ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമായതോടെ ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു, എന്നാല്‍ മേയ് 17 മുതല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കും
ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ മുൻനിര ടീമുകളായ ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് തിരിച്ചടി. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമായതോടെ ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു, എന്നാല്‍ മേയ് 17 മുതല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കും. ജൂണ്‍ മൂന്നിനായിരിക്കും ഐപിഎല്‍ ഫൈനല്‍.
ഇതിനിടെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ജോസ് ബട്ട്ലര്‍ (ഗുജറാത്ത് ടൈറ്റൻസ്), വില്‍ ജാക്ക്‌സ് (മുംബൈ ഇന്ത്യൻസ്), ജേക്കബ് ബെഥല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) എന്നീ താരങ്ങള്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയിട്ടുണ്ട്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. ഐപിഎല്ലില്‍ പ്ലേ ഓഫ് നടക്കുന്ന സമയത്തുതന്നെയായിരിക്കും വിൻഡീസ് പരമ്പരയും.
നാട്ടിലേക്ക് മടങ്ങിയിരിക്കുന്ന താരങ്ങള്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ എത്തിച്ചേര്‍ന്നേക്കും. എന്നാല്‍, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ എൻഒസി ആവശ്യമായി വരും.
ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷം ആരംഭിക്കുന്നതിന് മുൻപ് മേയ് 25നായിരുന്നു ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരുന്നത്. അതുവരെയുള്ള അനുമതിയാണ് നിലവില്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഐപിഎല്‍ എട്ട് ദിവസത്തേക്ക് കൂടി നീട്ടിയതോടെ പുതിയ എൻഒസിയുണ്ടെങ്കില്‍ മാത്രമെ താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന്റെ ഭാഗമാകാൻ കഴിയു.
ഗുജറാത്തും മുംബൈയും ബെംഗളൂരുവും പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകളാണ്. പ്ലേ ഓഫിലേക്ക് എത്താൻ സാധ്യതയുള്ളവരും.
ഈ സീസണില്‍ ഗുജറാത്തിന്റെ ഏറ്റവും മികച്ച ബാറ്ററിലൊരാളാണ് ബട്ട്ലര്‍. ഇതിനോടകം തന്നെ 500 റണ്‍സിലധികം നേടി. വില്‍ ജാക്‌സും ബെഥലും തങ്ങള്‍ ലഭിച്ച അവസരങ്ങളില്ലാം തിളങ്ങിയിട്ടുണ്ട്. വില്‍ ജാക്‌സ് എന്ന ബാറ്ററിനേക്കാള്‍ ഉപരി താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് മുംബൈക്ക് തുണയായിട്ടുള്ളത്.

