ഒന്നിന്റേയും അവസാനമായി കാസ്റ്റനീർ ആ ദിവസങ്ങളെ കണ്ടില്ല. മൈതാനത്തേക്ക് മടങ്ങിവരണം, ഫുട്ബോള്‍ വീണ്ടെടുക്കണം, അതുമാത്രമായിരുന്നു ലക്ഷ്യം
ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ഒരുരാജ്യം, അവര്‍ ലോകത്തിന് മുന്നില്‍ തങ്ങളെ അടയാളപ്പെടുത്താൻ പോകുകയാണ്, ക്യൂറസാവ്. ഹൂസ്റ്റണിലെ പകലില്‍ ആ 21 പേര്‍. അവരില്‍ ഒരാള്‍ക്ക് ആ നിമിഷം വൈകാരിക വേലിയേറ്റങ്ങളുടേതായിരിക്കും. അയാള്‍ ആ ജനസാഗരത്തിന്റെ ഇരമ്പലിനെ ഉള്‍ക്കൊള്ളുക എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്തുപോവുകയാണ്...ജര്‍വെയിൻ കാസ്റ്റനീര്‍...
ലോകകപ്പിന് മുന്നോടിയായി കാസ്റ്റനീറിന് അദ്ദേഹത്തിന്റെ പിതാവ് ഒരു കത്തെഴുതി..അതിലെ വരികള്‍ ഇങ്ങനെയായിരുന്നു..
എന്റെ പ്രിയപ്പെട്ട സുഹൃത്ത്, എന്റെ അഭിമാനം, നിന്റെ കുരുന്നുകാലുകളില്‍ ആ പന്ത് കണ്ട ദിവസം നിന്നില്‍ എന്തോ പ്രത്യേകതയുള്ളതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ടാലന്റ് മാത്രമായല്ല, വാക്കുകളില്‍ വിവരിക്കാനാകാത്ത സ്വപ്നമായാണ് തോന്നിയത്. നീ ഫുട്ബോളിനായി ജീവിച്ചു, പ്രൊഫഷണല്‍ ഫുട്ബോളറാകാൻ കൊതിച്ചു, നിന്റെ ആഗ്രഹത്തിലേക്ക് നീ എത്തി..
പക്ഷേ, 2017ലെ ആ ജനുവരി എല്ലാം മാറ്റിമറിക്കുകയായിരുന്നല്ലോ. ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ നിന്ന് ഇരുട്ട് നിറഞ്ഞ ഒരു അദ്ധ്യായത്തിലേക്ക് നടക്കേണ്ടി വന്നു. നിന്റെ കണ്ണുകള്‍ക്കേറ്റ പരിക്കിനെ മാത്രമാണ് ലോകം കണ്ടത്, അതിന് പിന്നിലെ വേദന, അനിശ്ചിതത്വം, ഭയം, കണ്ണൂനീര്‍...അതല്ലാം ഞങ്ങള്‍ മാത്രമാണ് കണ്ടത്..
ഫുട്ബോള്‍ നിന്നില്‍നിന്ന് അകന്നുപോകുന്നപോലെയാണ് അനുഭവപ്പെട്ടത്, പക്ഷേ നീ തോല്‍ക്കാൻ തയാറായില്ല, ലോകം പ്രതീക്ഷ കൈവിട്ടപ്പോഴും നീ ആ സ്വപ്നത്തിനായി പോരാടി. ഈ നിമിഷത്തില്‍ എനിക്ക് നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രമെയുള്ളു, ക്യുറസോവ് നിന്നില്‍ അഭിമാനം കൊള്ളുന്നു...സ്നേഹം മാത്രം...
കത്ത് വായിച്ചവസാനിപ്പിക്കുമ്പോള്‍ കാസ്റ്റനീറിന്റെ കണ്ണകള്‍ നിറഞ്ഞൊഴുകി...ആ ജനുവരി അപ്പോള്‍ അയാള്‍ ഓര്‍ത്തിട്ടുണ്ടാകണം...
അഡോ ഡെൻ ഹാഗിന്റെ താരമായിരുന്നു കാസ്റ്റനീര്‍, ഡച്ച് ഫുട്ബോളിലെ സെക്കൻഡ് ടയര്‍ ലീഗില്‍. പെക് സ്വലാഹ് ആയിരുന്നു ആ ദിവസം എതിരാളികള്‍. പത്താം മിനുറ്റില്‍ ഡെൻ ഹാഗിന്റെ ഹീറോയായി കാസ്റ്റനീര്‍. പക്ഷേ, ആ മൈതാനം അയാള്‍ക്ക് കാത്തുവെച്ചത് ഗോളിന്റെ ആനന്ദമായിരുന്നില്ല...
കാസ്റ്റനീറിന്റെ മുഖത്തേക്ക് ആ പന്ത് വന്നിടിച്ചു, കണ്ണില്‍. പൊടുന്നനെ കാഴ്ച മങ്ങി, ചുറ്റുമുള്ള ശബ്ദങ്ങള്‍ എന്തിന്റെയൊക്കെ പ്രതിധ്വനിപോലെയാകും അനുഭവപ്പെട്ടിട്ടുണ്ടാകുക, മൈതാനം ആടിയുലയുന്നപോലെ തോന്നിയുട്ടുണ്ടാകും...
കാസ്റ്റനീറിന്റെ അടുത്തേക്ക് ടീം ഡോക്ടര്‍ പാഞ്ഞടുത്തു, ആ കൈപിടിച്ച് മൈതാനത്തിന്റെ കുമ്മായവരക്കപ്പുറേത്ത് നടന്നു. കാസ്റ്റനീറിനെ അപ്പോഴും യാഥാര്‍ത്ഥ്യം തേടിയെത്തിയിരുന്നില്ല. അയാള്‍ ഡോക്ടറോടു ചോദിച്ചു, എനിക്ക് ഒരു കണ്ണുകൊണ്ട് കളിക്കാൻ ഇപ്പോള്‍ സാധിക്കുമോയില്ലയോയെന്ന് പറയാൻ. മൈതാനത്ത് നിന്നെന്തൊ കണ്ണില്‍ വീണ ലാഘവത്തോടെയായിരുന്നു ആ ചോദ്യം.
പന്ത് വന്നിടിച്ച ആഘാതത്തില്‍ റെറ്റീനയ്ക്ക് ടിയര്‍ സംഭവിച്ചു...അത് കാസ്റ്റനീറിന്റെ കാഴ്ചയെ മാത്രമായിരുന്നില്ല കരിയറിനെക്കൂടി പാതി ഇരുട്ടിലേക്ക് നയിക്കുകയായിരുന്നു, ഒരു കണ്ണിന്റെ കാഴ്ച 30 ശതമാനത്തിലേക്ക് ചുരുങ്ങി. ജര്‍മൻ സംഘമായ എഫ്എസ്‌വി മെയിൻസ് കാസ്റ്റനീറുമായി കരാറില്‍ ഏര്‍പ്പെട്ട സമയമായിരുന്നു അത്, കണ്ണിനേറ്റ ഗുരുതരപരുക്ക് ആ സ്വപ്നം മാറ്റിവെക്കാൻ പ്രേരിപ്പിച്ചു.
ഒന്നിന്റേയും അവസാനമായി കാസ്റ്റനീർ ഈ ദിവസങ്ങളെ കണ്ടില്ല. മൈതാനത്തേക്ക് മടങ്ങിവരണം, ഫുട്ബോള്‍ വീണ്ടെടുക്കണം, അതുമാത്രമായിരുന്നു ലക്ഷ്യം. ആശുപത്രിക്കിടക്കിയലും വിശ്രമകാലത്തുമെല്ലാം അതിനപ്പുറം ഒന്നും അയാള്‍ ചിന്തിച്ചതുമില്ല. തൊട്ടടുത്ത വർഷം തന്നെ കസ്റ്റനീർ കൈസേര്‍സ്‌ലൗട്ടേണിന്റെ ജഴ്‌സി അണിഞ്ഞു, പിന്നീട് ഏഴ് ക്ലബ്ബുകളില്‍ക്കൂടി.
നെതര്‍ലൻഡ്‌സില്‍ ജനിച്ച താരം ക്യുറസോവിനൊപ്പം ചേരുന്നത് 2018ലാണ്. ക്യുറസോവിനായും ആ ബൂട്ടുകള്‍ ഗോള്‍വല കണ്ടത്തെക്കൊണ്ടേയിരുന്നു. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ എട്ട് മത്സരങ്ങളിലാണ് കാസ്റ്റനീര്‍ കളത്തിലെത്തിയത്. അഞ്ച് ഗോളുകള്‍ നേടാൻ സാധിച്ചു, തലമുറകള്‍ക്ക് കൊണ്ടാടാൻ കഴിയുന്ന നിമിഷങ്ങള്‍ ആ ദ്വീപ് രാജ്യത്തിന് സമ്മാനിച്ച കാസ്റ്റനീര്‍ക്കൂടി ചേര്‍ന്നായിരുന്നു...


