പ്ലേ ഓഫുകള്‍ അനായാസം നീന്തിക്കയറുന്ന മുംബൈ ഇന്ത്യൻസ് എന്ന മഹാസംഘത്തെ പഞ്ചാബ് വീഴ്ത്തിയത് എങ്ങനെ

അഹമ്മദാബാദില്‍ ഒരു മഴ പെയ്ത് തോര്‍ന്നപ്പോള്‍ പരിചിതമല്ലാത്ത പലതിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. 18 വര്‍ഷം നീണ്ട ചരിത്രം മാഞ്ഞു. പുതിയ ചരിത്രങ്ങള്‍ കുറിക്കപ്പെട്ടു. അണ്‍പ്ലെയബിളെന്ന് കരുതപ്പെടുന്ന ഇതിഹാസപ്പന്തുകള്‍ ബൗണ്ടറിവര തൊട്ടു. ജസ്പ്രിത് ബുംറയെന്ന് പേരിന് നേർക്ക് സീസണിലാദ്യമായ് എക്കോണമി എട്ട് താണ്ടി...പ്ലേ ഓഫുകള്‍ അനായാസം നീന്തിക്കയറുന്ന മുംബൈ ഇന്ത്യൻസ് എന്ന മഹാസംഘത്തെ പഞ്ചാബ് വീഴ്ത്തിയത് എങ്ങനെ.

We have lost the battle, but not the war. ശ്രേയസ് അയ്യരിന്റെ ഈ വാക്കുകള്‍ തന്നെയാണ് ആദ്യ ഉത്തരം. ഈ വാക്കുകള്‍ക്ക് പിന്നില്‍ ആത്മവിശ്വാസമാണോ അഹങ്കാരമാണോയെന്ന സംശയങ്ങള്‍ ഉയർന്നിരുന്നു. ഇത് രണ്ടുമായിരുന്നില്ല, ദൃഢനിശ്ചയമായിരുന്നു. അത് അഹമ്മദാബാദില്‍ നേരം പുലർന്നപ്പോള്‍ തെളിയുകയും ചെയ്തു. പക്ഷേ, ദൃഢനിശ്ചയം ഉണ്ടായാല്‍ മാത്രം പോര, അത് മൈതാനത്ത് നടപ്പിലാക്കണം, അതും അഞ്ച് കിരീടങ്ങളുടെ പകിട്ടുള്ള ഒരു ടീമിനെതിരെ. 

ഒരോ ബാറ്റര്‍മാര്‍ക്കുമെതിരെ കൃത്യമായ പദ്ധതികള്‍ പഞ്ചാബിനുണ്ടായിരുന്നു. രോഹിത് ശര്‍മയ്ക്കായി വിരിച്ച വല തന്നെ ഉദാഹരണം. രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ രോഹിത് അഞ്ച് പന്തില്‍ നാല് റണ്‍സ്. അധിക നേരം രോഹിതിന് അങ്ങനെ തുടരാനാകില്ലായിരുന്നു. രോഹിതിന് എക്‌സ്പ്ലോഡ് ചെയ്യാൻ ഒരു അവസരം പഞ്ചാബ് ഒരുക്കി. മാര്‍ക്കസ് സ്റ്റോയിനിസിലൂടെ. ഇരയെ കൊടുത്ത് കെണിയൊരുക്കുന്നതുപോലൊരു തന്ത്രം.

ആദ്യ പന്തില്‍ ബൗണ്ടറി, പക്ഷേ രണ്ടാം പന്ത് ലക്ഷ്യം കണ്ടു. 132 കിലോ മീറ്റര്‍ വേഗതയില്‍ ലെങ്ത് ബോള്‍. രോഹിതിന് അത് റെസിസ്റ്റ് ചെയ്യാനാകുമായിരുന്നില്ല. തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ട്, എന്നാല്‍ കൃത്യമായ ഫീല്‍ഡ് പ്ലേസ്മെന്റ് അവിടെ ശ്രേയസ് ഒരുക്കിയിരുന്നു. ഡീപ് സ്ക്വയര്‍ ലെഗില്‍ വിജയകുമാര്‍ വൈശാഖിന്റെ കൈകളില്‍ ഭദ്രം. ഇവിടെ മാത്രം ഒതുങ്ങിയില്ല, വിക്കറ്റിന്റെ ടു പേസ്‌ഡ് സ്വഭാവം ഉപയോഗിക്കുയായിരുന്നു പഞ്ചാബ്.

ഷോട്ട് ബോളുകളും ബൗണ്‍സറുകളും സ്ലോ ബോളുകളും 50 ശതമാനത്തിലധികം പഞ്ചാബ് ബൗളര്‍മാരില്‍ നിന്ന് വന്നു. ഇതായിരുന്നു മുംബൈയുടെ സ്കോറിങ്ങിനെ തടുത്തതും. ജോണി ബെയര്‍സ്റ്റോയെ വൈശാഖ് മടക്കുന്നത് സ്ലൊ നക്കള്‍ ബോളിലാണ്. അതും തുടര്‍ച്ചയായി മൂന്നാമത്തെതില്‍. ആദ്യ രണ്ടിലും ബെയര്‍സ്റ്റോ മിഡില്‍ ചെയ്യാൻ ബുദ്ധിമുട്ടിയതിന് പിന്നാലെയാണ് ആവര്‍ത്തനം. മൂന്നാം പന്തില്‍ പന്തിന് വേഗതയുണ്ടാകുമെന്ന കണക്കൂകാട്ടലാണ് വലം കയ്യൻ ബാറ്റര്‍ക്ക് പിഴച്ചത്. 

പുള്‍ ഷോട്ടില്‍ മികവുള്ള ബെയര്‍സ്റ്റോയ്ക്ക് മുന്നില്‍ ലെഗ് സൈഡ് അടച്ചു അയ്യര്‍. അതുകൊണ്ട് സ്കൂപ്പ് തിരഞ്ഞെടുക്കേണ്ടി വന്നും ബെയര്‍സ്റ്റോയ്ക്ക്. ഇംഗ്ലിസിന്റെ കൈകളില്‍ ഇന്നിങ്സിന് അവസാനവും. തിലക് വര്‍മ, ബെയര്‍സ്റ്റോ, ഹാര്‍ദിക്ക് പാണ്ഡ്യ, രാജ് ബാവ എന്നിവരെല്ലാം ഷോര്‍ട്ട് ബോളുകള്‍ ജഡ്ജ് ചെയ്യുന്നതില്‍ പരാജയപ്പെടുകയും മിസ് ഹിറ്റുകള്‍ നിരന്തരം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. 

സൂര്യകുമാറിനെതിരെ മികച്ച റെക്കോര്‍ഡുള്ള ചഹലില്‍ അയ്യര്‍ പൂര്‍ണമായും വിശ്വാസിച്ചു, ചഹലിനെതിരായ ബാറ്റില്‍ സൂര്യക്ക് വിജയിക്കാനായെങ്കിലും തന്റെ അവസാന ഓവറില്‍ ചഹല്‍ പരിഹാരം കണ്ടു. 20 റണ്‍സെങ്കിലും കുറയ്ക്കാൻ ആ ഒരുവിക്കറ്റിന് സാധിച്ചിട്ടുണ്ട്. തിലക് പുറത്താകുന്നത് ജാമിസണിന്റെ സ്ലോ ബോളിലാണ്, ഹാര്‍ദിക്കിന്റെ വിക്കറ്റ് ഒമര്‍സായ് ഉറപ്പിക്കുന്നത് സ്ലൊ ബൗണ്‍സറിലും. നമൻ ധീറിന് മാത്രമാണ് ഫീല്‍ഡിന് അനുസരിച്ച് പഞ്ചാബിന്റെ തന്ത്രത്തെ മറികടക്കാനായത്. 

ബൗളിങ്ങിലെ ഈ കണിശതയില്ലായിരുന്നെങ്കില്‍ മുംബൈയുടെ സ്കോര്‍ ഒരുപക്ഷേ, 230 തൊടുമായിരുന്നു. എന്നിട്ടും 203 എന്നൊരു സ്കോറിലേക്ക് മുംബൈക്ക് എത്താനായി. ബൗളിങ്ങിലെ എക്സിക്യൂഷൻ ബാറ്റിങ്ങിലും ആവര്‍ത്തിക്കുകയായിരുന്നു പഞ്ചാബ്. offense is the best defense എന്ന് പറയാറുണ്ട്. പ്രത്യാക്രമണമാണ് മികച്ച പ്രതിരോധ മാര്‍ഗം. ബുംറയുടെ നാല് ഓവറുകള്‍ എങ്ങനെ കളിക്കും എന്നത് നിര്‍ണായകമായിരുന്നു. കളി തിരിക്കാൻ കെല്‍പ്പുള്ള 24 പന്തുകള്‍.

അഞ്ചാം ഓവറില്‍ ബുംറ വരുന്നു. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലെടുത്ത അതേ സമീപനവുമായി ജോഷ് ഇംഗ്ലിസ്. ബുംറയെ കൗണ്ടര്‍ അറ്റാക്ക് ചെയ്യുന്നു. അശ്രദ്ധമായ ക്രോസ് ബാറ്റഡ് ഷോട്ടുകളോ സ്ലോഗുകളോ ആയിരുന്നില്ല, കൃത്യമായ പ്ലേസ്മെന്റുകള്‍, രണ്ട് വീതം ഫോറും സിക്സും അടക്കം 20 റണ്‍സ്. ബുംറ ഒരു മത്സരത്തില്‍ വിട്ടുനല്‍കുന്നത് ഒരു ഓവറില്‍ ഇംഗ്ലിസ് നേടി. പഞ്ചാബ് ബൗളര്‍മാരുടെ പാത പിന്തുടരാൻ മുംബൈ തയാറായില്ല.

ഷോര്‍ട്ട് ബോളുകളും സ്ലോ ബോളുകളും നിരന്തരം പരീക്ഷക്കാൻ ശ്രമിച്ചില്ല. അതിന് മുതിര്‍ന്നപ്പോള്‍ പ്രഭ്‌സിമ്രാന്റെയും ഇംഗ്ലിസിന്റേയും വിക്കറ്റുകളും ലഭിച്ചിരുന്നു. പകരം സ്ലോട്ട് ബോളുകളും ഫുള്‍ ലെങ്ത് ഡെലിവെറികളുമാണ് മുംബൈ ബൗളര്‍മാര്‍ പരീക്ഷിച്ചത്. മിസ് ഹിറ്റ് തേടിയായിരുന്നു ശ്രമമെങ്കിലും പോലും അത് തിരിച്ചടിച്ചു. വധേരയെ ബോള്‍ട്ട് കൈവിട്ടത് പഞ്ചാബിന് ഇന്ധനമായി. വധേര-ശ്രേയസ് കൂട്ടുകെട്ട് മധ്യ ഓവറുകളില്‍ പഞ്ചാബ് പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു. 

ടോപ്ലിയും അശ്വിനിയും വൈഡ് യോര്‍ക്കറുകള്‍ക്ക് ശ്രമിച്ച് സ്ലോട്ട് ബോളുകളായ് മാറിയത്, ബോള്‍ട്ടിനേയും ബുംറയേയും ശ്രേയസ് നേരിട്ട വിധം. ഇവയെല്ലാം മുംബൈയുടെ പ്രതീക്ഷകളെ തള്ളി. യോര്‍ക്കറുകള്‍ക്കുള്ള ഫീല്‍ഡ് പ്ലേസ്മെന്റിനേയും പഴിക്കേണ്ടിയിരിക്കുന്നു, കാരണം അത്രത്തോളം ഷോട്ടുകള്‍ കൈവശമുള്ള ബാറ്ററാണ് ശ്രേയസ്. ഇവിടെ ഹാര്‍ദിക്കെന്ന നായകന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. എല്ലാത്തിനും ഉപരിയായി ഹാര്‍ദിക്ക് എന്തുകൊണ്ട് സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തില്ല എന്നൊരു ചോദ്യവുമുണ്ട്. 

ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ അത്രത്തോളം സമ്മര്‍ദമുള്ള ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ ഫോമില്‍ നില്‍ക്കുന്ന ബാറ്റര്‍മാര്‍ക്കെതിരെ എറിഞ്ഞ് കിരീടം ഉറപ്പിച്ച താരമാണ് ഹാര്‍ദിക്ക്. ഇംഗ്ലിസിനെ മടക്കി, വധേരയെ ഓള്‍മോസ്റ്റ് പുറത്താക്കി. പക്ഷേ, പിന്നീട് ഹാര്‍ദിക്ക് പന്ത് എറിയാനെത്തിയില്ല. സീസണില്‍ ആദ്യമായി എറിയുന്ന ടോപ്ലിക്കും പരിചയസമ്പന്നത കുറഞ്ഞ അശ്വനിക്കും മുകളില്‍ ഹാര്‍ദിക്കിന്റെ പന്തുകളായിരുന്നില്ലെ മുംബൈക്ക് ആവശ്യം.

തന്ത്രങ്ങളുടെ തുലാസിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും ശ്രേയസും സംഘവും വിജയിച്ചു, പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യ കിരീടം തേടിയിറങ്ങുകയാണ്. മുംബൈയുടെ ആറാം കിരീടമെന്ന സ്വപ്നം ബാക്കിയാകുന്നു.