ഏകദിന ലോകകപ്പിന് തയാറാകുന്ന ഇന്ത്യൻ ടീം ഓസ്ട്രേലിയക്കെതിരെ നേടിയ ഉജ്വല ജയം പ്രതീക്ഷ നല്‍കുന്നതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ മികവ് പുലര്‍ത്തിയാണ് ചരിത്ര ജയം നേടിയത്

സമഗ്രാധിപത്യം പുലർത്തുന്ന ഒരു ടീമാണ് ഓസ്ട്രേലിയ. എല്ലാ മൈതാനങ്ങളിലും അവർക്കത് ആവർത്തിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍, ഓസ്ട്രേലിയയെ ഏത് ദിവസവും തോല്‍പ്പിക്കാൻ പ്രാപ്തരായ ഒരു ടീമായി ഞങ്ങള്‍ മാറിയിരിക്കുന്നു, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗര്‍ പറഞ്ഞ വാക്കുകളാണിത്. ഇന്നലെ ജോ‍ര്‍ജിയ വെയര്‍ഹാമിന്റെ ഓഫ് സ്റ്റമ്പ് സ്ലൊ യോര്‍ക്കറിലൂടെ ക്രാന്തി തകര്‍ക്കുമ്പോള്‍ ന്യൂ ചണ്ഡീഗഢ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയ രുചിച്ചത് അവരുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. 11 ദിവസങ്ങള്‍ക്കപ്പുറം ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് തങ്ങള്‍ സജ്ജമെന്ന് ക്രിക്കറ്റ് ലോകത്തോട് ഹര്‍മനും കൂട്ടരും വിളിച്ചുപറഞ്ഞ നിമിഷം.

സ്വന്തം നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. 2007ന് ശേഷം ഇന്ത്യയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാൻ നീലപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഓസീസിനെ ഫോര്‍മാറ്റില്‍ കീഴടക്കിയത് ഒരു തവണമാത്രം. പക്ഷേ, ഇതെല്ലാം തിരുത്തിക്കുറിക്കുമെന്ന് വിശ്വസിക്കാൻ പോന്ന പ്രകടനമാണ് സമീപകാലത്ത് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. ഈ വ‍ര്‍ഷം കളിച്ച 11 ഏകദിനത്തില്‍ ഒൻപതിലും ജയം. ഇതിനുപുറമെ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ 2-1ന് പരമ്പര സ്വന്തമാക്കി. അതുകൊണ്ട് ഓസീസിനെതിരായ പരമ്പര ഇന്ത്യയുടെ മികവ് എത്രത്തോളം ഉയര്‍ന്നുവെന്നതിന്റെ അളവുകോലാകുമെന്ന് തീര്‍ച്ചയായിരുന്നു.

സ്മ്യതിയുടെ ഇന്ത്യ

ആദ്യ ഏകദിനത്തില്‍ തോല്‍വി. ടോസ് നഷ്ടപ്പെട്ട് രണ്ടാം മത്സരത്തിലും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ അനിവാര്യമായ ഒന്ന് കൂറ്റൻ സ്കോര്‍ തന്നെയായിരുന്നു. ഓസീസിനെ പിടിച്ചുകെട്ടാൻ മറ്റൊന്നിനും സാധിക്കില്ലെന്ന് ചരിത്രം പറയുന്നു. പുത്തൻ താരോദയമായ പ്രതീക റാവലിനെ ഷഫാലി വ‍ര്‍മയ്ക്ക് മുകളില്‍ പരിഗണിച്ച് സ്മൃതിയുടെ ഓപ്പണിങ് പങ്കാളിയാക്കിയ തീരുമാനം ഒരിക്കല്‍ക്കൂടി ശരിയെന്ന് തെളിയിക്കപ്പെട്ടു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സാണ് സഖ്യം ചേര്‍ത്തത്. തനതുശൈലിയില്‍ സ്മ്യതിയും മികച്ച പിന്തുണയുമായി പ്രതീകയും. എന്നാല്‍, സ്മ്യതി എന്ന വന്മരത്തിന്റെ തണലില്‍ നിന്നുകൊണ്ടായിരുന്നു ഇന്ത്യയുടെ ഇന്നിങ്സ് പുരോഗമിച്ചത്.

സ്മ്യതി എതിരാളികളുടെയും ഇന്ത്യയുടേയും നിര്‍ണായക വിക്കറ്റായി മാറുന്ന കാഴ്ച ഏറെക്കാലമായി ക്രിക്കറ്റ് ഭൂപടത്തില്‍ നിലനില്‍ക്കുന്ന ഒന്നാണ്. ഇന്ത്യയ്ക്കായി നിലകൊള്ളുക എന്ന ഉത്തരവാദിത്തം മറക്കാതെ ഇടം കയ്യൻ ബാറ്ററും. 77 പന്തില്‍ തന്റെ 12-ാം ഏകദിന സെഞ്ച്വറി. ഓസ്ട്രേലിയക്കെതിരെ ഒരു താരം നേടുന്ന അതിവേഗശതകം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നക്കം തൊടുന്നത് 15-ാം തവണ. മുന്നില്‍ ഓസീസ് ഇതിഹാസം മെഗ് ലാനിങ് മാത്രം, 17 സെഞ്ച്വറികള്‍. 330 മുതല്‍ 350 വരെ സ്കോര്‍ ചെയ്യാൻ കഴിയുന്ന വിക്കറ്റില്‍ ഓസീസിന്റെ അസാധ്യമായ തിരിച്ചുവരവ് കണ്ടു. സ്മ്യതിക്കപ്പുറം തിളങ്ങാൻ മറ്റൊരു ഇന്ത്യൻ ബാറ്റര്‍ക്കും കഴിയാതെ പോയതിനാല്‍ സ്കോ‍ര്‍ 292ല്‍ അവസാനിച്ചു.

സമ്മർദത്തില്‍ വീണ് ഓസീസ്

സ്മ്യതിയുടെ 117നപ്പുറം 40 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് സെക്കൻഡ് ടോപ് സ്കോറ‍ര്‍. അവസാന ഓവറുകളിലെ സ്നേ റാണയുടെ പരിശ്രമമാണ് ഇന്ത്യയെ 290 കടത്തിയത്. ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഉയരുന്ന രണ്ടാമത്തെ വലിയ സ്കോര്‍. പിന്തുടര്‍ന്ന് ജയിച്ചാല്‍ കാത്തിരിക്കുന്നത് ചരിത്രം. എന്നാല്‍, പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ രേണുക സിങ്ങും ക്രാന്തിയും ഓസ്ട്രേലിയയുടെ മികച്ച തുടക്കമെന്ന മോഹം അനുവദിച്ചില്ല. പവര്‍പ്ലേയില്‍ നേടിയത് 25 റണ്‍സ് മാത്രം, രണ്ട് വിക്കറ്റും നഷ്ടം. 2017ന് ശേഷമുള്ള ഏറ്റവും മോശം പവര്‍പ്ലെ. എലിസെ പെറിയുടേയും അന്നബല്‍ സത‍‍‍ര്‍ലൻഡിന്റേയും ശ്രമങ്ങള്‍ രാധ യാദവും അരുന്ധതി റെഡ്ഡിയും അവസാനിപ്പിച്ചതോടെ സ്കോര്‍ ബോര്‍ഡ് സമ്മര്‍ദത്തില്‍ ഒരു ഫ്ലാറ്റ് വിക്കറ്റില്‍ തകര്‍ന്നടിയുന്ന ഓസ്ട്രേലിയയെ ആണ് കണ്ടത്.

ഇന്ത്യയ്ക്ക് 102 റണ്‍സിന്റെ കൂറ്റൻ ജയം. 1973ലെ പ്രഥമ വനിത ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഏറ്റ 92 റണ്‍സ് തോല്‍വിയായിരുന്നു ഓസ്ട്രേലിയയുടെ ചരിത്രത്തിലെ വലിയ പരാജയം. ജയത്തോടെ ഏകദിനത്തില്‍ 13 തുടര്‍ വിജയങ്ങളുമായി എത്തിയ ലോക ചാമ്പ്യന്മാരെ പിടിച്ചുകെട്ടാനും ഇന്ത്യയ്ക്കായി. വിജയത്തിലും ആശങ്കകള്‍ ഇന്ത്യയ്ക്ക് ഇല്ല എന്ന പറയാനാകില്ല. സ്മ്യതിയുടെ വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞാല്‍ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ഇന്ത്യയാണ് കളത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ക്യാപ്റ്റൻ ഹര്‍മൻപ്രീതും റിച്ച ഘോഷും ദീപ്തിയും ഫോമിലേക്ക് ഉയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക ഘടകമാകുന്നു. പ്രത്യേകിച്ചും ജമീമ റോഡ്രിഗസ് പരുക്കിന്റെ പിടിയില്‍ തുടരുന്ന പശ്ചാത്തലത്തില്‍.