ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നത് ദീപ്തി അവസാനം വരെ നിലയുറപ്പിക്കുക എന്നതു തന്നെയായിരുന്നു. സമ്മര്‍ദത്തെ കണക്കുകൂട്ടി കീഴടക്കാൻ ദീപ്തിയോളം വൈഭവം പിൻനിരയിലാര്‍ക്കുമില്ല

റണവീരയ്ക്ക് ഹാട്രിക്ക് നിഷേധിക്കുക എന്ന വലിയ സമ്മര്‍ദത്തിന് മുന്നിലാണ് ദീപ്തി ശര്‍മ എത്തുന്നത്. മറ്റ് ശ്രീലങ്കൻ ബൗളര്‍മാര്‍ക്ക് ലഭിച്ച പരമാവധി ടേണ്‍ 1.9 ഡിഗ്രിയായിരുന്നെങ്കില്‍ റണവീരയ്ക്ക് അത് മൂന്നിന് മുകളിലായിരുന്നു. ഒരു ഫോര്‍വേഡ് ഡിഫൻസിലൂടെ ഹാട്രിക്കിനെ അകറ്റി നിര്‍ത്തുമ്പോള്‍ അപ്പുറത്ത് ഹര്‍മൻപ്രീതിന്റെ സാന്നിധ്യമായിരിക്കാം ദീപ്തിയുടെ മുഖത്തെ ആത്മവിശ്വാസത്തിന് കാരണമായത്. പക്ഷേ ആത്മവിശ്വാസത്തിന്റെ തെളിച്ചമണയാൻ അധികം വൈകിയില്ല. നാല് റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം. 120-2 എന്ന നിലയില്‍ നിന്ന് 124-6 ലേക്കുണ്ടായ വീഴ്ച. ഒരു ലോകകപ്പിന് ഇങ്ങനെയൊരു തുടക്കമായിരിക്കില്ല ഇന്ത്യ ആശിച്ചത്, ഇതുപോലൊരു പരീക്ഷണമായിരിക്കില്ല ദീപ്തി ആഗ്രഹിച്ചത്.

ദീപ്തി-അമൻജോത് കൂട്ടുകെട്ട്

ദീപ്തി ശര്‍മ ക്രീസിലുള്ളപ്പോള്‍ ഇന്ത്യ എളുപ്പത്തില്‍ വീഴുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഗുവാഹത്തിയിലെ നിറഞ്ഞ ഗ്യാലറി പിന്നീട് കണ്ടത് സ്വീപ് ചെയ്ത് ലങ്കൻ ബൗളര്‍മാരെ മറികടക്കുന്ന ദീപ്തിയെയായിരുന്നു. ഒപ്പം അമൻജോത് കൗറും. 200 എന്ന സ്കോറുപോലും വിദൂര സ്വപ്നമായിരുന്നു ഇരുവരും ക്രീസില്‍ തങ്ങളുടെ ഇന്നിങ്സ് ആരംഭിക്കുമ്പോള്‍. പക്ഷേ, ദീപ്തിയും അമൻജോതും ഒരു തീരുമാനമെടുക്കുകയായിരുന്നു അവിടെ, പരമാവധി ഓവര്‍ ബാറ്റ് ചെയ്യുക, പരമാവധി എന്ന അവരുടെ ലക്ഷ്യത്തിന്റെ അര്‍ത്ഥം ഇന്ത്യൻ ഇന്നിങ്സിന്റെ അവസാനം എന്നുകൂടിയായിരുന്നു. അത്തപ്പത്തുവെറിഞ്ഞ 29-ാം ഓവറില്‍ സ്വീപ് ചെയ്ത് രണ്ട് ബൗണ്ടറി നേടിയാണ് സമ്മര്‍ദം അല്‍പ്പം ദീപ്തി കുറച്ചത്.

ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നത് ദീപ്തി അവസാനം വരെ നിലയുറപ്പിക്കുക എന്നതു തന്നെയായിരുന്നു. സമ്മര്‍ദത്തെ കണക്കുകൂട്ടി കീഴടക്കാൻ ദീപ്തിയോളം വൈഭവം പിൻനിരയിലാര്‍ക്കുമില്ല. പരുക്ക് നല്‍കിയ നീണ്ട ഇടവേളയ്ക്ക് ശേഷമെത്തിയ അമൻജോത് തന്റെ കന്നി ലോകകപ്പ് മത്സരത്തില്‍ രണവീരയെത്തന്നെ കൗണ്ടര്‍ അറ്റാക്ക് ചെയ്ത് ആരംഭിച്ചു. സിംഗിളുകള്‍ക്കൊണ്ടും ഇടവേളകളിലെ ബൗണ്ടറികള്‍ക്കൊണ്ടും ഇരുവരും ഇന്ത്യയെ കരകയറ്റുകയായിരുന്നു. സമീപകാല പ്രകടനങ്ങളില്‍ നിന്ന് വിഭിന്നമായി ഇന്ത്യയുടെ റണ്‍ റേറ്റ് 35-ാം ഓവര്‍ വരെ അഞ്ചിന് താഴെ നിലകൊണ്ടു. സാഹചര്യങ്ങളുണ്ടായിട്ടും ഒരു ഓള്‍ ഔട്ട് അറ്റാക്കിന് സഖ്യം മുതിര്‍ന്നിരുന്നില്ല.

സിംഗിളുകളില്‍ തന്നെയായിരുന്നു ഇരുവരുടേയും ശ്രദ്ധ. നിരന്തരം സ്റ്റമ്പിനെ ലക്ഷ്യമിട്ട ലങ്കൻ ബൗളര്‍മാര്‍ക്ക് ഇരുവരും സ്വീപ് ഷോട്ടിലൂടെ തന്നെ മറുപടികള്‍ നല്‍കി. സ്വീപ് ഷോട്ട് പുറത്തെടുത്ത 11 പന്തില്‍ 20 റണ്‍സായിരുന്നു ദീപ്തിയുടെ നേട്ടം. മൂന്ന് ബൗണ്ടറികള്‍. സമാനമായിരുന്നു അമൻജോതിന്റേയും കണക്കുകള്‍, സ്ലോഗ് സ്വീപ്പുകളെ കൂടുതല്‍ ആശ്രയിച്ച അമൻജോതും മൂന്ന് ബൗണ്ടറികള്‍ നേടി. 45 പന്തിലായിരുന്നു അമൻജോത് അര്‍ദ്ധ സെഞ്ച്വറി നേടിയത്. ദീപ്തി 50 പന്തുകളിലും. ഏഴാം വിക്കറ്റില്‍ 99 പന്തില്‍ 103 റണ്‍സാണ് സഖ്യം ചേര്‍ത്തത്. ഒടുവില്‍ സ്നേ റാണയുടെ ക്യാമിയോ 200 എന്ന വിദൂര സ്വപ്നത്തില്‍ നിന്ന് ഇന്ത്യയെ 269 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിച്ചു. കൈവിട്ട ക്യാച്ചുകള്‍ ലങ്കയെ ചതിച്ചു.

ബൗളിങ്ങിലും തിളക്കം

മറുപടിക്കിറങ്ങിയ ലങ്കയെ പിടിച്ചുകെട്ടിയതും ദീപ്തി-അമൻജോത് കൂട്ടുകെട്ട് കൂടിയായിരുന്നു. ജയത്തിലേക്ക് ഇന്ത്യക്ക് എത്തണമെങ്കില്‍ ഏറ്റവും അനിവാര്യമായിരുന്നത് ലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിന്റെ വിക്കറ്റായിരുന്നു. ഡബ്ല്യുപിഎല്ലില്‍ യുപി വാരിയേഴ്സില്‍ അത്തപ്പത്തുവിന്റെ സഹതാരമാണ് ദീപ്തി. അതുകൊണ്ട് തന്നെ ദീപ്തിയെ തന്നെയായിരുന്നു ഹര്‍മൻ പന്തേല്‍പ്പിച്ചതും. ഹ‍ര്‍മന്റേയും ദീപ്തിയുടേയും തന്ത്രങ്ങളെ രണ്ട് ഫോറും രണ്ട് സിക്സുംകൊണ്ടായിരുന്നു അത്തപ്പത്തും നേരിട്ടത്. പക്ഷേ, അവസാന ചിരി ദീപ്തിക്കു തന്നെയായിരുന്നു, അത്തപ്പത്തുവിന്റെ പ്രതിരോധം തകര്‍ത്ത് ബൗള്‍ഡാക്കിയാണ് ദീപ്തി വിക്കറ്റ് വേട്ട തുടങ്ങിയത്.

കവിഷ ദില്‍ഹാരി, അനുഷ്ക സഞ്ജീവിനി എന്നിവരുടെകൂടെ വിക്കറ്റുകള്‍ ദീപ്തി നേടിയപ്പോള്‍ വിശ്മി ഗുണരത്നയെ അമൻജോതും മടക്കി. 53 റണ്‍സും മൂന്ന് വിക്കറ്റുമായി ദീപ്തിയും 57 റണ്‍സും ഒരു വിക്കറ്റുമായി അമൻജോതും. എക്കാലവും സമ്മര്‍ദ സാഹചര്യങ്ങളില്‍ വഴുതി വീഴുന്ന ഇന്ത്യ ആ ചരിത്രം ഇന്നലെ തിരുത്തുകയായിരുന്നു. 2017ല്‍ ലോര്‍ഡ്സിലും, 2018ല്‍ അന്റിഗ്വയിലും 2023ല്‍ കേപ് ടൗണിലും ആവര്‍ത്തിച്ചത് ഗുവാഹത്തിയില്‍ സംഭവിച്ചില്ല. ആദ്യ മത്സരത്തില്‍ തന്നെ പരീക്ഷണം വിജയിച്ച ബാറ്റിങ് നിര നല്‍കുന്നത് ശുഭസൂചനയാണ്.