ബുമ്രയുടെ അരങ്ങേറ്റത്തിന് ശേഷം 74 മത്സരങ്ങളാണ് ഇന്ത്യ ഇതുവരെ ടെസ്റ്റില്‍ കളിച്ചിട്ടുള്ളത്
ജസ്പ്രിത് ബുമ്രയൊരു മാൻഡ്രേക്കാണ്, ബുമ്ര കളിക്കുന്ന ടെസ്റ്റുകളൊക്കെ ഇന്ത്യ തോല്‍ക്കുകയാണ്. ബുമ്രയില്ലെങ്കില്‍ ഇന്ത്യ ജയിക്കുകയും ചെയ്യും! ഇംഗ്ലണ്ട് പര്യടനത്തിലെ ബിര്‍മിങ്ഹാം ടെസ്റ്റിലെ ജയത്തിനും ലോര്‍ഡ്‌സിലെ തോല്‍വിക്കും ശേഷം സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് ചര്‍ച്ചകളിലുമൊക്കെ ഉയരുന്ന ഒരു നരേറ്റിവാണിത്. ബുമ്രയുടെ ടെസ്റ്റിലെ അരങ്ങേറ്റത്തിന് ശേഷമുള്ള ഇന്ത്യയുടെ ജയപരാജയ കണക്കുകളാണ് ഇതിന്റെയെല്ലാം ആധാരം. കണ്ണടച്ച് വിശ്വസിക്കേണ്ടതാണോ ഈ അക്കങ്ങള്‍, ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറുടെ മികവിന്റെ അടിസ്ഥാനമായി കാണേണ്ടത് ഈ താരതമ്യമാണോ? സത്യാവസ്ഥ പരിശോധിക്കാം.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണില്‍ 2018 ജനുവരിയിലാണ് ബുമ്ര അരങ്ങേറുന്നത്. ഈ മത്സരം ഉള്‍പ്പെടെ ഇതുവരെ 74 ടെസ്റ്റുകളാണ് ശേഷം ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ ബുമ്ര ഭാഗമായിട്ടുള്ള മത്സരങ്ങളുടെ എണ്ണം 47 ആണ്. ഇവിടെ ഇന്ത്യയുടെ വിജയങ്ങളുടെ എണ്ണം 20, തോല്‍വി 23, നാല് സമനില. വിജയശതമാനം 42ല്‍ എത്തി നില്‍ക്കുന്നു. ഇനി ബുംറയുടെ അഭാവത്തില്‍ ഇന്ത്യ സമാന കാലയളവില്‍ 27 ടെസ്റ്റുകളില്‍ മൈതാനത്തിറങ്ങി, 19ലും വിജയം, അഞ്ച് തോല്‍വിയും മൂന്ന് സമനിലയും, വിജയശതമാനം 70. ഒറ്റ നോട്ടത്തില്‍ തുടക്കത്തില്‍ പറഞ്ഞ വാചകങ്ങള്‍ ശരിയായി തോന്നിയേക്കാം. പക്ഷേ, ചില വസ്തുതകള്‍ക്കൂടി ചേര്‍ത്തുവെക്കാം.
ബുമ്ര കളിച്ച 47 ടെസ്റ്റുകളില്‍ ഭൂരിഭാഗവും സെനയിലും മറ്റ് വിദേശ രാജ്യങ്ങളിലുമാണ്. സെന രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ. ഇന്ത്യയ്ക്ക് വിജയം ദുഷ്ക്കരമാകുന്ന സാഹചര്യങ്ങളും മോശം റെക്കോര്‍ഡുള്ള മൈതാനങ്ങളും. 35 മത്സരങ്ങളിലാണ് ബുമ്ര വിദേശ വിക്കറ്റുകളില്‍ പന്തെറിഞ്ഞിട്ടുള്ളത്. അതായത് ടെസ്റ്റ് കരിയറിലെ 74 ശതമാനം മത്സരങ്ങളും വിദേശത്തായിരുന്നു.
വിദേശത്ത് 170 വിക്കറ്റുകളും ഇന്ത്യയില്‍ 47 വിക്കറ്റുകളും വലം കയ്യൻ പേസറുടെ പേരിലുണ്ട്. ഏറ്റവും രസകരമായ വസ്തുത, ബുമ്രയാകെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളത് 12 ടെസ്റ്റുകള്‍ മാത്രമാണ്. ഇത്രയും തന്നെ ടെസ്റ്റുകള്‍ ബുമ്ര ഓസ്ട്രേലിയയില്‍ മാത്രം കളിച്ചിട്ടുണ്ട്. സാധാരണ താരങ്ങളുടെ കരിയറെടുത്താല്‍ സ്വദേശത്തായിരിക്കും മത്സരങ്ങള്‍ കൂടുതല്‍.ബുമ്രയുടെ കാര്യത്തില്‍ ഇത് മറിച്ചാണ് താനും. ഓവര്‍സീസ് ബീസ്റ്റെന്നൊക്കെ ആരാധകര്‍ ബുംറയെ വിശേഷിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെ, അവസാന ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയൊക്കെ ഉദാഹരണമാണ്.
ഇന്ത്യയില്‍ ബുമ്ര ശരാശരി ഒരു ഇന്നിങ്സില്‍ എറിയുന്നത് 12 ഓവര്‍ മാത്രമാണ്, വിദേശത്തേക്ക് എത്തുമ്പോള്‍ ഇത് 18 ആയും ഉയരുന്നു. ഇന്ത്യയില്‍ ആകെ എറിഞ്ഞത് 278 ഓവറും വിദേശത്ത് ഇത് 1200ലധികവുമാണ്.
ഇനി ബുമ്രയുടെ അഭാവത്തില്‍ എന്തുകൊണ്ട് ഇന്ത്യ കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കിയെന്ന് നോക്കാം. 27 മത്സരങ്ങളാണ് ബുംറയില്ലാതെ ഇന്ത്യ കളിച്ചത്. ഇതില്‍ 18 എണ്ണവും ഇന്ത്യയില്‍ തന്നെയായിരുന്നു. ഇന്ത്യയിലെ വിക്കറ്റുകളില്‍ പേസര്‍മാരുടെ പ്രാധാന്യം എത്രത്തോളമുണ്ട് എന്നത് പറയേണ്ടതില്ലല്ലൊ. സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. 18 മത്സരത്തില്‍ നിന്ന് 14 ജയവും നേടി. മറ്റ് വിജയങ്ങളില്‍ ഭൂരിഭാഗവും ബംഗ്ലാദേശിലും വെസ്റ്റ് ഇൻഡീസിലുമാണ്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഓരോ ജയങ്ങളും. ബിര്‍മിങ്ഹാമും ഗാബയും.
സെന രാജ്യങ്ങളിലെ ഇന്ത്യയുടെ വിജയങ്ങളുടെ ആകെ എണ്ണം 30 ആണ്. ഇതില്‍ പത്തിലും ബുമ്ര ഭാഗമായിട്ടുണ്ട്. ഇന്ത്യയുടെ ജയങ്ങളിലെ ബുമ്രയുടെ പങ്കും വ്യക്തമാക്കുന്ന കണക്കുകളുണ്ട്. 20 മത്സരങ്ങലില്‍ നിന്ന് 110 വിക്കറ്റുകളാണ് ബുമ്ര നേടിയത്. ശരാശരി കേവലം 14.50 മാത്രവും. ഒൻപത് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സംഭവിച്ചത്, ഏഴും വിദേശത്ത്. പരാജയപ്പെട്ട 23 മത്സരങ്ങളില്‍ 85 വിക്കറ്റും ബുമ്രയുടെ പേരിലുണ്ട്, 26.24 ആണ് ശരാശരി. ഇവിടെയും നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനമുണ്ടായി.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരിക്കലും ബുമ്രയുടെ സാന്നിധ്യമല്ല ഇന്ത്യയുടെ പരാജയങ്ങള്‍ക്ക് കാരണമായതെന്ന് വ്യക്തമാണ്. ജനറേഷല്‍ ബൗളറായ ബുമ്രയുടെ മികവ് വിദേശ വിക്കറ്റുകളില്‍ ഇന്ത്യയ്ക്ക് എത്രത്തോളം മേല്‍ക്കൈ നല്‍കിയിട്ടുണ്ടെന്നും തെളിയിക്കുന്നു.


