ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 96 റണ്‍സിന്റെ മുൻതൂക്കം. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി

അവസാന ഏഴ് വിക്കറ്റ് വീണത് 41 റണ്‍സിനിടെ, ഫീല്‍ഡിങ്ങിലെ എണ്ണിയാലൊടുങ്ങാത്ത പിഴവുകള്‍, ഒടുവില്‍ ജസ്പ്രിത് ബുംറ ബ്രില്യൻസ് ഒരിക്കല്‍ക്കൂടി ഇന്ത്യയ്ക്ക് മുന്നില്‍ സാധ്യതകളുടെ വാതില്‍ തുറന്നു.

ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 96 റണ്‍സിന്റെ മുൻതൂക്കം. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി. മത്സരം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതി. മുന്നില്‍ വരുന്ന ഏത് വിജയലക്ഷ്യവും മറികടക്കാമെന്ന ആത്മവിശ്വാസം ഇംഗ്ലണ്ടിനുണ്ടാകും, കാരണം ബ്രണ്ടൻ മക്കല്ലത്തിന് കീഴിലെ ബാസ്‌ബോള്‍ തന്ത്രം.

ഇന്ത്യക്കും വിജയത്തിനുമിടയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാലാം ദിനത്തിലെ ആദ്യ സെഷനാണ്. ലീഡ്‌സിലെ വിക്കറ്റും കാലവസ്ഥയും വരും ദിവസങ്ങളിലും ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നിലയുറപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും നായകൻ ശുഭ്‌മാൻ ഗില്ലിനും കെ എല്‍ രാഹുലിനുമുണ്ടാകുക. 47 റണ്‍സുമായാണ് രാഹുല്‍ ക്രീസില്‍ നിലകൊള്ളുന്നത്, ഗില്‍ ആറ് റണ്‍സുമായും.

ആദ്യ ഇന്നിങ്സിന് സമാനമായി ഫ്ലൊലെസായാണ് രാഹുലിനെ മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ കാണപ്പെട്ടത്. സാങ്കേതികത്തികവും സമ്യമനവും നേരിട്ട 75 പന്തുകളിലും പ്രകടമായിരുന്നു. എന്നാല്‍, സെഞ്ചുറി ഇന്നിങ്സിലേതുപോലെ ആദ്യ പന്തില്‍ തന്നെ പോസിറ്റീവ് ഇന്റന്റ് പുറത്തെടുത്ത ഗില്‍ പിന്നീട് പരീക്ഷിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്‌സിന്റെ ഔട്ട്‌ സ്വിങ്ങറുകള്‍ ജഡ്ജ് ചെയ്യുന്നതില്‍.

ഇൻസ്വിങ് പന്തുകള്‍ ഗില്ലിന്റെ ദുര്‍ബലതയായാണ് കണക്കാക്കപ്പെടുന്നത്, സ്റ്റോക്ക്‌സിനപ്പുറം മറ്റ് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കാര്‍ക്കും കണ്ടീഷനുകളുടെ ആനൂകൂല്യം പൂര്‍ണമായും ഉപയോഗിക്കാനാകാതെ പോകുന്നത് ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവാണ്. ഗില്ലിനും രാഹുലുനും പുറമെ ഉത്തരവാദിത്തബോധത്തിന്റെ ഭാരം കരുണ്‍ നായരിന്റെ ചുമലിലുണ്ടാകും. കാരണം, ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ച തന്നെയാണ്.

ഗില്ലിന്റെ വിക്കറ്റിന് ശേഷം കരുണിന്റെ അതിവേഗമുള്ള മടക്കമാണ് ഇംഗ്ലണ്ടിന് സാധ്യതകള്‍ തുറന്നുനല്‍കിയത്. പ്രത്യേകിച്ചും റിഷഭ് പന്ത് തനതുശൈലിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മറുവശത്ത് നില്‍ക്കുന്ന ബാറ്റര്‍ കരുതല്‍ പുറത്തെടുക്കേണ്ടതുണ്ട്. ഗില്‍-പന്ത് കൂട്ടുകെട്ടില്‍ അതായിരുന്നു വിജയമന്ത്രം. കരുണിന്റെ പരിചയസമ്പത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും നാലാം ദിനം തന്നെയായിരിക്കും.

ആദ്യ സെഷനില്‍ ഒന്നിലധികം വിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഇന്ത്യ സമ്മര്‍ദത്തിലേക്ക് വീണേക്കും. പിന്നീട്, ഒരു വിജയലക്ഷ്യമൊരുക്കാനുള്ള പോരാട്ടമായി ബാറ്റിങ് മാറും. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യ പലപ്പോഴും പരാജയപ്പെടുന്നാതായാണ് കാണപ്പെടാറുള്ളത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് മൂന്ന് മികച്ച കൂട്ടുകെട്ടുകളായിരുന്നു ഉണ്ടായിരുന്നത്, മറുവശത്ത് ഇംഗ്ലണ്ടിന് ചെറുതുവലുതമായ സംഭാവനകള്‍ എല്ലാ വിക്കറ്റലും ലഭിച്ചു.

ഒന്നാം ഇന്നിങ്സിന്റെ ആവര്‍ത്തനമാകാതെ കൃത്യമായ കൂട്ടുകെട്ടുകളാണ് അനിവാര്യം. കരുണിന്റെ ബാറ്റ് നിര്‍ണായകമാകുന്നതും ഇവിടെയായിരിക്കും. ഇംഗ്ലീഷ് സാഹചര്യങ്ങളിലെ അനുഭവവും ഫോമും കരുണിനെ തുണയ്ക്കും. ഓവര്‍കാസ്റ്റ് കണ്ടീഷനില്‍ പോലും സന്നാഹമത്സരത്തില്‍ തിളങ്ങിയ താരമാണ് കരുണ്‍.

ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കണമെങ്കില്‍ ഇന്ത്യ ഒരുക്കുന്ന വിജയലക്ഷ്യം 350 റണ്‍സിന് മുകളിലായിരിക്കണം. അതിനായി നാലാം ദിനം പൂര്‍ണമായും ബാറ്റ് ചെയ്യുകയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വഴി. ആദ്യ ഇന്നിങ്സിലെ ഇംഗ്ലണ്ടിന്റെ റണ്‍ റേറ്റ് 4.6 ആണ്. ഒരു ദിവസം മുഴുവൻ അവശേഷിക്കെ 350 റണ്‍സ് ലക്ഷ്യം ഇംഗ്ലണ്ട് ഭയപ്പെടാനിടയില്ല. ബുംറ എന്ന പേരിലേക്ക് ഇന്ത്യയുടെ ബൗളിങ് നിര ചുരുങ്ങുന്നതും ഇവിടെ പരിഗണിക്കണം.

ആദ്യ ഇന്നിങ്സില്‍ പ്രസിദ്ധ് കൃഷ്ണയുടേയും ശാര്‍ദൂല്‍ താക്കൂറിന്റേയും എക്കണോമി ആറരയ്ക്ക് അടുത്തായിരുന്നു, സിറാജിന്റേത് അഞ്ചിനും. ബുംറയ്ക്കും ജഡേജയ്ക്കും മാത്രമാണ് റണ്ണൊഴുക്ക് തടയാനായത്. ജഡേജയ്ക്ക് പക്ഷേ, വിക്കറ്റ് കോളത്തില്‍ ഇടം നേടാനാകാതെയും പോയി. കൃത്യതയ്ക്കൊപ്പം സിറാജിന് വിക്കറ്റ് കൊയ്യാനും കഴിയുമെങ്കില്‍ ഇന്ത്യയ്ക്ക് വിജയസാധ്യത വര്‍ധിക്കും.

ഇന്നലെ പലകുറി മഴമൂലം കളി തടസപ്പെട്ടിരുന്നു. ഇന്നും അത് ആവര്‍ത്തിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. എങ്കില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും