വന്റി 20 ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ ഏറ്റവുമധികം മത്സരങ്ങള്‍ ഒരു ടീമിനെ നയിച്ച ക്യാപ്റ്റൻ. 127 മത്സരങ്ങളില്‍ 73 വിജയം. വിജയശതമാനം 57.4.

ലോക ക്രിക്കറ്റ് തന്നെ പരിശോധിക്കാം. ഹർമനോളം അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ കളിച്ച മറ്റൊരു താരമില്ല. ക്യാപ്റ്റൻസിയിലും ഹർമനോളം പരിചയസമ്പത്ത് അവകാശപ്പെടാനും ആരുമില്ല. ഇനി ഏകദിനം. 44 മത്സരങ്ങളാണ് ഇന്ത്യയെ നയിച്ചത്, 27 ജയം നേടി. വിജയശതമാനം നോക്കിയാല്‍ ഇന്ത്യൻ വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ. അഗ്രസീവ് ക്രിക്കറ്റ് ഇന്ത്യൻ ടീമിലേക്ക് പറിച്ചുനട്ടത് ഹർമനാണെന്ന് പറഞ്ഞാലും തെറ്റുപറയാനാകില്ല. വനിത പ്രീമിയര്‍ ലീഗില്‍ മൂന്ന് സീസണില്‍ മുംബൈക്ക് രണ്ട് കിരീടങ്ങള്‍ നേടിക്കൊടുത്തു.

ഇനി സ്മൃതി മന്ദന. നിലവില്‍ വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് സ്മൃതി. ലോക ഒന്നാം നമ്പർ താരം. ഏകദിനത്തില്‍ 13 സെഞ്ച്വറികള്‍, മുന്നില്‍ ഓസ്ട്രേലിയൻ ഇതിഹാസം മെഗ് ലാനിങ് മാത്രം. ഈ കലണ്ടര്‍ വർഷം മാത്രം ആയിരത്തിലധികം റണ്‍സ്, നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത താരം. 2025ലും 2024ലും നാല് വീതം സെഞ്ച്വറികള്‍. തുടർച്ചയായ വർഷങ്ങളില്‍ ഇത് സാധ്യമാക്കിയ ഓരേ ഒരു താരമേയുള്ളു, സ്മൃതി മന്ദന.

90 സ്ട്രൈക്ക് റേറ്റിന് മുകളില്‍ അയ്യായിരത്തിലധികം റണ്‍സ്. വനിത ക്രിക്കറ്റില്‍ 90ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള താരങ്ങള്‍ തന്നെ വിരളമാണ്, ഇവിടെയാണ് സ്മൃതി റണ്‍മല കയറുന്നത്. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ വേഗമേറിയ സെഞ്ച്വറി, തകര്‍ത്തത് സാക്ഷാല്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ്.

ഇതിലും വലിയ കടമ്പ കടന്നവർ

മൂന്ന് തോല്‍വികള്‍ക്കൊണ്ട് വീഴുന്ന മനോവീര്യമല്ല അവരുടേത്. കാരണം അവർ സഞ്ചരിച്ചു വന്ന പാത അത്രത്തോളം കഠിനമായിരുന്നു. ബാറ്റുമെടുത്ത് മൈതാനത്തേക്ക് ചുവടുവെക്കാൻ തിരുത്തേണ്ടി വന്നത് നിലനിന്നുപോന്ന പല കാഴ്ചപ്പാടുകളേയുമായിരുന്നു. പടവെട്ടേണ്ടിവന്നത് കടുത്ത ദാരിദ്ര്യത്തോടും അവഗണനകളോടും സ്വന്തം കുടുംബത്തില്‍ നിന്നുപോലുമുള്ള എതിർപ്പുകളോടുമായിരുന്നു. ഇന്ത്യക്കായി അടുത്തിടെ അരങ്ങേറിയ ക്രാന്തി ഗൗഡിന്റെ കഥ തന്നെ ചൂണ്ടിക്കാണിക്കാം. വനിത ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിയിലെ താരമായിരുന്നു പേസറായ ക്രാന്തി.

എട്ട് വര്‍ഷം മുൻപ് ഇല്ലായ്മകളുടെ നടുവിലായിരുന്നു ക്രാന്തി. മധ്യപ്രദേശിലെ ഖുവാരയില്‍ സാമ്പത്തിക പ്രതിസന്ധികളുടെ ഏറ്റവും രൂക്ഷമായ അന്തരീക്ഷത്തിലൊരു കുടുംബം. ആറുമക്കളില്‍ ഏറ്റവും ഇളയവള്‍. എട്ടാം ക്ലാസോടെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പന്തിനെ കൈവിട്ടില്ല. പിതാവ് മുന്ന സിങ്ങിന്റെ ജോലിയിലുണ്ടായ പ്രതിസന്ധി ആ കുടുംബത്തെ കൂടുതല്‍ ദുഷ്കരമായ സാഹചര്യത്തിലേക്ക് തള്ളി വിടുകയാണ്. ക്രാന്തിയുടെ മൂത്ത സഹോദരനും പഠനമെന്ന സ്വപ്നം പാതിവഴിയില്‍ മറക്കേണ്ടി വന്നു. പക്ഷേ, ആ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും ക്രാന്തിര ക്രിക്കറ്റ് മോഹം വിട്ടില്ല.

വിശപ്പടക്കി താണ്ടിയ ദിവസങ്ങള്‍ക്കിടയിലും ക്രാന്തിയുടെ മൈതാനത്തേക്കുള്ള യാത്രകള്‍ ആ കുടുംബം മുടക്കിയില്ല. ക്രാന്തിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശം കണ്ട് പരിഹാസം ചൊരിഞ്ഞവരായിരുന്നു കൂടുതലും. ഛത്തര്‍പൂരിലെ സായ് ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് ജീവിതം മാറുന്നത്. പണമില്ലാതിരുന്ന ക്രാന്തിക്ക് ഫീസില്ലാതെ പരിശീലനം നല്‍കിയും ഷൂ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ഗിയര്‍ സൗജന്യമായി കൊടുത്തും പരിശീലകനായ രാജീവ് ബില്‍ത്താരയാണ് കരിയറിന് തറക്കല്ല് പാകുന്നത്. പിന്നീട് ക്രാന്തിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ക്രാന്തിയുടെപോലെ സമാനമായിരിക്കും വനിത ക്രിക്കറ്റ് ടീമിലുള്ള പലരുടേയും ജീവിതം.

മിതാലി രാജും അഞ്ജും ചോപ്രയും ജുലാൻ ഗോസ്വാമിയുമൊക്കെ തുടങ്ങിവെച്ച വിപ്ലവും തുടരുന്നവരാണ് ഹ‍ര്‍മനും സ്മൃതിയുമൊക്കെ. ബിസിസിഐയുടെ ലോഗോയില്ലാതെ വനിത താരങ്ങള്‍ കളിക്കുന്ന കാലമുണ്ടായിരുന്നു, പുതിയ ഹെല്‍മെറ്റോ കിറ്റോയില്ലാതെ താണ്ടിയ വര്‍ഷങ്ങള്‍ അവ‍ര്‍ക്കുണ്ടായിരുന്നു. മറുവശത്ത് എല്ലാവിധ സൗകര്യങ്ങളും ലഭിച്ച പുരുഷടീം ഇതേ ബിസിസിഐയുടെ കീഴിലുമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കളിക്കുമ്പോഴും ഇല്ലായ്മകളോടുകൂടി പോരടിക്കേണ്ടി വന്നിരുന്നു. 2017ല്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിയതോടെയാണ് എല്ലാത്തിനും മാറ്റം സംഭവിക്കുന്നത്.

ഇന്ത്യയുടെ മുക്കിലും മൂലയിലും പുരുഷ ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകാര്യത അവര്‍ക്കിന്ന് നേടാനായിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ചെറുതല്ലാത്ത അധ്വാനമുണ്ട്. ക്രിക്കറ്റിന്റെ സ്റ്റാൻഡാര്‍ഡ് ഉയര്‍ത്തി അവ‍ര്‍ പെയ്യിക്കുന്ന റണ്‍മഴയും ജയങ്ങളും പിന്തുടര്‍ന്നെത്തുന്ന തലമുറയ്ക്ക് കൂടിയുള്ളതാണ്. മാനന്തവാടിയില്‍ നിന്ന് മിന്നു മണി ഇന്ത്യൻ ടീമിലേക്ക് എത്തിയത് ഇവരുടെ ജീവിതത്തില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഇനിയും ഒരുപാട് മിന്നു മണിമാരും ക്രാന്തിമാരും നീലക്കുപ്പായം അണിയും. നേടിയെടുത്തതാണ് അവ‍ര്‍ ഈ ജീവിതം. വിമര്‍ശിക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും തുടരാം, അവര്‍ മൈതാനങ്ങള്‍ കീഴടക്കുന്നത് തുടരും.