സ്ഥിരത തെളിയിക്കാൻ മാത്രം അവസരം കരുണിന് ലഭിച്ചിട്ടില്ല എന്ന വസ്തുത ഇത്രയും കാലം മുന്നിലുണ്ടായിരുന്നു
പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ എന്ന ആ വരികള്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഐതിഹാസിക ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള ഒന്ന്. കരുണ്‍ നായര്‍ എന്ന ഇൻസ്പെയറിങ് സ്റ്റോറിയുടെ ഇംഗ്ലീഷ് അധ്യായം ഒരു ഫെയറി ടെയിലുപോലാകണമെന്ന് കൊതിച്ചായിരുന്നു മൈതാനങ്ങളിലേക്ക് കണ്ണുനട്ടിരുന്നത്. എന്നാല്‍ കഥയിലെ കൈപ്പേറിയ താളുകളാകുയാണ് ആൻഡേഴ്‌സണ്‍-ടെൻഡുല്‍ക്കര്‍ ട്രോഫി. കരുണിനോടുള്ള കരുണ ഇന്ത്യൻ ടീം തുടരുമോ.
രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും അഭാവത്തില്‍ പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നു. അതിന് ഉത്തരമായിരുന്നു കരുണ്‍. ഒരുപക്ഷേ, രോഹിതോ കോലിയോ ഉണ്ടായിരുന്നെങ്കില്‍ കരുണിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടക്കം ഇനിയും വൈകുമായിരുന്നിരിക്കാം. റെക്കോര്‍ഡ് പുസ്തകത്തില്‍ വിരേന്ദര്‍ സേവാഗിന്റെ ഏകാന്തത അവസാനിപ്പിച്ച് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ വിധിക്കപ്പെട്ടതാണ്.
അതുകൊണ്ട്, കരിയറോളം നിര്‍ണായകമായിരുന്നു കരുണിന് ഇംഗ്ലണ്ട് പര്യടനം. പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ 131 റണ്‍സ് മാത്രമാണ് വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ലോര്‍ഡ്‌സിലെ ഒന്നാം ഇന്നിങ്സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 25നും താഴെയായും നിലനില്‍ക്കുന്നു. ലീഡ്‌സില്‍ ആറാം നമ്പറില്‍ തുടങ്ങിയെങ്കില്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും മുൻനിരയിലായിരുന്നു കരുണില്‍ ടീം വിശ്വാസം അര്‍പ്പിച്ചത്.
ലീഡ്‌സില്‍ ഒലി പോപ്പിന്റെ അത്‌ലറ്റിസം പൂജ്യനായി മടക്കി, രണ്ടാം ഇന്നിങ്സില്‍ പന്തെറിഞ്ഞ വോക്ക്‌സിന് തന്നെ ക്യാച്ച് നല്‍കിയൊരു സോഫ്റ്റ് ഡിസ്‌മിസല്‍. 20 റണ്‍സാണ് നേടിയത്. ബിര്‍മിങ്ഹാമില്‍ ബ്രൈഡണ്‍ കാഴ്‌സിന് വിക്കറ്റില്‍ നിന്ന് ലഭിച്ച എക്‌സ്ട്ര ബൗണ്‍സും പുറത്തെടുത്ത കൃത്യതയുമാണ് കരുണിന് വില്ലനായത്. ആദ്യ ഇന്നിങ്സില്‍ 31 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 26 റണ്‍സും സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു മലയാളി താരം.
ലോര്‍ഡ്‌സില്‍ ആദ്യ അവസരത്തില്‍ ജോ റൂട്ടിന്റെ സ്റ്റണ്ണറായിരുന്നു കരുണിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ കാഴ്‌സിന്റെ സ്ട്രെയിറ്റ് ഡെലിവെറിയെ മിസ് ജഡ്‌ജ് ചെയ്തതും പവലിയനിലേക്ക് മടങ്ങുന്നതിന് കാരണമായി. ലോര്‍ഡ്‌സില്‍ കരുണ്‍ നിലകൊള്ളേണ്ടത് മറ്റേത് ദിനത്തിനേക്കാള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. ഇവിടെയാണ് പിഴവ് സംഭവിച്ചതും. നാലാം ദിനം കരുണ്‍ മടങ്ങിയതിന് ശേഷം നായകൻ ശുഭ്‌മാൻ ഗില്ലിന്റേയും നൈറ്റ് വാച്ച്മാൻ ആകാശ് ദീപിന്റേയും വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി.
ഇതായിരുന്നു ഇന്ത്യയെ വിജയത്തില്‍ നിന്ന് പിന്നോട്ടടിച്ച ഘടകങ്ങളിലും നിര്‍ണായകമായ ഒന്ന്. ലീഡ്‌സിലെ ഒന്നാം ഇന്നിങ്സ് ഒഴികെ മറ്റെല്ലാ അവസരങ്ങളിലും മികച്ച തുടക്കം കരുണിന് ലഭിച്ചിരുന്നുവെന്നതും വിസ്മരിക്കാനാകില്ല. എല്ലാം വളരെ കമ്പോസ്‌ഡായ കണ്‍ട്രോള്‍ഡായ ബാറ്റിങ് മികവും. പക്ഷേ, ലഭിക്കുന്ന ഈ തുടക്കം രാഹുല്‍, ഗില്‍, ജയ്‌സ്വാള്‍, പന്ത് എന്നിവരെ പോലെ ഒരു വലിയ സ്കോറിലേക്ക് എത്തിക്കുന്നതില്‍ കരുണ്‍ പരാജയപ്പെടുന്നത് തുടര്‍ കാഴ്ചയാവുകയാണ് പരമ്പരയില്‍.
സ്ഥിരതയില്ലായ്‌മയായിരുന്നു ഇന്ത്യൻ ടീമില്‍ നിന്ന് കരുണിനെ അകറ്റാനുള്ള കാരണമായി പലരും ചൂണ്ടിക്കാണിച്ചത്. എന്നാല്‍, സ്ഥിരത തെളിയിക്കാൻ മാത്രം അവസരം കരുണിന് ലഭിച്ചിട്ടില്ല എന്ന വസ്തുതയും മറുവശത്തുണ്ട്. കരിയറില്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ കളിച്ച ബാക്കി 12 ഇന്നിങ്സുകളില്‍ ഒരു തവണ പോലും 50 കടക്കാൻ കരുണിനായിട്ടില്ല. മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടും ഒരു വലിയ സ്കോറില്ല എന്നതാണ് ആശങ്ക.
മാഞ്ചസ്റ്ററില്‍ നിര്‍ണായകമായ നാലാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ കരുണ്‍ ഉണ്ടാകുമോയെന്നതാണ് ചോദ്യം. ആദ്യ ടെസ്റ്റില്‍ മാത്രം അവസരം ലഭിക്കുകയും പിന്നീട് പുറത്തിരിക്കേണ്ടി വരികയും ചെയ്ത സായ് സുദര്‍ശനുവേണ്ടി മുൻതാരങ്ങള്‍ വരെ വാദമുയര്‍ത്തുന്നുണ്ട്. മൂന്നാം നമ്പറില്‍ സായ്ക്ക് പരിയസമ്പത്തുണ്ടാകണമെങ്കില്‍ അവസരം നല്‍കണമെന്നാണ് നിര്‍ദേശങ്ങള്‍. പ്രത്യേകിച്ചും വിദേശ വിക്കറ്റുകളില്‍. ലീഡ്‌സില്‍ രണ്ട് ഇന്നിങ്സിലും ഇംപാക്‌റ്റുണ്ടാക്കാൻ സായിക്കുമായിരുന്നില്ല. 0, 30 എന്നിങ്ങനെയായിരുന്നു സ്കോര്‍.
ദീര്‍ഘകാല മൂന്നാം നമ്പറായാണ് സായിയെ കണക്കാക്കുന്നതെങ്കില്‍ കരുണിനേക്കാള്‍ മുകളില്‍ പരിഗണിക്കേണ്ടതും യുവതാരത്തെയാണെന്നും അഭിപ്രായങ്ങളുണ്ട്. സായ്ക്ക് അവസരമൊരുങ്ങിയാല്‍ കരുണിന് ഒന്നുകില്‍ ആറാം നമ്പറിലേക്ക് തിരിച്ചിറങ്ങേണ്ടി വരും. അല്ലെങ്കില്‍ പുറത്തിരിക്കേണ്ടതായും. അങ്ങനെയെങ്കില്‍ കൊതിച്ചൊരു തിരിച്ചുവരവ് ലഭിക്കാതെ ഇംഗ്ലണ്ടില്‍ നിന്ന് തിരിക്കേണ്ടി വന്നേക്കാം കരുണിന്. ഒരുപക്ഷേ, ഇനിയൊരു അവസരം അയാളെ തേടിയെത്തുമോയെന്നും അറിയില്ല.
വലിയ ഇന്നിങ്സിന്റെ അഭാവത്തില്‍ കരുണിനെ ഇത്രപെട്ടന്ന് അളക്കേണ്ടതുണ്ടോയെന്നതും ചോദ്യമാണ്. പ്രത്യേകിച്ചും മികച്ച തുടക്കങ്ങള്‍ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള പശ്ചാത്തലത്തില്‍. മാഞ്ചസ്റ്ററില്‍ അവസരം ലഭിച്ചാല്‍ കരുണിന് അത് കണ്ടത്തേണ്ടി വരും. സാധിച്ചാല്‍ തിരിച്ചുവരവ് പൂര്‍ണമാകുക മാത്രമല്ല, ടെസ്റ്റ് കുപ്പായത്തില്‍ തുടരാനും കഴിയും.


