ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകകപ്പിന് മുൻപ് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഓസ്ട്രേലിയയോട് 43 റണ്‍സിന് പരാജയപ്പെട്ടെങ്കിലും അസാധാരണ പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്
ശരിയാണ് 43 റണ്‍സിന് പരാജയപ്പെട്ടു. എതിരാളികള്‍ ഏഴ് തവണ വിശ്വം കീഴടക്കിയ ഓസ്ട്രേലിയ. മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം 413 റണ്‍സ്. പക്ഷേ, ഈ തോല്‍വി വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ പുതിയൊരു മുഖത്തെയായിരുന്നു ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത്. എ ഫിയര്‍ലെസ് ഫെയ്സ്.
സ്വന്തം മണ്ണില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കൊടിയേറാൻ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എട്ട് വര്‍ഷം മുൻപ് ലോര്‍ഡ്‌സില്‍ ഒൻപത് റണ്‍സിന് നഷ്ടമായ സ്വപ്നനിമിഷം തിരിച്ചുപിടിക്കാൻ ഇറങ്ങുകയാണ് ഹര്‍മൻപ്രീത് കൗറിന്റെ സംഘം. ലോകകപ്പുയര്‍ത്താൻ പോന്ന സംഘമാണോ ഇത്തവണ ഇന്ത്യയുടേതെന്ന ചോദ്യങ്ങള്‍ വട്ടമിട്ട് പറക്കുമ്പോഴായിരുന്നു ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആ അസാധാരണ തിരിച്ചുവരവ് സംഭവിച്ചത്.
അടിക്ക് തിരിച്ചടി
412 റണ്‍സ് വഴങ്ങിയതിന്റെ ആത്മവിശ്വാസക്കുറവ് രണ്ടാം ഇന്നിങ്സിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് ഉണ്ടായരുന്നില്ല. ഒരു കാലത്ത് മിതാലി രാജ് എന്ന ഇതിഹാസ പേരില്‍ ചുരുങ്ങിയിരുന്ന ഇന്ത്യയല്ല ഇന്ന്. സ്മൃതി മന്ദന നയിക്കുന്ന ബാറ്റിങ് നിര എന്നത്തേക്കാള്‍ ശക്തമാണ്. ഓസ്ട്രേലിയയുടെ ബൗളിങ് നിരയിലെ ആഷ് ഗാര്‍ഡനര്‍, മേഗൻ ഷൂട്ട്, കിം ഗാര്‍ത്ത്, അലന കിംഗ് എന്നിവര്‍ ഐസിസി റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുള്ളവര്‍. എന്നാല്‍ പേരും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പെരുമയും ഒന്നുമല്ലാതാകുന്നതായിരുന്നു മൈതാനത്ത് കണ്ടത്.
സ്മൃതി മന്ദന തന്റെ കരിയറിലെ ഏറ്റവും അഗ്രസീവായ പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയുടെ കണക്കുകൂട്ടലുകളാകെ പിഴയ്ക്കുകയായിരുന്നു. ബൗണ്ടറികള്‍ പിറക്കാത്ത ഓവറുകള്‍ പോലും ചുരുക്കം. ഓസ്ട്രേലിയയുടെ പവര്‍പ്ലേ സ്കോര്‍ കേവലം ഏഴ് ഓവറില്‍ ഇന്ത്യ മറികടന്നു. പ്രതികയും ഹര്‍ളിനും വീണടത്തായിരുന്നു സ്മൃതി - ഹര്‍മൻ സഖ്യത്തിന്റെ ഉയര്‍ച്ച. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് എത്താൻ കൂറ്റനടികളെയായിരുന്നില്ല സഖ്യം സമീപിച്ചത്. പകരം ഫീല്‍ഡറിഞ്ഞ് പന്തിന്റെ മെറിറ്റിനനുസരിച്ച് ബാറ്റ് ചെയ്തു.
50 പന്തില്‍ ശതകം പിന്നിട്ട സ്മൃതി, 32 പന്തില്‍ അര്‍ദ്ധ ശതകം കടന്ന് ഹര്‍മൻ. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ബോര്‍ഡില്‍ 204 റണ്‍സ്. സമാന സാഹചര്യത്തില്‍ ഓസീസിന്റെ സ്കോര്‍ 147 മാത്രമായിരുന്നു. ഞൊടിയിടയില്‍ ഹര്‍മനും സ്മൃതിയും മടങ്ങിയതിന് ശേഷമായിരുന്നു ഇന്ത്യയുടെ പരീക്ഷണഘട്ടം. ഇവിടെയാണ് ദീപ്തി ശര്‍മയും സ്നേ റാണയും രാധാ യാദവുമൊക്കെ അവസരത്തിനൊത്ത് ഉയര്‍ന്നത്. 58 പന്തില്‍ 72 റണ്‍സെടുത്ത ദീപ്തി 43-ാം ഓവറില്‍ പവലിയനിലേക്ക് മടങ്ങും വരെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ സജീവമായിരുന്നു.
കരുത്തുറ്റ ബാറ്റിങ് നിര
കേവലം സ്മൃതിയും ഹര്‍മനും മാത്രമല്ല ഇന്ത്യയുടെ ബാറ്റിങ് നിരയെന്ന് തെളിയുകയായിരുന്നു അവിടെ. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഉയര്‍ന്ന രണ്ടാം ഇന്നിങ്സ് സ്കോര്‍, 369 റണ്‍സ്. ഓള്‍ ഔട്ടാകുമ്പോള്‍ ഇനിയും മൂന്ന് ഓവര്‍ ബാക്കിയാണ്. 781 റണ്‍സാകെ പിറന്ന മത്സരവും ഏകദിനത്തിലെ പുതുചരിത്രമായി. ഏത് സ്കോറും പിന്തുടര്‍ന്ന് വിജയത്തിലേക്ക് എത്താൻ സാധിക്കുമെന്ന ഒരു ആത്മവിശ്വാസം ടീമിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു. പ്രത്യേകിച്ചും സ്മൃതി കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ തുടരുന്ന പശ്ചാത്തലത്തില്‍.
കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ പുലര്‍ത്തുന്ന ആധിപത്യത്തിന് അടിവരയിടുന്ന പ്രകടനം. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യയുടെ പുത്തൻ ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാണ്. പ്രതിക റാവലും സ്മൃതിയും.17 തവണയാണ് സഖ്യം ക്രീസിലെത്തിയത്. ഇതില്‍ 12 തവണയും കൂട്ടുകെട്ട് 50 കടന്നു. അഞ്ച് സെഞ്ച്വറി കൂട്ടുകെട്ട്. ശരാശരി 76. ഈ അടിത്തറയില്‍ നിന്നാണ് ഇന്ത്യ വിജയത്തിന്റെ പട്ടിക പടുത്തുയര്‍ത്തിയത്. സ്മൃതി പരാജയപ്പെട്ടപ്പോഴും 300ന് മുകളില്‍ സ്കോര്‍ ചെയ്യാൻ ഇന്ത്യക്ക് കഴിയുന്നുണ്ട്. സ്മൃതിക്കും പ്രതികയ്ക്കും ഹര്‍മനുമൊപ്പം ജമീമ റോഡ്രിഗസും ഹര്‍ളിനും ദീപ്തി ശര്‍മയും റിച്ച ഖോഷുമെല്ലാം ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തമാകുന്നു.
ഹര്‍മൻ, ജമീമ, ദീപ്തി എന്നിവരിലാണ് മധ്യനിരയുടെ ഉത്തരവാദിത്തം. ഏറെക്കാലമായി മികച്ച ഇന്നിങ്സുകള്‍ പുറത്തെടുക്കാൻ കഴിയാതിരുന്ന ദീപ്തി ലോകകപ്പടുത്തപ്പോള്‍ ഫോമിലേക്ക് മടങ്ങിയെത്തി. അതുമാത്രമല്ല സ്ഥിരതയോടെ സ്കോര്‍ ചെയ്യുന്നു. ലോകകപ്പിന് മുൻപ് ഏക പോരായ്മയായി അവശേഷിക്കുന്നത് ഫീല്‍ഡിങ്ങിലെ പിഴവുകളാണ്. അത് പരിഹരിക്കാനായാല്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിക്കും.


