ഈഡൻ ഗാര്‍ഡൻസിലെ പരാജയഭാരമിറക്കിവെക്കാൻ ഗൗതം ഗംഭീറിന്റെ സംഘം ഗുവാഹത്തിയില്‍ എത്തുമ്പോള്‍, ഒരു വ‍ര്‍ഷം മുൻപ് ന്യൂസിലൻഡ് സമ്മാനിച്ച മുറിവ് ആവര്‍ത്തിക്കുമോയെന്ന ആശങ്കയും മുന്നിലുണ്ട്

53 വര്‍ഷമായി ഇത്തരമൊരു നാണക്കേട് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ തേടിയെത്തിയിട്ട്. അവസാനം കളിച്ച ആറ് ഹോം ടെസ്റ്റുകളില്‍ നാല് തോല്‍വി. അഞ്ച് പതിറ്റാണ്ടിന് മുൻപ് 1969-72 കാലഘട്ടത്തിലായിരുന്നു സമാനമായ വീഴ്ച ഇന്ത്യക്കുണ്ടായത്. ഈഡൻ ഗാര്‍ഡൻസിലെ പരാജയഭാരമിറക്കിവെക്കാൻ ഗൗതം ഗംഭീറിന്റെ സംഘം ഗുവാഹത്തിയില്‍ ഇറങ്ങുമ്പോള്‍, ഒരു വ‍ര്‍ഷം മുൻപ് ന്യൂസിലൻഡ് സമ്മാനിച്ച മുറിവ് ആവര്‍ത്തിക്കുമോയെന്ന ആശങ്കയും മുന്നിലുണ്ട്, വൈറ്റ് വാഷ്. മറ്റാരേക്കാള്‍ രണ്ടാം ടെസ്റ്റ് നിര്‍ണായകം ഗൗതം ഗംഭീറിന് തന്നെയാണ്. തോല്‍വിയൊ സമനിലയോ ഗംഭീറിന്റെ പരിശീലകകാലത്തിന്റെ സമയം വെട്ടിച്ചുരുക്കിയേക്കും.

ഈ‍ഡനില്‍ ആഗ്രഹിച്ച വിക്കറ്റ് ലഭിച്ചു, ഓള്‍ റൗണ്ടര്‍മാരെ നിറച്ച് അന്തിമ ഇലവനൊരുക്കി, നാല് സ്പിന്നര്‍മാര്‍. എട്ടാം നമ്പർ വരെ നീളുന്ന ബാറ്റിങ് നിര. പക്ഷേ, 123 റണ്‍സ് പിന്തുടരുമ്പോള്‍ 30 റണ്‍സിന്റെ തോല്‍വി. മുന്നിലൊരുങ്ങിയ വിക്കറ്റിനനുസരിച്ച് ടീമിനെ സജ്ജമാക്കാൻ മാത്രം ഗംഭീറെന്ന ചാണക്യൻ മറന്നു. അതും ദക്ഷിണാഫ്രിക്കയുടെ അത്ര ശക്തമല്ലാത്ത ബൗളിങ് നിരയ്ക്ക് എതിരെ. ഗംഭീറിന് കീഴിലെ ടെസ്റ്റില്‍ ഒൻപതാം തോല്‍വി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന് കീഴില്‍ ആധിപത്യം തുടരാൻ ഇന്ത്യക്ക് കഴിയുമ്പോള്‍ മറുവശത്ത് കാര്യങ്ങള്‍ തീര്‍ത്തും എതിര്‍ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്.

പരിശീലകനായുള്ള ആദ്യ പരമ്പര ബംഗ്ലാദേശിനെതിരെ, രണ്ട് മത്സരവും ജയിച്ചു. പിന്നാലെ കിവീസിനോട് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങി. ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫി കൈവിട്ടു. ഇംഗ്ലണ്ട് പര്യടനം സമനിലയില്‍. വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര നേടി, നിലവില്‍ പ്രോട്ടിയാസിനെതിരെ ഒരു മത്സരത്തിന് പിന്നിലും. പട്ടികയെടുത്താല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ടോപ് ഫൈവ് ടീമുകളിലെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവരോട് ഒരു പരമ്പര ജയിക്കാൻ ഇന്നും സാധിച്ചിട്ടില്ല. ലോകക്രിക്കറ്റില്‍ ഇന്നും ശക്തിയാര്‍ജിക്കാത്ത ബംഗ്ലാദേശും ശക്തിക്ഷയം സംഭവിച്ച വിൻഡീസും മാത്രമാണ് കീഴടക്കിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ട് ലോക ക്രിക്കറ്റില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ടെസ്റ്റ് ക്രിക്കറ്റിലെ മേല്‍ക്കൈ ആയിരുന്നു. ഏത് മൈതാനവും വെട്ടിപ്പിടിക്കാൻ പ്രാപ്തമായൊരു നിരയായി വിരാട് കോഹ്ലി - രവി ശാസ്ത്രി കാലത്ത് മാറിയിരുന്നു, അതിന്റെ തുടര്‍ച്ച സാധ്യമാക്കാൻ രോഹിത് ശര്‍മ - രാഹുല്‍ ദ്രാവിഡ് സമയത്തും കഴിഞ്ഞു. എന്നാല്‍, ഗംഭീറിന് കീഴില്‍ അത് സംഭവിക്കുന്നില്ല എന്നത് മാത്രമല്ല, ലോകോത്തര താരങ്ങളുണ്ടായിട്ടും, ടെസ്റ്റ് ക്രിക്കറ്റില്‍ ശരാശരി പ്രകടനങ്ങള്‍ മാത്രമാണ് ഇന്ത്യ ക്വാളിറ്റി ടീമുകള്‍ക്കെതിരെ പുറത്തെടുക്കുന്നത്, അതും സ്വന്തം മൈതാനങ്ങളില്‍പ്പോലും. ഇന്ത്യയിലേക്ക് എത്തുന്ന എതിരാളികള്‍ വൈറ്റ് വാഷ് ഭയന്ന് കാലത്ത് നിന്ന് ഒരുപാട് ദൂരയാണിന്ന്.

ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലകനായി പരിചയസമ്പത്തില്ലാത്ത ഗംഭീറിനെന്ന തന്ത്രജ്ഞന് എടുത്തുപറയാനുള്ള ഏക നേട്ടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎല്‍ കിരീടം നേടിയത് മാത്രമാണ്. ഗംഭീറില്‍ ബിസിസിഐ അര്‍പ്പിച്ച പ്രതീക്ഷകള്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല. അതുകൊണ്ട് ഗുവാഹത്തിയില്‍ ഉത്തരവാദിത്തം ഏറെയാണ്, അതിലുപരി വെല്ലുവിളികളും. ടീമിലെ ഏറ്റവും മികച്ച ബാറ്റ‍‍ര്‍മാരിലൊരാളും നായകനുമായ ശുഭ്മാൻ ഗില്ലിന്റെ സാന്നിധ്യമില്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുക. പകരം സായ് സുദര്‍ശൻ ടീമിലെത്തിയേക്കുമെന്നാണ് സൂചനകള്‍, ഒപ്പം നിതീഷ് കുമാ‍ര്‍ റെഡ്ഡിയും ഇലവനില്‍ ഇടം പിടിച്ചേക്കും.

ഓള്‍ റൗണ്ടര്‍മാരില്‍ ഗംഭീര്‍ വിശ്വാസം അര്‍പ്പിക്കുന്ന തുടരുമ്പോള്‍, ഇന്ത്യയുടെ ടെസ്റ്റ് സൈഡില്‍ പ്രോപ്പര്‍ ബാറ്റര്‍മാരുടേയും ബൗളര്‍മാരുടേയും എണ്ണം കുറയുകയാണെന്നും ഓര്‍ക്കേണ്ടതുണ്ട്. ചെമ്മണ്ണിന് മുകളില്‍ ഗ്രാസിന്റെ സാന്നിധ്യമുള്ള വിക്കറ്റാണ് ഗുവാഹത്തിയില്‍ ഒരുങ്ങുന്നത്. മത്സരദിനത്തിലേക്ക് എത്തുമ്പോള്‍ പുല്ലിന്റെ അളവ് കുറഞ്ഞേക്കും. വിൻഡീസിനെതിരായ അഹമ്മദാബാദ് ടെസ്റ്റിന് സമാനമായ വിക്കറ്റ്. ആദ്യ രണ്ട് ദിവസം വിക്കറ്റില്‍ നിന്ന് ബൗണ്‍സ് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് തന്നെയായിരുന്നു ഈഡൻ വിക്കറ്റിനേയുംകുറിച്ചുള്ള പ്രവചനങ്ങള്‍, എന്നാല്‍ ആദ്യ ദിനം തന്നെ എല്ലാം തകിടം മറിഞ്ഞിരുന്നു.

പതിവിലും അരമണിക്കൂ‍ര്‍ നേരത്തെയായിരിക്കും ഗുവാഹത്തിയില്‍ മത്സരം ആരംഭിക്കുക. അതുകൊണ്ട് ഈര്‍പ്പം വിക്കറ്റില്‍ നിലനില്‍ക്കാൻ സാധ്യതയുണ്ട്. അതിനാല്‍, ആദ്യ മണിക്കൂര്‍ പേസര്‍മാര്‍ക്ക് മുൻതൂക്കം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോസ് ബാധിക്കാതിരിക്കാൻ സ്പിന്നിന് അനുകൂലമായുള്ള വിക്കറ്റുകള്‍ ഇന്ത്യ ഒരുക്കുമ്പോള്‍ അത് പൂര്‍ണമായും തിരിച്ചടിക്കുന്നതാണ് സമീപകാലത്ത് കണ്ടത്. ഇതേ ശൈലി തുടരുകയാണെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങള്‍ ഇത്തവണയും മാറ്റിവെക്കേണ്ടി വന്നേക്കും. ഇതിഹാസങ്ങളുടെ പടിയിറക്കത്തിന് കാരണമായ ഗംഭീര്‍ കാലമാണ് കടന്നുപോകുന്നത്, അത് ഗംഭീറിനെ തേടിയെത്താനും ഒരുപാട് വൈകിയേക്കില്ല തോല്‍വികള്‍ തുടര്‍ന്നാല്‍.