അന്തിമ പട്ടികയില്‍ 27 താരങ്ങളാണ്, പുറമെ ഒരാളുകൂടിയുണ്ടാകും... കളിയും ജീവിതം പൂർണമാക്കാനാകാതെ ഒരുപകലില്‍ മടങ്ങിയ ഡിയൊഗൊ ജോട്ടയെക്കൂടി മാർട്ടിനസ് തന്റെ സ്വപ്നസംഘത്തിലേക്ക് ചേര്‍ത്തുവെച്ചു
2026 ഫിഫ ലോകകപ്പിനുള്ള തന്റെ ടീമിനെ പ്രഖ്യാപിക്കാൻ പോര്‍ച്ചുഗല്‍ പരിശീലകൻ റൊബേര്‍ട്ടൊ മാര്‍ട്ടിനസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നു...അയാള്‍ പറഞ്ഞു തുടങ്ങുകയാണ്...
This final list contains 27 players, plus one...അന്തിമ പട്ടികയില്‍ 27 താരങ്ങളാണ്, പുറമെ ഒരാളുകൂടിയുണ്ടാകും... കളിയും ജീവിതം പൂർണമാക്കാനാകാതെ ഒരുപകലില്‍ മടങ്ങിയ ഡിയൊഗൊ ജോട്ടയെക്കൂടി മാർട്ടിനസ് തന്റെ സ്വപ്നസംഘത്തിലേക്ക് ചേര്‍ത്തുവെച്ചു...ഫുട്ബോള്‍ ലോകത്തിന് വൈകാരികമായിരുന്നു ആ കാഴ്‌ച്ച, ഒരുനിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമായിരുന്നു അയാള്‍ തുടര്‍ന്നത് പോലും..
ജോട്ടയാണ് ഞങ്ങളുടെ ശക്തിയും സന്തോഷവും, അവന്റെ സ്വപ്നം പൂർത്തികരിക്കാനാണ് ഞങ്ങളുടെ യാത്രയും ശ്രമവും...മാര്‍ട്ടിനസ് പറഞ്ഞുനിര്‍ത്തി. അതേ, പോര്‍ച്ചുഗലിനും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കുമൊപ്പം ലോകകിരീടം ഉയര്‍ത്തുക എന്നത് ജോട്ടയുടെ സ്വപ്നങ്ങളിലൊന്നായിരുന്നു. ഒരിക്കലും മാറ്റിനിര്‍ത്തനാകാത്ത ആ യാഥാര്‍ത്ഥ്യം അകാലത്തില്‍ തേടിയെത്തിയില്ലായിരുന്നെങ്കില്‍ പറങ്കിപ്പടയുടെ മുന്നേറ്റ നിരയില്‍ ഇതിഹാസത്തിനൊപ്പം ജോട്ടയുമുണ്ടാകുമായിരുന്നു,..
അമേരിക്കൻ ഐക്യനാടുകളില്‍ രാജ്യത്തിനായി പന്തുതട്ടുക എന്നത് ജോട്ടയുടെ ലക്ഷ്യമാകുന്നതിന് പിന്നില്‍ മറ്റൊരു കാരണംകൂടിയുണ്ട്. അതിന് അല്‍പ്പം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഖത്തറിന്റെ മണ്ണ് വിശ്വകിരീടപ്പോരിന് ഒരുങ്ങുന്നതിന് ഒരു മാസം മുൻപ്, ഒക്ടോബര്‍ 16, 2022. ആൻഫീല്‍ഡില്‍ ലിവര്‍പൂള്‍-മാഞ്ചസ്റ്റർ സിറ്റി ക്ലാഷ് അതിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്...
ലീഗില്‍ തിരിച്ചടികള്‍ നേരിടുമ്പോഴും സിറ്റിക്കെതിരായ വിജയം ആൻഫീല്‍ഡിന്റെ ഗ്യാലറികള്‍ക്ക് അന്ന് നല്‍കിയ ആനന്ദം ചെറുതായിരുന്നില്ല. പക്ഷേ, ജോട്ടയിലൂടെ അത് പൊടുന്നനെ അവസാനിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങാൻ അധികനേരം ബാക്കിയപ്പോഴില്ല, ജോട്ട മൈതാനത്ത് വീണു, കാഫിനേറ്റ പരുക്കായിരുന്നു കാരണം...ശേഷം കാണുന്നത് സ്ട്രെച്ചറില്‍ മൈതാനം വിടുന്ന ജോട്ടയെയാണ്...
ഒരുമാസമായിരുന്നു വിശ്രമത്തിനായി ആവശ്യമായ സമയം, തിരിച്ചുവരവിന് വീണ്ടും ദിവസങ്ങള്‍ അനിവാര്യമായിരുന്നു...അവിടെ ആ മടക്കത്തില്‍ ജോട്ടയ്ക്ക് മറക്കേണ്ടി വന്നത് ലോകകപ്പുകൂടിയായിരുന്നു. ഒരു ഫുട്ബോള്‍ താരത്തെ സംബന്ധിച്ച് ഏറ്റവും നിരാശപകരുന്ന ഒരു നിമിഷമായിരുന്നില്ലെ അത്. ആദ്യ ലോകകപ്പ് എന്നത് അവിടെ പോര്‍ച്ചുഗല്‍ താരത്തിന് നിഷേധിക്കപ്പെട്ടു.
പക്ഷേ പകരം കാലം ചിലതൊക്കെ അയാള്‍ക്കായും മാറ്റിവെച്ചിരുന്നു. പ്രീമിയര്‍ ലീഗ് കിരീടം, പോര്‍ച്ചുഗലിനൊപ്പം 2025 യുവേഫ നേഷൻസ് ലീഗ്, ഓര്‍മവെച്ചനാള്‍ മുതല്‍ കൂടെയുള്ള ദീര്‍ഘകാല പങ്കാളിയായ റൂത്തിനൊപ്പം വിവാഹം..മൂന്ന് കുരുന്നുകള്‍...ആൻഫീല്‍ഡിന്റെ സ്നേഹം ഏറ്റുവാങ്ങിയിട്ടും റൂത്തിനെ തന്റെ ജീവിതപങ്കാളിയുമായി ലോകത്തിന് ജോട്ട പരിചയപ്പെടുത്തിയിട്ടും മണിക്കൂറുകള്‍ മാത്രമെ പിന്നിടുന്നുള്ളായിരുന്നു.
ആ പകല്‍...ജീവിതമെന്ന വിശാലമായ ആ മൈതാനത്ത് നിന്ന് യാത്രപറയാനാകാതെ ജോട്ടയ്ക്ക് മടങ്ങേണ്ടി വന്ന പകല്‍...സഹോദരനൊപ്പമുള്ള ആ യാത്രയില്‍ മരണമൊരു തീനാളമായി പടര്‍ന്നുകയറിയ പകല്‍...ഒരു വിറയലോടെയല്ലാതെ ഇന്നും ആ പകലിനെ ഓര്‍ത്തെടുക്കാനാകില്ല.
ആൻഫീല്‍ഡിന് പുറത്തെ പുല്‍ത്തകിടികള്‍ക്ക് മുകളില്‍ ജോട്ടയെ തേടി ചുവപ്പു പൂക്കളെത്തിയ ദിവസം...ജോട്ട അണിഞ്ഞിരുന്ന 20-ാം നമ്പര്‍ ജഴ്‌സിയവിടെ വിരിക്കപ്പെട്ടു അന്ന്...അതിലെ വരികള്‍ ഇങ്ങനെയായിരുന്നു...In loving memory of the lad from Portugal, forever a champion! .ഇംഗ്ലീഷ് സമ്മറിന്റെ എല്ലാ തെളിച്ചവുമുണ്ടായിരുന്ന ലിവര്‍പൂളിലിലെ പകലിന് വല്ലാത്തൊരു ഇരുട്ടായിരുന്നു അന്ന്...
അസാധ്യ ട്രിബിളർ, പെനാലിറ്റി ബോക്‌സിനുള്ളില്‍ പ്രതിരോധക്കോട്ടകളെ വെട്ടിമാറ്റുന്ന ഫിനിഷർ. സ്ട്രൈക്കറായും വിങ്ങറായും ഫോള്‍സ് ണയനുമായെല്ലാം 20-ാം നമ്പറില്‍ ജോട്ട കെട്ടിയാടി വേഷങ്ങള്‍ മിന്നിമറയുന്നുണ്ട് ഫുട്ബോള്‍ ലോകത്ത് ഇപ്പോഴും. യോർഗൻ ക്ലോപ്പിന്റെ ചെമ്പടയിലെ പ്രധാനിയായി മാറുമ്പോള്‍ ജോട്ടയ്ക്ക് ആരാധകർ ഒരു പേരുമിട്ടിരുന്നു, ജോട്ട ദ സ്ലോട്ടർ.
ഒരുപക്ഷേ, ചരിത്രത്തില്‍ തന്നെ പോര്‍ച്ചുഗലിന് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ഈ ലോകകപ്പില്‍ ഗോള്‍വില നിറയ്ക്കാൻ ജോട്ടയോളം അനുയോജ്യനായൊരാളെ കണ്ടെത്താൻ മാര്‍ട്ടിനസിന് ആകുമായിരുന്നില്ല. ഇതിഹാസത്തിന്റെ പകരക്കാരനായി മാത്രമായിരിക്കില്ല, അന്തിമ ഇലവനിലെ സ്ഥിരസാന്നിധ്യമായിപ്പോലും ആ വിഖ്യാത കുപ്പായം ജോട്ടയ്ക്ക് അണിയാനാകുമായിരുന്നു. അപ്രതീക്ഷിതമായ ആ തിരിച്ചുവിളിക്കല്‍ എല്ലാം മാറ്റിമറിക്കുകയായിരുന്നല്ലോ,..
പോര്‍ച്ചുഗലിനൊപ്പം ജോട്ടയുണ്ട്, ആ 21-ാം ജഴ്സി ജോട്ടയുടെ പ്രിയ സുഹൃത്ത് റൂബൻ നെവെസ് അണിയും. പോര്‍ച്ചുഗലിനെ ആ വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഒരു ശക്തിയായി ജോട്ടയുണ്ടാകുമെന്നാണ് റൂബൻ നെവെസ് പറഞ്ഞത്...ജോട്ടയ്ക്കായി ആ നിമിഷം സമ്മാനിക്കാൻ ഇതിഹാസം നയിക്കുന്ന സംഘത്തിനാകട്ടെ...


