ഒരുകാലത്തും ഗംഭീർ സ്റ്റാര്‍ഡത്തില്‍ വിശ്വസിച്ചിരുന്നില്ല. മുഖങ്ങളുടെ തിളക്കങ്ങള്‍ക്കായിരുന്നില്ല ഗംഭീറിന്റെ ഗുഡ്ബുക്കിലിടം

ഭൂതകാലത്തെ ശീലങ്ങള്‍ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. താരപ്രഭയ്ക്കല്ല ടീമിനാണ് മുൻഗണനയെന്ന് രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും പടിയിറക്കങ്ങളിലൂടെ തെളിയിക്കപ്പെടുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശക്തനായ പരിശീലകനായി മാറുന്ന നാളുകളാണോ ഇനി കാത്തിരിക്കുന്നത്.

2011 ഏകദിന ലോകകപ്പിന് ശേഷം ഗൗതം ഗംഭീര്‍ ഉറച്ച സ്വരത്തില്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. എല്ലാവരും ധോണിയുടെ ഇന്നിങ്സിനും ആ സിക്സറിനുമാണ് പ്രധാന്യം കൊടുക്കുന്നത്. യുവരാജിന്റേയും സഹീര്‍ ഖാന്റെയും സംഭാവനകള്‍ വിസ്മരിക്കുന്നു...ഇത് പറയുമ്പോള്‍ ഗംഭീറിന്റെ മുഖത്ത് ഒരുവിധത്തിലുമുള്ള ആശങ്കയുണ്ടായിരുന്നില്ല. കാരണം ഒരുകാലത്തും അയാള്‍ സ്റ്റാര്‍ഡത്തില്‍ വിശ്വസിച്ചിരുന്നില്ല. മുഖങ്ങളുടെ തിളക്കങ്ങള്‍ക്കായിരുന്നില്ല ഗംഭീറിന്റെ ഗുഡ്ബുക്കിലിടം, മറിച്ച് ടീമിന്റെ പ്രകടനത്തില്‍ മാത്രമായിരുന്നു.

നിങ്ങള്‍ ഗ്രെഗ് ചാപ്പല്‍ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തിയ കാലമോര്‍ക്കുന്നുണ്ടോ. സച്ചിൻ തെൻഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സേവാഗ്, സഹീര്‍ ഖാൻ എന്നിവരടങ്ങിയ ഇതിഹാസപ്പടയുടെ താക്കോല്‍ കയ്യില്‍ കിട്ടിയവൻ. ഓസീസ് ഡിഎൻഎ എന്ന് ക്രിക്കറ്റില്‍ പറയാറുണ്ട്, എന്തിനും മുകളിലാണ് ടീമിന്റെ വിജയത്തെ അവര്‍ കാണുന്നത്. അതുകൊണ്ട് തന്നെ ടീമില്‍ പലകടുത്ത തീരുമാനങ്ങളും ഓസ്ട്രേലിയക്കാരനായ ചാപ്പലെടുത്തിരുന്നു.

സ്ഥിരത പുലര്‍ത്താത്ത ഗാംഗുലിയില്‍ നിന്ന് നായകസ്ഥാനം എടുത്തുമാറ്റി, സഹീറിന്റേയും സേവാഗിന്റേയും കായികക്ഷമതയില്‍ ആശങ്ക പുലര്‍ത്തി. താല്‍ക്കാലികമായെങ്കിലും ടീമില്‍ നിന്ന് മാറ്റി നി‍ര്‍ത്തപ്പെട്ടു. അങ്ങനെ ഇന്ത്യയ്ക്ക് അന്ന് വരെ പരിചിതമല്ലാത്ത പലതും ചാപ്പലിന്റെ തീരുമാനങ്ങളില്‍ കണ്ടു. എന്നാല്‍, ഡ്രെസിങ് റൂമിലെ താരപ്രഭയില്‍ അസ്വസ്ഥതകളുണ്ടായി, ടീമിന്റെ പ്രകടനത്തില്‍ അത് പ്രതിഫലിച്ചു, സച്ചിൻ ചാപ്പലിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ഒറ്റയടിക്ക് തിരുത്താൻ ശ്രമിച്ച ചാപ്പലിനും പിഴച്ചു. പിന്നീട്, കുംബ്ലെയ്ക്കും സമാനമായ അനുഭവം ഉണ്ടായി, വിരാട് കോലി നയിക്കുന്ന കാലത്ത്. 

ചാപ്പലും കുംബ്ലെയും ചാവേറായി, വഴിമാറി. പക്ഷേ, അത്തരമൊന്ന് ഗംഭീറിന്റെ കാര്യത്തിലുണ്ടായില്ല. കോലി, രോഹിത് ശ‍ര്‍മ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ...ലോകക്രിക്കറ്റിന്റെ തന്നെ മുഖങ്ങള്‍. അശ്വിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലാസ്റ്റ് ബഞ്ച് ഓഫ് ഓജീസ്. പരിശീലകസ്ഥാനം കയ്യിലേക്ക് വരുന്നതിന് മുൻപ് ഗംഭീര്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. രോഹിതും കോലിയും മികവ് പുലര്‍ത്തിയില്ലെങ്കില്‍ എന്റെ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന്, പിന്നീട് ഗംഭീര്‍ അത് തിരുത്തുകയും ചെയ്തു.

പക്ഷേ, കാലം ആദ്യ വാക്കുകളെ ശരിവെച്ചിരിക്കുന്നു. ഒരുപാട് ദൂരമില്ലായിരുന്നു കോലിക്കും രോഹിതിനും മുന്നില്‍. എങ്കിലും ആ തീരുമാനത്തിലേക്ക് ഇത്ര വേഗമുണ്ടാകുമെന്ന് കരുതിയിരുന്നില്ല ആരും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യൻ ടീമിന് പുതിയ മുഖങ്ങളുണ്ടാകണമെന്ന ഉറച്ച തീരുമാനം ഗംഭീറിനുണ്ടായിരുന്നു. കോലിയും രോഹിതും ഇംഗ്ലണ്ട് പര്യടനം സ്വപ്നം കണ്ടിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഗംഭീറിന്റെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു.

ഓസ്ട്രേലിയൻ പര്യടനം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഡ്രെസിങ് റൂമിലെ ഒത്തൊരുമയില്ലായ്മ പുറംലോകമറിഞ്ഞിരുന്നു. മുതിര്‍ന്ന താരങ്ങളുടെ അസ്വസ്ഥതയും പുറത്തുവന്നു. നേരത്തെ പറഞ്ഞതുപോലെ ഗംഭീറിനെ സംബന്ധിച്ച് ടീം മാത്രമാണ് വലുത്. താരങ്ങളുടെ തലപ്പൊക്കമല്ല, പ്രകടനമാണ്. അതുകൊണ്ട് ഗംഭീര്‍ യുഗം ഇനിയാണ് ആരംഭിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവസാന വാക്കായി ഗംഭീര്‍ മാറുകയാണ്. ഗംഭീറിനെ എതിര്‍ക്കാനോ മറുവാക്ക് പറയാനോ പോന്ന താരങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം.

മുതിര്‍ന്ന താരമായി ഇനിയുള്ളത് രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ എന്നിവരാണ്. ജഡേജയുടേയും ഷമിയുടേയും കരിയറിന്റെ ദൈര്‍ഘ്യം എത്രത്തോളമാണെന്നത് കണ്ടറിയണം. ബുംറയാണെങ്കില്‍ പരുക്കിന്റെ പിടിയിലമരുന്ന താരവും. പുതിയ നാകനായി സാധ്യതകല്‍പ്പിക്കുന്നത് ഗില്ലിനാണ്. അത്ര സ്വാധീനം ചെലുത്താനുള്ള തരത്തിലേക്ക് ഗില്ലിന് വളരാനായിട്ടില്ല, കോലിയുടേയും രോഹിതിന്റേയും തണലില്‍ തന്നെയായിരുന്നു ഗില്ലും.

രോഹിതിനും കോലിക്കും ഒരു വിടവാങ്ങല്‍ മത്സരം പോലും നല്‍കാത്തതിലെ പ്രതിഷേധം ഒരുവശത്തുണ്ട്. ഗംഭീറിന്റെ തീരുമാനങ്ങള്‍ക്കൊപ്പമാണ് ബിസിസിഐ സഞ്ചരിക്കുന്നതെങ്കില്‍ മറുവശത്ത് കാത്തിരിക്കുന്ന പ്രതിസന്ധികളും ചെറുതല്ല. ന്യൂസിലൻഡിനെതിരായ ഹോം സീരീസും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും നഷ്ടമായിരിക്കുന്നു. ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡില്ലാത്ത ഇന്ത്യയ്ക്ക് വരുന്ന പരമ്പര നിര്‍ണായകമാണ്. ഒരു പരമ്പരകൂടി കൈവിടുന്നതും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സൈക്കിള്‍ തിരിച്ചടിയോടെ തുടങ്ങുന്നതും ഗംഭീറിന്റെ വഴിയില്‍ കല്ലും മുള്ളും നിറയ്ക്കും.

രോഹിതും കോലിയുമില്ല, തകര്‍ന്ന് നില്‍ക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ തിരിഞ്ഞുനോക്കാൻ ആളില്ലെന്ന് അര്‍ത്ഥം. ഇന്ത്യ പതറുമ്പോള്‍ രോഹിതിനും കോലിക്കുമായി ശബ്ദം ഉയരും, അത് നിശബ്ദമാക്കുക എളുപ്പമാകില്ല. ഇരുവരേയും പോലെ മൈതാനത്ത് തിരിച്ചടി നേരിട്ടവരും തിരിച്ചുവന്നവരും ഇന്ന് ലോകക്രിക്കറ്റില്‍ തന്നെ ചുരുക്കമാണ്. ആ പരിചയസമ്പത്തിന് എങ്ങനെ പകരം വെക്കുമെന്ന വലിയ വെല്ലുവിളി മുന്നിലുണ്ട്. ഗാംഗുലിയും ദ്രാവിഡും സച്ചിനുമൊക്കെ പടിയിറങ്ങിയത് ഒരുമിച്ചായിരുന്നില്ല, വഴിയൊരുക്കിയതിന് ശേഷമായിരുന്നു. ഇവിടെ അതുണ്ടായില്ല എന്നതും ഓര്‍മ്മിക്കേണ്ടതാണ്.

പൊളിച്ചെഴുത്തുകളിലൂടെ ഒരു പരിശീലകൻ സര്‍വശക്തനാകുക മാത്രമല്ല പുതിയൊരു സംസ്കാരം ഇന്ത്യൻ ക്രിക്കറ്റില്‍ രൂപപ്പെടുക കൂടിയാണ്. രോഹിതിന്റേയും കോലിയുടേയും ജഡേജയുടേയും പടിയിറക്കത്തിന് ശേഷം ട്വന്റി 20 ക്രിക്കറ്റില്‍ കണ്ടതും ആ മാറ്റം തന്നെയാണ്, വിജയം കാണുകയും ചെയ്തു. അത് ടെസ്റ്റിലും ആവര്‍ത്തിക്കുമോയെന്നതാണ് അറിയേണ്ടത്.