കിരീടം നേടി ഹർമൻപ്രീതും സംഘവും മൈതാനത്തേക്ക്  തിരിച്ചിറങ്ങി, തങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചവരെ വിളിച്ചു. മിതാലി രാജ്, ജുലാൻ ഗോസ്വാമി, അഞ്ജും ചോപ്ര, റീമ മല്‍ഹോത്ര…

നവി മുംബൈയില്‍ ഒരു ഞായറാഴ്ച അവസാനിക്കാൻ ഒരുങ്ങുകയാണ്. ആര്‍ത്തിരമ്പാൻ കൊതിച്ചു നില്‍ക്കുന്ന നീലക്കടലിന് നടുക്ക് അവര്‍, 11 പേർ. ഒരോ നിമിഷവും ഓരോ പന്ത് താണ്ടുമ്പോഴും, ഹൃദയമിടിപ്പിന് വല്ലാത്തൊരു വേഗതകൈവരിക്കുകയാണ്. അതുവരെ ചോരാത്ത അവരുടെ കൈകള്‍ ചോര്‍ന്നുതുടങ്ങുന്നതുപോലെ...നവംബറിന്റെ മറ്റൊരു നോവിന് കൂടി സാക്ഷ്യം വഹിക്കാൻ ആ ജനതയെ കളിദൈവങ്ങള്‍ ബാക്കിയാക്കുമോ എന്ന ചിന്തയായിരുന്നു മനസില്‍...

ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ദീപ്തി ശര്‍മയുടെ ഒരു ലോ ഫുള്‍ ടോസ്. രണ്ട് ഡോട്ട് ബോളുകളുടെ സമ്മര്‍ദത്തിന് മുകളില്‍ നിന്ന് എടുത്ത ചാടാൻ ഒരുങ്ങുകയായിരുന്നു നദീൻ ഡി ക്ലെര്‍ക്ക്. എക്സ്ട്രാ കവറിന് മുകളിലൂടെ ഒരു ഇൻസൈഡ് ഔട്ട് ഷോട്ടിനുള്ള ശ്രമം. പന്ത് പരന്നുയര്‍ന്ന് വായുവിലൂടെ നിങ്ങുമ്പോള്‍, മൈതാനത്ത് ഹര്‍മൻ തന്റെ ചുവടുകള്‍ പിന്നോട്ട് വെക്കുകയാണ്. തന്റെ ശരീരത്തെ വലിച്ചുനീട്ടി ഹര്‍മൻ ആ പന്തിനെ കൈകളിലേക്ക് അടുപ്പിച്ചു...നിലയുറച്ചില്ല ആ കാലുകള്‍, പായുകയായിരുന്നു...ഇരുകൈകളും അങ്ങനെ വിടര്‍ത്തി...

ഡി വൈ പാട്ടീലിലെ നീലക്കടല്‍ നിലയ്ക്കാതെയിങ്ങനെ ആര്‍ത്തിരമ്പുകയാണ്...ഹര്‍മനിലേക്കാ നീലക്കടല്‍ ഒഴുകിയെത്തുന്നതുപോലെ...കണ്ണുകള്‍ക്ക് നനവായിരുന്നു. എന്തൊരു കാഴ്ചയായിരുന്നു അത്. സെഞ്ചൂറിയനിലും ലോര്‍ഡ്‌സിലും അകന്നുനിന്ന ആ സ്വപ്നം, ഇനിയതൊരു സ്വപ്നമല്ലായെന്ന യാഥാ‍‍‍ര്‍ത്ഥ്യത്തിന്റെ തിങ്കളാഴ്ച അവിടെ ജനിക്കുകയായിരുന്നു...Under the lights, against the dark sky, when it mattered most, Harman and Co. did something that generations will cherish...

ഈ രാവ് ഇനി സ്വപ്നമല്ല

ഫൈനലിനേക്കാള്‍ വലിയൊരു സെമി ഫൈനല്‍ താണ്ടിയാണ് വരവ്, ഇന്ത്യൻ വനിത ടീമിന് മുന്നിലെ ഏറ്റവും വലിയ പരീക്ഷണദിവസമായിരുന്നു അത്. മൈറ്റി ഓസീസിനെ കീഴടക്കിയെത്തുമ്പോള്‍, അസാധാരണ തിരിച്ചുവരവുകള്‍ നടത്തിയ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. നവിമുംബൈയുടെ ആകാശം കരുണകാണിച്ച് സ്മൃതി മന്ദാനയും ഷഫാലി വർമയും മൈതാനത്തേക്കിറങ്ങുകയാണ്. 104 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്, ഷഫാലിയുടെ റിഡംഷൻ, ദീപ്തിയുടെ അർദ്ധ സെഞ്ച്വറി, റിച്ച ഘോഷിന്റെ ക്യാമിയോ. മരിസാൻ കാപ്പും ഖാക്കയും മലാബയും ഇന്ത്യൻ ബാറ്റർമാരുമായി ബലബാലം നിന്നപ്പോള്‍ സ്കോർബോർഡില്‍ തെളിഞ്ഞ അക്കങ്ങള്‍ 298 റണ്‍സിന് ഏഴ് വിക്കറ്റ്.

ഈ ലോകകപ്പില്‍ വിജയലക്ഷ്യം പിന്തുടർന്ന് ഒരു മത്സരം പോലും തോല്‍ക്കാത്ത സംഘമാണ് പ്രോട്ടിയാസ്. അതിന് കാരണം അവരുടെ ക്യാപ്റ്റനായിരുന്നു. ലോറ വോള്‍വാർട്ട്. ഇരുടീമുകളേയും കിരീടത്തേയും വേർതിരിക്കുന്നത് ലോറയുടെ ഇന്നിങ്സായിരിക്കുമെന്നത് ഹർമൻപ്രീതിന് നിശ്ചയമുണ്ടായിരുന്നു. പക്ഷേ, ഹർമന്റേയും ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കും മുകളില്‍ ലോറ നിലകൊള്ളുകയായിരുന്നു. സ്റ്റിക്കിയായ വിക്കറ്റില്‍ നിന്നും സ്വിങ്ങ് ലഭിച്ചിട്ടും ബ്രിറ്റ്സും ലോറയും ക്രാന്തിക്കും രേണുകയ്ക്കും വിക്കറ്റ് മാത്രം നിഷേധിക്കുകയാണ്.

എന്നാല്‍, അവിടെ ഒരു അമൻജോത് കൗ‍ര്‍ നിമിഷമുണ്ടാകുകയാണ്. തസ്മിൻ ബ്രിറ്റ്സിന്റെ അലസതയെ തോല്‍പ്പിച്ച കൈവേഗം. ഡയറക്റ്റ് ഹിറ്റില്‍ റണ്ണൗട്ട്. അമ്പയര്‍ ജാക്വലിൻ വില്യംസിന് തേഡ് അമ്പയറിന്റെ സഹായം തേടേണ്ടി വന്നില്ല. പിന്നാലെ, അനകെ ബോഷിന് ഫൈനല്‍ ഒരു ദുസ്വപ്നമാക്കി മാറ്റി ശ്രീ ചരണി. രണ്ട് ക്യാച്ചുകള്‍ കൈവിട്ട ബോഷ്, ഡക്ക്. പരീക്ഷണമിനിയായിരുന്നു. ലോറയും മുൻ ക്യാപ്റ്റൻ സൂനെ ലൂസും ചേര്‍ന്നാ റണ്‍മലയിലേക്ക് ഒരു വശത്തുനിന്ന് കയറിത്തുടങ്ങുകയാണ്. ബൗണ്ടറികളും സ്ട്രൈക്ക് റൊട്ടേഷനുകളുമായി ഇരുവരും താളം കണ്ടെത്തിത്തുടങ്ങി. 20 ഓവറില്‍ സ്കോര്‍ 113ലെത്തിയിരിക്കുന്നു.

ഹര്‍മന്റെ കണ്ണുകള്‍ ഷഫാലിയിലുടക്കുകയാണ്. ഇന്നവളുടെ ദിവസമാണെന്ന തോന്നല്‍ മനസിലേക്ക്. ഒരു ഓവര്‍ എറിയാൻ നിനക്ക് സാധിക്കുമോയെന്ന ചോദ്യത്തിന് ഷഫാലിയുടെ മറുപടി എറിഞ്ഞ രണ്ടാം പന്തില്‍ വിക്കറ്റ് നേടിയായിരുന്നു. ലൂസ്, ഷഫാലിക്ക് തന്നെ ക്യാച്ച് നല്‍കി മടങ്ങിയപ്പോഴാണ് ദീര്‍ഘനേരത്തിന് ശേഷം ഡി വൈ പാട്ടീല്‍ ഉണര്‍ന്നത്. വണ്‍ ബ്രിങ്സ് ടു. തന്റെ അടുത്ത ഓവറില്‍ മരിസാൻ കാപ്പിന് റിച്ചയുടെ കൈകളില്‍ ഷഫാലി എത്തിക്കുകയാണ്. എത്ര നിര്‍ണായകമായിരുന്നു ആ നിമിഷം, കാപ്പും ലോറയും ചേര്‍ന്നാല്‍ അനായാസം ആ കിരീടം നേടിയെടുക്കാനാകും.

ഒരുവാരം മുൻപ് ലോകകപ്പ് ടീമില്‍ ഇടമില്ലാതിരുന്നവള്‍, എന്തൊരു തിരിച്ചുവരവായിരുന്നു അത്. വിക്കറ്റുകള്‍ ഒരു വശത്ത് വീഴുമ്പോഴും ലോറ നിലയുറപ്പിച്ചു. സിനാലൊ ജഫ്തയും അനേരി ഡെര്‍ക്സണുമായി ചെറുകൂട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് പ്രോട്ടിയാസിനെ വിജയത്തോട് അടുപ്പിക്കുകയാണവര്‍. 40-ാം ഓവറില്‍ സെഞ്ച്വറി തികച്ചു. ഓസീസ് ഇതിഹാസം അലീസ് ഹീലിക്ക് ശേഷം ലോകകപ്പില്‍ സെമിയിലും ഫൈനലിലും സെഞ്ച്വറി നേടുന്ന ആദ്യ താരം. 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 88 റണ്‍സ് ദൂരമുണ്ട് ജയത്തിലേക്ക്, ഇന്ത്യക്ക് നാല് വിക്കറ്റും.

42-ാം ഓവര്‍ അതായിരുന്നു ഇന്ത്യ ചരിത്രത്തിലേക്ക് ചുവടുവെച്ച ആദ്യ നിമിഷം. ലോറ തന്റെ ഗിയര്‍ ഷിഫ്റ്റിനൊരുങ്ങുകയാണ്. സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോള്‍, തന്റെ സ്ലോട്ടില്‍ പന്ത് പിച്ച് ചെയ്ത നിമിഷം ലോറ തന്റെ സാധ്യത കണ്ടു, ലോഫ്റ്റഡ്, മിസ് ടൈം. പന്ത് ഉയര്‍ന്ന് പൊങ്ങി ഡീപ് മിഡ് വിക്കറ്റിലേക്ക്. അമൻജോത് തന്റെ കണ്ണുകളെ പന്തിലേക്ക് സമര്‍പ്പിച്ച് മൂന്നോട്ട് ആഞ്ഞെത്തി. ഗ്യാലറി നിശബ്ദമാണ്.

പന്ത് അമൻജോതിന്റെ കൈകളില്‍ പതിച്ചു, പക്ഷേ കൈകളിലൊതുക്കാൻ അമന് കഴിയുന്നില്ല. ഹൃദയം നിലച്ചുപൊയതുപോലൊരു നിമിഷം. ഫ്രാക്ഷൻ ഓഫ് സെക്കൻഡില്‍ രണ്ടാം ശ്രമം, പരാജയപ്പെടുന്നു, കാലിടറുന്നു. മൈതാനത്തേക്ക് പതിക്കും മുൻപ് തന്റെ വലം കയ്യിലേക്ക് ആ പന്തിനെയെത്തിച്ചു അമൻ, ക്യാച്ച്. 140 കോടി ജനങ്ങളുടെ ഹൃദയമിടിപ്പിന് ഇത്രയും വേഗത കൈവരിച്ചൊരു നിമിഷമുണ്ടായിട്ടില്ല. അമൻ ആ മൈതാനത്തുകിടന്നു, രാധയോടിയെത്തി. സ്മൃതി വായുവിലേക്കൊരു പഞ്ച് നല്‍കി, ഗ്യാലറി നിശബ്ദത വെടിച്ചു, കൈപ്പിടിയിലൊതുങ്ങിയത് ലോകകപ്പുകൂടിയായിരുന്നു.

ലോറയുടെ ഒറ്റയാള്‍ പോരാട്ടം അവിടെ അവസാനിക്കുകയാണ്, നവി മുംബൈ ഒന്നടക്കം അവര്‍ അര്‍ഹിക്കുന്ന ആദരം നല്‍കിയാണ് മടക്കിയത് കയ്യത്തും ദൂരത്ത് എത്തിയ നിമിഷത്തിന്റെ എല്ലാം അങ്കലാപ്പുമുണ്ടായിരുന്നു പിന്നീട് ഇന്ത്യക്ക്. മിസ് ഫീല്‍ഡുകള്‍, ഡ്രോപ്പ് ക്യാച്ചുകള്‍. പക്ഷേ, അതിനെയെല്ലാം അതിജീവിച്ചായിരുന്നു ആ യാത്ര.

എക്സ്ട്രാ കവറിന് മുകളിലൂടെ ഒരു ഇൻസൈഡ് ഔട്ട് ഷോട്ടിനുള്ള ശ്രമം നദീന്റെ ശ്രമം. പന്ത് പരന്നുയര്‍ന്ന് വായുവിലൂടെ നിങ്ങുമ്പോള്‍, മൈതാനത്ത് ഹര്‍മൻ തന്റെ ചുവടുകള്‍ പിന്നോട്ട് വെക്കുകയാണ്. തന്റെ ശരീരത്തെ വലിച്ചുനീട്ടി ഹര്‍മൻ ആ പന്തിനെ കൈകളിലേക്ക് അടുപ്പിച്ചു...നിലയുറച്ചില്ല ആ കാലുകള്‍, പായുകയായിരുന്നു...ഇരുകൈകളും അങ്ങനെ വിടര്‍ത്തി...

കമന്ററി ബോക്സില്‍ നിന്ന് ഇയാൻ ബിഷപ്പിന്റെ ശബ്ദമുയര്‍ന്നു, ബ്രില്യന്റ്ലി ടേക്കണ്‍, എ വിക്ടറി ദാറ്റ് വില്‍ ഇഗ്നൈറ്റ് എ നേഷൻ. ഇറ്റ് വില്‍ ക്രിയേറ്റ് എ ലെഗസി ഫോര്‍ ജനറേഷൻസ് ഓഫ് വിമൻ ടു ഫോളോ...ഗ്യാലറിയില്‍ നവംബറിന്റെ നോവറിഞ്ഞ രോഹിതുണ്ടായിരുന്നു, അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, അയാളെപ്പോലെ ഇത്തരമൊരു നിമിഷം ആഗ്രഹിച്ചവരുണ്ടാകുമോയെന്ന് തോന്നിച്ചു…

ഇത് അവരും അർഹിച്ചത്

ആ വിജയനിമിഷത്തിനപ്പുറം ചിലതുണ്ടായിരുന്നു. നിമിഷങ്ങളോളം ആശ്ലേഷിക്കുന്ന ഹര്‍മനും സ്മൃതിയും, അവരെ ദേശീയപതാക അണിയിക്കുന്ന രാധാ യാധവ്, ടൂര്‍ണമെന്റിലുടനീളം ഇന്ത്യയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച പ്രതീക റാവല്‍, വില്‍ചെയറില്‍ മൈതനത്തേക്ക് അവളെത്തി, സഹതാരങ്ങള്‍ക്കൊപ്പം നൃത്തം വെച്ചു, അമോല്‍ മജുംദാറിനെ ആശ്ലേഷിച്ച് ഹര്‍മൻ. ആ കിരീടം ഏറ്റുവാങ്ങിയ ഈ യാത്ര പൂര്‍ണതയിലെത്തുമ്പോഴും ചിലത് ബാക്കിയുണ്ടായിരുന്നു.

മൈതാനത്തേക്ക് അവര്‍ തിരിച്ചിറങ്ങി, തങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചവരെ വിളിച്ചു. മിതാലി രാജ്, ജുലാൻ ഗോസ്വാമി, അഞ്ജും ചോപ്ര, റീമ മല്‍ഹോത്ര. ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കാലങ്ങളോളം കാവലിരുന്നവള്‍, അര്‍ഹിച്ച കിരീടം കാലം അകറ്റി നിര്‍ത്തിയപ്പോള്‍ പടിയിറങ്ങേണ്ടി വന്നവള്‍, മിതാലി. അവരാ കിരീടം ഉയര്‍ത്തി, എന്തൊരു നിമിഷമായിരുന്നു അത്. പിന്നാലെ, ജുലാൻ..സ്മൃതി ജുലാനൊട് മാപ്പ് പറയുകയാണ്, ജുലാൻ ടീമിലുള്ളപ്പോള്‍ ഇത്തരമൊന്ന് സാധിച്ച് തരാൻ കഴിയാതെ പോയതിന്, ജുലാന്റെ കണ്ണുകള്‍ നിറയുകയാണ്. ശാന്ത റംഗസ്വാമി മുതല്‍ ഹര്‍മൻ വരെ, 1976 മുതല്‍ 2025 വരെ, ചെറുത്തുനില്‍പ്പുകളുടെ സുന്ദരമായ ഒരു യാത്ര...

ഉപേക്ഷിച്ചിറങ്ങിപ്പോകാൻ എളുപ്പമുള്ള ഒരു യാത്രയായിരുന്നു. പക്ഷേ അവര്‍ ചെറുത്തു നിന്നു. പോരാട്ടങ്ങളുടെ കഠിനാധ്വാനത്തിന്റെ കഥകള്‍ പേറിയ 16 പേ‍രുടെ സ്വപ്നം 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി അവിടെ ആ നിമിഷം ഇഴചേര്‍ന്നിരിക്കുന്നു. ക്രിക്കറ്റിന്റെ ഉന്നതിയിലേറിയ അവരെ രാജ്യത്തിന്റെ തെരുവുകള്‍ ആഘോഷിക്കും ഒർമിക്കപ്പെടും, അവർക്കായ് വാഴ്ത്തുപാട്ടുകള്‍ പിറക്കും തലമുറകള്‍ കൊണ്ടാടും...വിമർശനങ്ങളുടെ, ക്രൂരമായ തമാശകള്‍ മാത്രം തേടിയെത്തിയ ഹർമന്റെ സംഘത്തിന് ഇനി ഒരു വിശേഷണം മാത്രം, ചാമ്പ്യൻസ് ഓഫ് ദ വേള്‍ഡ്.