ഖത്തറില്‍ സംഭവിച്ചതൊന്നും ഒരു അത്ഭുതമല്ലെന്ന് ഈ ലോകത്തോട് മൊറോക്കോയ്ക്ക് വിളിച്ച് പറയേണ്ടതുണ്ട്. ബ്രസീല്‍, അവരെ മറികടക്കുന്നതിലും വലുതൊന്നും ആ വിളമ്പരത്തിനായി ആവശ്യമില്ല
മൊറോക്കൻ ജനത ആദ്യമായി ലോകകപ്പിന്റെ മധുരവും ആവേശവും നുണഞ്ഞ നാളുകള്‍ ഓർമയില്ലെ. മെക്‌സിക്കൊ വിശ്വകിരീടപ്പോരിന് മൈതാനമൊരുക്കിയ വർഷമായിരുന്നു അത്, 1970. ആ ടൂർണമെന്റ് അവസാനിക്കുമ്പോള്‍ ബ്രസീല്‍ തങ്ങളുടെ കുപ്പായത്തിലേക്ക് മൂന്നാമത്തെ നക്ഷത്രം തുന്നിച്ചേർത്തു, പെലെയുടെ സംഘം. മറുവശത്ത് ലോകവേദിയില്‍ പോയിന്റ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന അഭിമാനമായിരുന്നു മൊറോക്കോയ്ക്ക്, ബള്‍ഗേറിയക്ക് എതിരായ സമനിലയ്ക്ക് അന്ന് ജയത്തിനോളം വലുപ്പമുണ്ടായിരുന്നു.
അരനൂറ്റാണ്ടിന്റെ ദൂരത്തിനപ്പുറം മറ്റൊരു ലോകകപ്പ്, ഖത്തര്‍. അല്‍ റയാനില്‍ സ്പെയിൻ, യാസീൻ ബൂനോയുടെ കരങ്ങള്‍ക്ക് നന്ദി, അല്‍ തുമാമ സ്റ്റേഡിയത്തില്‍ പറങ്കിപ്പട വീണു, യൂസഫ് എൻ നെസീരി, അയാളായിരുന്നു ഹീറോ, അന്ന് പൂര്‍ണതകൈവരിക്കാൻ എത്തിയ ഇതിഹാസത്തെ അവര്‍ കണ്ണീരണിയിച്ചു...എന്തൊരു യാത്രയായിരുന്നു അത്, ഒടുവില്‍ സെമി ഫൈനലില്‍ ദിദിയര്‍ ദഷാംപ്സിന്റെ കുട്ടികള്‍ ആ സ്വപ്നയാത്ര അവസാനിപ്പിക്കുമ്പോഴേക്കും മൊറോക്കൊ ഫുട്ബോള്‍ ഭൂമികയില്‍ അവരുടെ ബൂട്ടുകള്‍ അടയാളപ്പെടുത്തിയിരുന്നു.
അമേരിക്കൻ മണ്ണില്‍, സ്റ്റാറ്റ്യു ഓഫ് ലിബേര്‍ട്ടിയില്‍ നിന്നൊരു 17 മൈല്‍ അകലെ, മെറ്റ് ലൈഫ് സ്റ്റേഡിയം. എണ്‍പതിനായിരത്തിലധികം വരുന്ന കാണികള്‍ ആ തുകല്‍പന്തിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കും. രണ്ട് പതിറ്റാണ്ടിന്റെ നിരാശയുടെ ഭാരവും പേറിയായിരിക്കും കാര്‍ളൊ ആഞ്ചലോട്ടിയുടെ ബ്രസീല്‍ പന്തുതട്ടുക, തങ്ങളെ ആഘോഷിച്ച ലോകത്തിന് മുന്നില്‍ തങ്ങളുടെ അസ്ഥിത്വത്തെ തെളിയിക്കേണ്ടതുണ്ട് അവര്‍ക്ക് ഈ സായാഹ്നത്തില്‍. കാരണം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ വിശ്വവേദിയില്‍ കാനറികളുടെ കണ്ണുകള്‍ ആനന്ദമെന്തെന്ന് അറിഞ്ഞിട്ടില്ല.
മറുവശത്ത് അവരാണ്, മൊറോക്കൊ. ഖത്തറില്‍ സംഭവിച്ചതൊന്നും ഒരു അത്ഭുതമല്ലെന്ന് ഈ ലോകത്തോട് അവര്‍ക്ക് വിളിച്ച് പറയേണ്ടതുണ്ട്. ബ്രസീല്‍, അവരെ മറികടക്കുന്നതിലും വലുതൊന്നും ആ വിളമ്പരത്തിനായി ആവശ്യമില്ല. മൊറോക്കൊ ബ്രസീലിനെ കീഴടക്കാൻ സാധിക്കുെന്ന്, അല്ലെങ്കില്‍ വിനിഷ്യസിന്റെ സംഘത്തിന് മൊറോക്കൊ എളുപ്പമല്ലെന്ന് പകല്‍പോലെ വിശ്വസിക്കുന്ന ഒരു ജനസമൂഹം ഇന്നുണ്ട്, ഫുട്ബോളിലെ ഇന്നിന്റെ യാഥാര്‍ത്ഥ്യമതാണ്.
എന്തുകൊണ്ടായിരിക്കാം മൊറോക്കോയെ ഫുട്ബോള്‍ ലോകം അത്ഭുതത്തോടെയും ഭയത്തോടെയും ഉറ്റുനോക്കുന്നത്. ബ്രസീലിന് അവരെ മറികടക്കാൻ കഴിയുമോ.
യൂറോപ്യൻ ഫുട്ബോളിന്റെ ഡിസിപ്ലിനും തന്ത്രങ്ങളും അവരുടെ കൈവശമുണ്ട്. ആഫ്രിക്കൻ ഫുട്ബോളിന്റെ സൗന്ദര്യമായ വേഗതയും ആക്രമണവും അണ്‍പ്രഡിക്റ്റബിലിറ്റിയും കൂട്ടിനുണ്ട്. ഇത് രണ്ടം സമം ചേര്‍ന്നതാണ് മൊറോക്കോ. ദീര്‍ഘനേരം പന്ത് കൈവശം വെച്ച് എതിരാളികളുടെ തന്ത്രങ്ങളിലേക്ക് കടന്നുകയറി കളിയുടെ ഗതിയെ നിശ്ചയിക്കുകയല്ല മറൊക്കോ. പന്ത് നേടിയെടുക്കുക, പൊടുന്നനെ ആക്രമണം തുറന്നുവിടുക, പ്രത്യേകിച്ചു വിങ്ങുകള്‍ വഴി, ഇവിടെ എതിരാളികള്‍ അവരുടെ സിസ്റ്റത്തെ പൊളിച്ചെഴുതാൻ നിര്‍ബന്ധിതരാകും...മൊറൊക്കോ ഗോള്‍ കണ്ടെത്തും.
ബ്രസീലിനില്ലാത്തതും മൊറോക്കോയ്ക്കുള്ളതും മികച്ച ഫുള്‍ബാക്കുകളാണ്. അഷ്റഫ് ഹക്കീമി, അയാളാണ് നായകൻ, മൊറോക്കോയുടെ കരുത്ത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക്. വലതുവിങ്ങിലൂടെയുള്ള ഹക്കീമിയുടെ വേഗത, അറ്റാക്കിങ് റണ്‍, സ്പേസും ഗോള്‍ അവസരങ്ങളും സൃഷ്ടിക്കാനുള്ള വൈഭവം. അതിനെ തടയാൻ ആരുണ്ട് എന്ന ചോദ്യം വര്‍ഷങ്ങളായി ഫുട്ബോള്‍ ലോകത്തുണ്ട്. ഇടതുവിങ്ങില്‍ നുസെ മസറോയി, ഹക്കീമിയെപ്പോലെ തന്നെ ഡീപ്പിലും അറ്റാക്കിങ്ങിലും കരുത്തൻ.
സോഫിയാൻ അമ്‌രാബത്തും ബിലാല്‍ എല്‍ ഖാനൂസും ഇസ്മയില്‍ സൈബാരിയുമാകും മധ്യനിരയിലെ നിയന്ത്രണം. സോഫിയാൻ അമ്‌രാബത്ത് പ്രതിരോധത്തിനും മുന്നേറ്റത്തിനും ഇടയില്‍ കളിമെനയാൻ കെല്‍പ്പുള്ള താരമാണ്. യുവതാരം അയൂബ് ബുവാദിക്ക് അവസരം ലഭിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്, ലോകകപ്പിലെ തന്നെ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ബൂട്ടുകളാണ് ബുവാദിയുടേത്.
ഹക്കിമി കഴിഞ്ഞാല്‍ മൊറോക്കൻ നിരയിലെ ഏറ്റവു സുപ്രധാന താരം, ബ്രാഹിം ഡയാസ്. റയല്‍ മാഡ്രിഡിന്റെ താരം. ബ്രാഹിമിന്റെ വിഷനിലായിരിക്കും മൊറോക്കോയുടെ മുന്നേറ്റങ്ങളൊക്കെ തന്നെയും ജനിക്കുക. താരങ്ങള്‍ക്ക് സ്പേസ് നേടിക്കൊടുക്കാനും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഡയാസിന് സാധിക്കും. ആയുബ് എല്‍ ഖാബി, ആബ്ദെ എസല്‍സൂലി എന്നിവരായിരിക്കും മുന്നേറ്റനിരയിലെ പങ്കാളികള്‍. വേഗതയും ഡ്രബിളിങ് പാഠവും അപ്രതീക്ഷിത നീക്കങ്ങളുമായി എസല്‍സൂലിയും കളം നിറയും. ഗോള്‍വലകാക്കാൻ ബൂനൊ തന്നെയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല, ഖത്തറിലെ ഹീറോ ബൂനൊ ആയിരുന്നല്ലോ.
മുൻതൂക്കം നല്‍കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും പുതിയ പരിശീലകന്റെ കീഴിലെ പ്രകടനം എത്രത്തോളം മികച്ചതാകുമെന്നതാണ് ആശങ്ക. പരിചയസമ്പത്തും പ്രതിരോധത്തിലെ സ്ഥിരതയുമായിരുന്നു ഖത്തറില്‍ തുണയായത്. എന്നാല്‍, ഇക്കുറി അറ്റാക്കിങ്ങിലും മൊറോക്കൊ അപ്ഗ്രേഡ് നടത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഒരുതോല്‍വി പോലും വഴങ്ങാത്ത മൊറോക്കൊ എട്ട് കളികളില്‍ നിന്ന് 22 ഗോളുകളാണ് അടിച്ചുകൂട്ടിയത്, വഴങ്ങിയത് രണ്ടെണ്ണം മാത്രവും. പ്രതിരോധവും അറ്റാക്കിങ്ങും മുന്നിട്ട് നില്‍ക്കുന്നു.
മൊറോക്കോയുടെ വേഗതയ്ക്കൊപ്പം ബ്രസീലിന് സഞ്ചരിക്കാനാകുമോയെന്നാണ് ചോദ്യം. പ്രത്യേകിച്ചും ഫ്രണ്ട്ലൈനില്‍ മാത്രം കരുത്ത് വര്‍ധിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍. മധ്യനിരയില്‍ ഒരു ക്രിയേറ്റിവ് മിഡ്‌ഫീല്‍ഡറായി പക്വേറ്റ മാത്രമാണുള്ളത്, കാസിമീറോയും ഗിമറായിസുമുണ്ടെങ്കിലും മിഡ്ഫീല്‍ഡ് മാസ്ട്രോകളെന്ന് പറയാനാകില്ല. ഫുള്‍ബാക്കുകളുടെ അഭാവത്തില്‍ മാര്‍ക്വിനസിനും ഗബ്രിയേലിനും ജോലിഭാരം കൂടും. മൊറോക്കോയെ കീഴടക്കുക ബ്രസീലിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണ്, ആഞ്ചലോട്ടിക്കും. അവരുടെ ആദ്യ പരീക്ഷണക്കയം മെറ്റ്ലൈഫിലാണ്. ലോകം കാത്തിരിക്കുന്നു ജോഗ ബൊണിറ്റോയുടെ തിരിച്ചുവരവിനായി.


