ഓസ്ട്രേലിയ ഉയർത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെയായിരുന്നു സ്‌മ്യതി മന്ദാന ഡല്‍ഹിയിലെ മൈതാനത്ത് ചരിത്രം സൃഷ്ടിച്ചത്. വിരാട് കോലിയുടെ റെക്കോർഡ് പിന്നിലാക്കിയാണ് കളം വിട്ടത്
കൊണ്ടും കൊടുത്തും സീരീസ് ഡിസൈഡറിലേക്ക് എത്തിയ പരമ്പരയില്‍, ബെത്ത് മൂണിയും എലീസ് പെറിയും ജോര്‍ജിയ വോളും തീര്‍ത്ത റണ്‍ഫീസ്റ്റിനൊടുവില്‍, 413 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച് നിങ്ങളെ രക്ഷിക്കാൻ ആരുണ്ട് എന്ന മട്ടില്‍ അലീസ ഹീലിയുടെ മൈറ്റി ഓസീസ് മൈതാനത്തേക്ക് ഇറങ്ങുകയാണ്. ഇവിടെയാണ് ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏക്കാലവും ഓര്‍മിക്കപ്പെടാനിരിക്കുന്ന ഒരു എൻട്രി സംഭവിക്കുന്നത്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ, ആ റണ്‍മലയ്ക്ക് മുന്നിലേക്ക് 18-ാം നമ്പര്‍ ജഴ്‌സിയില്‍ സ്മൃതി മന്ദാന ചുവടുവെച്ചു. That was the beginning, the beginning of a carnage we've never seen before.
ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ എല്‍ഇഡി സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസം മഞ്ഞക്കുപ്പായത്തില്‍ മൈതാനത്തിറങ്ങിയ 11 പേർക്കുമുണ്ടായിരുന്നു. പക്ഷേ, അതിന്റെ ആയുസ് നിശ്ചയിച്ചത് സ്മൃതിയായിരുന്നെന്ന് മാത്രം. ഔട്ട് ഫീല്‍ഡിന്റെ അസാമാന്യ വേഗതയ്ക്കൊപ്പം കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന ഒരു താരം ബാറ്റ് ചെയ്യുന്നു. ബൗളര്‍മാര്‍ക്ക് മുന്നിലെ വാതിലുകള്‍ അടയുന്ന സാഹചര്യം. കിം ഗാർത്തിന്റെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോള്‍ കവറിലൂടെ ബൗണ്ടറിയിലേക്ക് അയച്ചാണ് തുടക്കം, സ്മൃതിയുടെ ടൈമിങ്ങിന് എത്രത്തോളം കൃത്യതയുണ്ടെന്നതിന്റെ ഉദാഹരണമായിരുന്നു ആ ഷോട്ട്.
ബൗളര്‍മാര്‍ക്ക് നരകം
കരിയറില്‍ 300 വിക്കറ്റിന്റെ തലപ്പൊക്കവുമായി എത്തിയ മേഗൻ ഷൂട്ട് മൂന്നാം ഓവറില്‍ ബൗണ്ടറിയിലെത്തിയത് തുടര്‍ച്ചയായി മൂന്ന് തവണ. മിഡ് വിക്കറ്റ്, സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട്, സ്ക്വയര്‍ ലെഗ്. ഇതിനോടകം തന്നെ ഓവര്‍ ദ വിക്കറ്റും റൗണ്ട് ദ വിക്കറ്റും പരീക്ഷിക്കാൻ ഷൂട്ട് നിര്‍ബന്ധിതയായി. പക്ഷേ, സ്മ്യതിയുടെ മറുപടിക്ക് മാറ്റമുണ്ടായില്ല. വിക്കറ്റ് ടേക്കറായ ആഷ്‌ലി ഗാര്‍ഡനറെ അഞ്ചാം ഓവറില്‍ തന്നെ പരീക്ഷിക്കാൻ ഹീലി ഒരുങ്ങി. ഗാര്‍ഡനറിന്റെ തലയ്ക്ക് മുകളിലൂടെയായിരുന്നു ആദ്യ പന്ത് ഗ്യാലറിയിലെത്തിയത്. അടുത്ത പന്തും ബൗണ്ടറി റോപ്പുകള്‍ താണ്ടി.
ഫ്ലഡ് ലൈറ്റുകളുടെ തിളക്കം മൈതാനത്ത് എത്തിയപ്പോഴേക്കും സ്മ്യതി ക്രീസില്‍ വേരൂന്നിയിരുന്നു. സ്മൃതിയുടെ ബാറ്റിനെ നിശബ്ദമാക്കാൻ ബൗളര്‍മാരെ മാറി മാറി പരീക്ഷിക്കുന്ന ഹീലി. ചാര നിറത്തിലേക്ക് പരിണമിച്ച അരുണ്‍ ജയ്റ്റ്ലിയിലെ ആകാശത്തിന് കീഴെ അപ്പോഴേക്കും സ്മൃതി ചരിത്രമെഴുതി തുടങ്ങിയിരുന്നു. 23 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി. ഒരു ഇന്ത്യൻ വനിത താരത്തിന്റെ ഏകദിന ക്രിക്കറ്റിലെ വേഗമേറിയ ഫിഫ്റ്റി. സ്മൃതി ആദ്യ നാഴികക്കല്ല് ഏഴാം ഓവറില്‍ താണ്ടുമ്പോള്‍ ഓസീസ് ആദ്യ പത്ത് ഓവറില്‍ നേടിയ റണ്‍സ് ഇന്ത്യ മറികടന്നിരുന്നു.
പിന്നീട് അലന കിങ്, ഗ്രേസ് ഹാരിസ്, തഹ്‌ലിയ മഗ്രാസ്, ഷൂട്ട്, ഗാര്‍ത്ത്, ഗാര്‍ഡനര്‍...പലകുറി സ്മൃതിയുടെ മുന്നിലിവര്‍ എത്തി. പലശൈലിയില്‍ പന്തെറിയുന്നവര്‍ക്കെല്ലാം ഒരു മുഖഭാവം മാത്രം. ലോകക്രിക്കറ്റിന്റെ കൊടുമുടി കയറിയവര്‍ തലകുനിച്ച് മടങ്ങാൻ വിധിക്കപ്പെട്ട ഓവറുകളായിരുന്നു പിന്നീട്. 49 പന്തില്‍ 95 റണ്‍സിലെത്തിയിരിക്കുന്ന സ്മൃതി. സിംഗിളെത്ത് മൂന്നക്കത്തിലേക്ക് തൊടുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അലന കിങ്ങിന്റെ പന്ത് സ്ലോഗ് സ്വീപ്പിലൂടെ ഡീപ് മിഡ്‌വിക്കറ്റിലേക്ക് നിക്ഷേപിക്കുമ്പോള്‍ അവിടെ വീണത് സാക്ഷാല്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ്.
ചരിത്ര സെഞ്ച്വറി
50 പന്തില്‍ സ്മൃതി മൂന്നക്കം തൊട്ടിരിക്കുന്നു. ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ശതകം. വനിത ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി വേഗമേറിയ സെഞ്ച്വറി സ്വയം സ്മൃതി കുറിച്ചിട്ട് ദിവസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. വീണ്ടും അത് തിരുത്തപ്പെട്ടിരിക്കുന്നു. 13-ാം ഏകദിന സെഞ്ച്വറി, മുന്നിലിനി ഓസീസ് ഇതിഹാസം മെഗ് ലാനിങ് മാത്രം. കരിയറില്‍ മൂന്നക്കം താണ്ടുന്നത് 16-ാം തവണ.
12 പന്തുകള്‍ക്കൂടി അതിന്റെ തുടര്‍ച്ച കണ്ടു, ഒടുവില്‍ ഗ്രേസ് ഹാരിസിന്റെ പന്തില്‍ സ്മൃതി മടങ്ങുമ്പോഴായിരുന്നു ഹീലിയുടെ മുഖത്ത് തുടക്കത്തില്‍ കണ്ട ആത്മവിശ്വാസം മടങ്ങിയെത്തിയത്. 63 പന്തില്‍ 125 റണ്‍സ്. 17 ഫോറും അഞ്ച് സിക്സും. സ്ട്രൈക്ക് റേറ്റ് 198.41. 100 റണ്‍സിന് മുകളില്‍ ഏകദിനത്തില്‍ സ്കോര്‍ ചെയ്ത വനിത താരങ്ങളില്‍ രണ്ടാമത്തെ മികച്ച സ്ട്രൈക്ക് റേറ്റ്. അലന വഴങ്ങിയത് എട്ട് പന്തില്‍ 18 റണ്‍സ്, ഗാര്‍ഡനര്‍ 16 പന്തില്‍ 40, ഗ്രേസ് നാല് പന്തില്‍ എട്ട്, ഗാര്‍ത്ത് 17 പന്തില്‍ 29, ഷൂട്ട് എഴ് പന്തില്‍ 18, തഹലിയ 12.
ഈ കലണ്ടര്‍ വര്‍ഷം ഇടം കയ്യൻ ബാറ്റര്‍ നേടുന്ന നാലാമത്തെ സെഞ്ച്വറി. കഴിഞ്ഞ വര്‍ഷവും നാല് ശതകം നേടാൻ സ്മ്യതിക്ക് കഴിഞ്ഞിരുന്നു. ഏകദിന ലോകകപ്പിന് 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഓസീസിനെതിരായ ഈ പ്രകടനം. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 300 റണ്‍സ്. രണ്ട് സെഞ്ച്വറി ഒരു അര്‍ദ്ധ സെഞ്ച്വറി.


