മൊറോക്കൻ വേഗതയ്ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു ബ്രസീല്‍, കാല്‍പ്പന്തുകൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്തവരുടെ ബൂട്ടുകള്‍ അതൊക്കെയും മറന്നതുപോലെ
25 വാര അകലെ നിന്ന് അയ്‌നോയിയുടെ ആ വലം കാല്‍ ഷോട്ട് ബോക്‌സിന്റെ വലതുമൂലയിലേക്ക് കുതിച്ചപ്പോള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടങ്ങളില്‍ ബ്രസീലിയൻ ആരാധകര്‍ വിറങ്ങലിച്ചിട്ടുണ്ടാകണം...അവര്‍ ആലിസണ്‍ ബെക്കറിന്റെ കൈകളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല, ഒന്നല്ല, രണ്ട് വട്ടമാണ് അവസാന നിമിഷം അയാള്‍ ആ ജനതയെ വലിയൊരു ദുസ്വപ്നത്തില്‍ നിന്ന് തിരിച്ചുപിടിച്ചത്.
ഒരു ലോകകപ്പ് തോറ്റുതുടങ്ങുന്ന ബ്രസീല്‍, വിദൂരമായിപ്പോലും അങ്ങനെയൊരു കാഴ്ച ഫുട്ബോള്‍ മൈതാനത്ത് കാണാനാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഒരുപക്ഷേ, അമേരിക്കൻ മണ്ണില്‍ അത് സംഭവിക്കുമായിരുന്നു. മൊറോക്കോയ്ക്ക് എതിരായ സമനില, അത് കാര്‍ളൊ ആഞ്ചലോട്ടി എന്ന അതികായനും ബ്രസീലിനും ഒരു അലാമാണ്.
80,663 കാണികള്‍. പീറ്റര്‍ ഡ്രൂറി ന്യൂജഴ്‌സിയേയും ലോകത്തേയും ആ പകലിലേക്ക് ക്ഷണിച്ചു. ബ്രസീല്‍ വേഴ്‌സസ് മൊറോക്കൊ. രാത്രിയും പകലും പുലര്‍ച്ചയുമായി അങ്ങ് റിയോ ഡി ജനീറൊ മുതല്‍ ഇങ്ങ് കേരളം വരെ നീളുന്ന ആരാധകര്‍ കാത്തിരുന്ന ആ വിസില്‍ മുഴങ്ങി. മൈതാനത്ത് ഇറങ്ങിയ 11 പേര്‍ക്ക് അവരോടൊക്കെ ചിലത് പറയാനുണ്ടായിരുന്നു. പക്ഷേ, മൊറോക്കൻ വേഗതയ്ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു ബ്രസീല്‍, കാല്‍പ്പന്തുകൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്തവരുടെ ബൂട്ടുകള്‍ അതൊക്കെയും മറന്നതുപോലെ.
ആദ്യ 30 മിനുറ്റുകള്‍ ആഞ്ചലോട്ടിയുടെ കുട്ടികള്‍ ഒരിക്കലും ഓര്‍ക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. ബ്രസീലിന് ഐതിഹാസിക രാവുകള്‍ സമ്മാനിച്ച റൊണാള്‍ഡോയും കക്കയും റൊബേര്‍ട്ടൊ കാര്‍ലോസും കഫുവുമെല്ലാം തങ്ങളുടെ പിൻഗാമികള്‍ ചരിത്രത്തിന്റെ നിഴല്‍ മാത്രമായി മാറുന്നത് നിസഹായരായി നോക്കി നിന്നു. അവസാനമില്ലാത്ത മിസ് പാസുകള്‍, മധ്യനിരയില്‍ കോര്‍ഡിനേഷന്റെ അഭാവം, ഓര്‍ഗനൈസ്‌ഡാകാത്ത ശൈലി, വിശ്വസിക്കാൻ പോലും ആകാത്തവിധമായിരുന്നു ബ്രസീലിന്റെ സഞ്ചാരം.
അഷ്‌റഫ് ഹക്കിമി, നുസൈര്‍ മസ്‌റോയി, ബ്രാഹിം ഡയാസ്, ബിലാല്‍ എല്‍ ഖനൂസ്, ഇസ്‌മയില്‍ സൈബാരി...ബ്രസീലിന്റെ മധ്യനിരയ്ക്കും പ്രതിരോധത്തിനും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു ഇവര്‍ സെറ്റ് ചെയ്ത ടെമ്പോയും പേസും. 21-ാം മിനുറ്റ്. ബ്രസീലിന്റെ പ്രതിരോധത്തിന് കുറുകെ ബ്രാഹിം ഡിയാസിന്റെ ത്രൂ ബോള്‍, ആലിസണിന്റെ തലയ്ക്ക് മുകളിലൂടെ മനോഹരമായി ലോബ് ചെയ്ത് സൈബാരി വലയിലെത്തിച്ചു. പ്രതിക്ഷിച്ചതെല്ലാം സംഭവിക്കുകയായിരുന്നു.
ഒത്തൊരുമയോടെ കളിക്കാനാകാത്ത നിമിഷങ്ങളിലാണ് സൂപ്പര്‍താരങ്ങളിലേക്ക് ഒരു ടീം ഉറ്റുനോക്കുന്നത്. ബ്രസീലിനായി അത് സംഭവിച്ചു, വിനീഷ്യസ് ജൂനിയറിലൂടെ. ഗിമറായിസിന്റെ ഒരുമോശം പാസ് വീണ്ടെടുത്താണ് വിനീഷ്യസ് തുടങ്ങുന്നത്. ബോക്‌സിനുള്ളില്‍ മൊറോക്കൻ പ്രതിരോധതാരങ്ങളെ ഷാര്‍പ്പായി കട്ട് ചെയ്തൊരു ഷോട്ട്, യാസിൻ ബൗനോയ്ക്ക് അവിടെ റോളുണ്ടായില്ല, വിനിയുടെ ഇൻഡിവ്യൂജുവല്‍ ബ്രില്യൻസിലായിരുന്നു ബ്രസീല്‍ ഒപ്പമെത്തിയത്...കളിയുടെ ഒഴുക്കിനെതിരെ പിറന്ന ഗോള്‍.
പിന്നീട് മൈതാനം ശാന്തമായി, മൊറോക്കോയില്‍ നിന്ന് കളിയുടെ നിയന്ത്രണം ബ്രസീല്‍ തിരിച്ചുപിടിച്ചു. രണ്ടാം പകുതിയില്‍ അവസാന നിമിഷങ്ങളില്‍ മാത്രമാണ് മൊറോക്കോയ്ക്ക് ബ്രസീലിന്റെ ഗോള്‍ മുഖത്തേക്ക് പോലും ഒരു ഷോട്ട് തൊടുക്കാനായത്. പക്ഷെ ബ്രസീല്‍ നിരയിലെ പ്രശ്നങ്ങള്‍ക്കൊന്നും അപ്പോഴും പരിഹാരമായിരുന്നില്ല. ആ പ്രശ്നങ്ങള്‍ അവരെ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടം കടത്താൻ അനുവദിക്കുന്നതുമല്ല.
കാസിമീറോ, ഗിമറായിഷ്, ലൂക്കാസ് പക്വേറ്റ. ആഞ്ചലോട്ടിയുടെ 4-2-3-1 സിസ്റ്റത്തില്‍ മധ്യനിരയുടെ നിയന്ത്രണം ഇവര്‍ക്കായിരുന്നു. എന്നാല്‍ കാസിമീറോയും ഗിമറായിഷും യുവതാരം ആയുബ് ബുവാദി നയിച്ച മൊറോക്കൻ മധ്യനിരയെ കണ്‍ടൈൻ ചെയ്യുന്നതില്‍ പൂര്‍ണമായും തന്നെ പരാജയപ്പെട്ടു. പ്രതിരോധവും അറ്റാക്കിങ്ങും അതിവേഗം സ്വിച്ച് ചെയ്യാൻ കഴിയുന്ന മൊറോക്കൊ. അവരുടെ മുന്നേറ്റങ്ങളുടെ ഒഴുക്കിനെ തടയാനും പന്ത് വീണ്ടെടുത്ത് സ്പേസും അവസരങ്ങളും ഒരുക്കാനും കഴിയുന്ന ഒരു മധ്യനിര ബ്രസീലിനില്ല.
ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ പക്വേറ്റയ്ക്ക് എത്രത്തോളം വളരാനായിട്ടുണ്ട് എന്നത് ചോദ്യമാണ്. പക്വേറ്റയിലൂടെയാണ് ഈ ലോകകപ്പില്‍ ആഞ്ചലോട്ടി കളിമെനയാൻ തീരുമാനിച്ചതെങ്കില്‍ നിരാശയായിരിക്കും ഫലം. നെയ്മറിനെപ്പോലെ വിഷനും ഇമാജിനേഷനും ക്രിയേറ്റിവിറ്റിയുമുള്ള ഒരാളെയാണ് ബ്രസീലിന് മധ്യനിരയില്‍ ആവശ്യം. അത് ലഭിക്കാത്ത പക്ഷം നോക്കൗട്ട് ഘട്ടമൊക്കെ താണ്ടുക പ്രയാസമായിരിക്കുമെന്ന് ആദ്യ മത്സരം തന്നെ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്.
ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റനിരയാണ് ബ്രസീല്‍, അതിന് അനുയോജ്യമായാണ് തന്ത്രങ്ങളും. ഇടതുവിങ്ങില്‍ വിനീഷ്യസും വലതുവിങ്ങില്‍ റഫീഞ്ഞ്യയും. ഇരുവരിലൂടെ സഞ്ചരിക്കുന്ന മുന്നേറ്റത്തിന് ഇഗോര്‍ തിയാഗോയിലൂടെ അവസാനം. പക്ഷേ, ഹക്കിമിയെന്ന റൈറ്റ് ബാക്ക് വിനീഷ്യസിനേയും മസ്‌റോയി റഫീഞ്ഞ്യയേയും പോക്കറ്റിലാക്കുകയായിരുന്നു മെറ്റ്ലൈഫില്‍. ഹക്കീമിക്ക് അതിന് കഴിയാതെ പോയ ഏക സാഹചര്യത്തിലായിരുന്നു വിനീഷ്യസിന് ഗോള്‍ പോലും കണ്ടെത്താൻ സാധിച്ചത്.
മൊറോക്കോയുടെ കോംപാക്റ്റായ ഡിഫൻസീവ് സിസ്റ്റം ആഞ്ചലോട്ടിയുടെ തന്ത്രങ്ങളെ പൂര്‍ണമായും ചോദ്യം ചെയ്തു. മൊറോക്കോയേക്കാള്‍ മികച്ച പ്രതിരോധക്കോട്ട തീര്‍ക്കുന്ന സംഘങ്ങള്‍ ലോകകപ്പിലുണ്ടെന്നും മറക്കേണ്ടതില്ല. ബ്രസീലിന്റെ പ്രതിരോധം വള്‍ണറബിള്‍ ആയിരുന്നുവെന്നത് മറ്റൊരു വസ്തുതയായും മുന്നിലുണ്ട്. പന്തുനഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ഡിഫൻസീവ് ഷേപ്പിലേക്ക് മടങ്ങിയെത്താൻ കഴിയാതെ പോകുന്നു, അല്ലെങ്കില്‍ അധികസമയമെടുക്കുന്നു.
ഹക്കിമിക്ക് അനായാസാം റൈറ്റ് ബാക്ക് പൊസിഷനില്‍ നിന്ന് ബോക്‌സിലേക്ക് കുതിച്ചെത്താൻ പലകുറി സാധിച്ചുവെന്നത് തന്നെ ഉദാഹരണം. മികച്ച ഫുള്‍ബാക്കുകളുടെ അഭാവം ടൂര്‍ണമെന്റില്‍ ബ്രസീല്‍ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയായേക്കും.
ഇമാജിനേഷനില്ലാത്ത മധ്യനിരയും തുടക്കത്തിലെ തുറന്നുകാട്ടപ്പെടുന്ന പ്രതിരോധവും...അഞ്ചലോട്ടിക്ക് പരിമിതമായ പേരുകളാണ് മുന്നിലുള്ളത്. തന്ത്രങ്ങള്‍ക്കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഡോണ്‍ കാര്‍ലോയ്ക്ക് ബ്രസീലിനെ വീണ്ടെടുത്ത് നല്‍കാൻ കഴിയുമോയെന്നത് ആശങ്കയാണ്, നോക്കൗട്ട് കടക്കാൻ സാധിക്കുമോയെന്ന വലിയ ചോദ്യം മുന്നിലുയര്‍ന്ന് നില്‍പ്പുണ്ട്.


