മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ നാലാം ഏകദിനത്തിനിടെ ഗ്യാലറിയില്‍ നിന്ന് ഏറ്റവും ഉച്ചത്തില്‍ ഉയര്‍ന്ന ശബ്ദം ധോണി...ധോണി എന്നായിരുന്നു. വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് സ്റ്റംപിംഗ് അവസര പാഴാക്കിയപ്പോള്‍ ആ വിളികള്‍ കൂടുതല്‍ ഉച്ചത്തിലായി. ഈ സമയം ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പേരെടുത്ത് വിളിച്ചും ആരാധകര്‍ ഇതേ ആവശ്യം ഉന്നയിച്ചു.

വിരാട് ഭായ് ധോണിയെ വിളിക്കൂ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ആരാധകരെ കോലി കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 358 റണ്‍സടിച്ചപ്പോള്‍ ഓസീസ് അനായാസം വിജയലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ഹാന്‍ഡ്സ്കോംബിന്റെയും അടിച്ചു തകര്‍ത്ത് ആഷ്ടണ്‍ ടര്‍ണറുടയെും (43 പന്തില്‍ 84) ഇന്നിംഗ്സുകളാണ് ഓസീസിന് അനായാസ ജയമൊരുക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്താനും(2-2) ഓസീസിനായി. പരമ്പരയിലെ അവസാന ഏകദിനം നാളെ ഡല്‍ഹിയില്‍ നടക്കും.