ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് 2025-26 സീസണിലെ സാമ്പത്തിക റിപ്പോർട്ട് നല്‍കുന്ന സൂചന
കളം നിറയുന്ന റഫീഞ്ഞ്യ, ഗോളടിച്ചും അടിപ്പിച്ചും ലമീൻ യമാലും ഫെർമിൻ ലോപസും. കളി മെനഞ്ഞ് റോഡ്രിയും പെഡ്രിയും. യൂറോപ്യൻ മൈതാനങ്ങളില്‍ അസാധാരണമായ കുതിപ്പ് നടത്തുകയാണ് ബാഴ്‌സലോണ. എന്നാല്‍, തിരശീലയ്ക്ക് പിന്നില്‍ കഥ മറ്റൊന്നാണ്. ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് 2025-26 സീസണിലെ സാമ്പത്തിക റിപ്പോർട്ട് നല്‍കുന്ന സൂചന. കടം രണ്ട് ബില്യണ്‍ യൂറോയിലേക്ക് ഉയരുകയും ചെയ്യും. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പിന്നിലെന്താണ്.
ദ അത്‌ലറ്റിക്കിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സീസണിലെ ബാഴ്‌സയുടെ വരുമാനം ഒരു ബില്യണ്‍ യൂറോയാണ്, അതായത് 11,086 കോടി രൂപ. റയല്‍ മാഡ്രിഡിന് ശേഷം ഒരു സീസണില്‍ വരുമാനം ഒരു ബില്യണ്‍ കടക്കുന്ന ആദ്യ ക്ലബ്ബ്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടായിട്ടും 17.8 മില്യണ്‍ യൂറോയുടെ നഷ്ടം പോയ സീസണിലുണ്ടായി, ഏകദേശം 200 കോടി രൂപയോളം. വരുമാനമുണ്ടാകുന്നുണ്ട്, പക്ഷേ ലാഭത്തിലേക്ക് എത്തുന്നുമില്ല.
ഇതിന് പിന്നിലെ കാരണവും പരിഹാരവും ഒന്നാണ്. എസ്‌പൈ ബാഴ്സ പ്രൊജക്റ്റ്. ക്ലബ്ബിന്റെ ഇൻഫ്രസ്ട്രക്‌ചർ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണിത്. ട്രെയിനിങ്ങ് ഗ്രൗണ്ടുകള്‍ മുതല്‍ ക്യാമ്പ് നൗവിന്റെ വികസനം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ക്യാമ്പ് നൗവിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ബാഴ്‌സ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ നവംബറില്‍ മത്സരങ്ങള്‍ക്കായി ക്യാമ്പ് നൗ ഉപയോഗിച്ചുതുടങ്ങിയെങ്കിലും സീറ്റിങ് കപ്പാസിറ്റി 45,000 മാത്രമായിരുന്നു, പിന്നീട് ഇത് 62,000 ആക്കി ഉയര്‍ത്തി. 40 മില്യണ്‍ യൂറോയാണ് ഹോസിപിറ്റാലിറ്റി റെവന്യുവായി നിലവില്‍ ലഭിക്കുന്നത്.
പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഒരുലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാൻ കഴിയും. ഇതോടെ വരുമാനം 250 മില്യണിലേക്ക്, അതായത് ഏകദേശം 2800 കോടിയോളം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2028 വരെ അതിനായി കാത്തിരിക്കേണ്ടി വരുമെന്ന് മാത്രമല്ല, നിര്‍മ്മാണത്തിനായി ഇനിയും തുക കടമെടുക്കേണ്ടതായും വരും. 300 മില്യണ്‍ യൂറോ കൂടിയാണ് പ്രോജക്റ്റ് പൂര്‍ത്തിയാക്കാൻ ഇനി ആവശ്യമുള്ളത്. ഇത് കൂടാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
ഈ വലിയ നഷ്ടങ്ങളെ ഒരു പരിധിവരെ ബാഴ്സ ബാലൻസ് ചെയ്യുന്നത് മറ്റ് മാര്‍ഗങ്ങളിലൂടെയാണ്. നിലവില്‍ ബാഴ്സയുടെ പ്രധാന വരുമാന ശ്രോതസ് കോമേഷ്യല്‍ റവന്യു ആണ്. നൈക്കി, സ്പോട്ടിഫൈ തുടങ്ങിയവരുമായുള്ള സ്പോണ്‍സര്‍ഷിപ്പ് ഡീലുകളാണ് ഇതിലേറ്റവും നിര്‍ണായകം. കഴിഞ്ഞ സീസണില്‍ കൊമേഷ്യല്‍ റവന്യു മാത്രം 564 മില്യണ്‍ യൂറോയാണ്, 62,500 കോടി രൂപ. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ 200 മില്യണ്‍ യൂറോയുടെ അധികവരുമാനം ഇതിലൂടെ സൃഷ്ടിക്കാൻ ബാഴ്സയ്ക്കായിട്ടുണ്ട്. മെര്‍ച്ചൻഡൈസ് ബിസിനസ് മുഖേന 200 മില്യണ്‍ യൂറോയോളം വരുമാനവും നേടാനായിട്ടുണ്ട്.
പക്ഷേ, പ്രതിസന്ധികള്‍ തരണം ചെയ്യാൻ വേണ്ടി തിരഞ്ഞെടുത്ത ചില വഴികള്‍ ഭാവിയില്‍ തിരിച്ചടിയാകാനിടയുണ്ട്. അതിലൊന്ന് ക്യാമ്പ് നൗവിലെ പതിനായിരത്തോളം വരുന്ന വിഐപി സീറ്റുകളുടെ 30 വര്‍ഷത്തെ അവകാശം വിറ്റതാണ്, അതും 71 മില്യണ്‍ യൂറോയ്ക്ക്. മറ്റൊന്ന് ടിവി റവന്യുവാണ്. ബാഴ്സയുടെ കഴിഞ്ഞ സീസണിലെ ടിവി ഇൻകം 244.6 മില്യണായിരുന്നു, മുൻകാലങ്ങളെ അപേക്ഷിച്ച് ഇടിവ് സംഭവിച്ചിട്ടുണ്ട്. 2022ല്‍ ക്ലബ്ബിന്റെ ടിവി റൈറ്റ്സിന്റെ 25 ശതമാനം സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതാണ് ഇതിന് പിന്നിലെ കാരണം.
667 മില്യണ്‍ യൂറോയ്ക്കാണ് റൈറ്റ്സ് നല്‍കിയത്. ഇത് ബാഴ്സയ്ക്ക് അന്ന് ആശ്വാസമായിരുന്നെങ്കിലും ഇന്ന് വരുമാനത്തിലെ ഇടിവിലേക്ക് നയിക്കുന്നതാണ്. താരങ്ങളുടെ ഉയര്‍ന്ന ശമ്പളമാണ് സാമ്പത്തിക ബുദ്ധുമുട്ടുകളിലേക്ക് നയിക്കുന്ന ഘടകം. 573 മില്യണ്‍ യൂറോയായിരുന്നു കഴിഞ്ഞ സീസണില്‍ താരങ്ങളുടെ ശമ്പളം. പുതിയ സൈനിങ്ങുകള്‍ക്കൂടി കണക്കാക്കുമ്പോള്‍ 650 മില്യണ്‍ യൂറോയായി ഉയരാൻ സാധ്യതയുണ്ട്. ലാ ലിഗയിലെ ടോപ് ക്ലബ്ബുകളായ റയലിനേയും അത്ലറ്റിക്കൊ മാഡ്രിഡിനേയും മാറ്റിനിര്‍ത്തിയാല്‍ മറ്റ് ടീമുകള്‍ താരങ്ങള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ ആറിരട്ടിയോളം വരും ഈ തുക.
യൂറോപ്പിലെ ടോപ് ക്ലബ്ബുകളിലൊന്നായ ബാഴ്സലോണയ ഏറ്റവും വലിയ ആശയക്കുഴപ്പത്തിലേക്ക് എത്തുന്നതും ഇവിടെയാണ്. സാമ്പത്തിക സുരക്ഷ കൈവരിക്കണമെങ്കില്‍ ചിലവുകള്‍ കുറയ്ക്കണം, പ്രധാനമായും പുതിയ സൈനിങ്ങുകള്‍. പക്ഷേ, എലൈറ്റ് ക്ലബ്ബായതുകൊണ്ടും ടോപ് ലെവല്‍ നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയുള്ളതിനാലും സൈനിങ്ങുകള്‍ ഒഴിവാക്കുക എളുപ്പമല്ല. കഴിഞ്ഞ സീസണില്‍ ലാ ലിഗ കിരീടം നേടിയ ഹൻസി ഫ്ലിക്കിന്റെ സംഘത്തിന്റെ ഈ സീസണിലെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗ് തന്നെയായിരിക്കും. അതിനാലാണ് പുതിയ സൈനിങ്ങുകള്‍ നിരവധി സംഭവിച്ചതും.
എന്നാല്‍ ഇത് സാമ്പത്തികമായ ക്ലബ്ബിനെ ബാധിക്കുന്നതുമാണ്. 1.84 ബില്യണ്‍ യൂറോയാണ് നിലവില്‍ ബാഴ്സയുടെ കടം, 20,381 കോടി രൂപ. എസ്പൈ ബാഴ്സ പ്രോജക്റ്റ് പൂര്‍ത്തിയാകുമ്പോഴേക്കും ഇത് രണ്ട് ബില്യണ്‍ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. കടമെടുക്കുന്ന തുകയുടെ പലിശയും ചെറുതല്ല, കഴിഞ്ഞ സീസണില്‍ പലിശയായി ബാഴ്സയ്ക്ക് നല്‍കേണ്ടി വന്നത് 90 മില്യണ്‍ യൂറോയാണ്.
പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാൻ എസ്പൈ ബാഴ്സ പ്രൊജക്റ്റ് പൂര്‍ത്തിയാക്കിയെ മതിയാകു ബാഴ്സയ്ക്ക്. പ്രതീക്ഷിക്കുന്ന വരുമാനമായ 250 മില്യണ്‍ യൂറോയിലേക്ക് എത്താൻ സാധിക്കുമോയെന്നത് മറ്റൊരു ചോദ്യം. ബാഴ്സയുടെ ഭാവി ഭദ്രമാക്കുന്നതില്‍ നിര്‍ണായകമാകുന്ന മറ്റൊന്ന് ചാമ്പ്യൻസ് ലീഗില്‍ എത്ര ദൂരം പോകാൻ കഴിയുമെന്നതാണ്. യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിലെത്താനായാല്‍ വാണിജ്യമൂല്യം ഇനിയും ഉയരും. വരുമാനം ഇനിയും ഉയര്‍ന്നേക്കാം, എന്നാല്‍ ക്ലബ്ബിന്റെ നിലവാരം ഇടിയാതെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എളുപ്പമല്ല, ലപ്പോര്‍ട്ടയ്ക്കും സംഘത്തിനും മുന്നില്‍ വലിയൊരു വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.


