മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളിലൊന്നാണ് ബിസിസിഐ. അതുകൊണ്ടുതന്നെ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നില്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ എ പ്ലസ് ഗ്രേഡില്‍ ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന താരങ്ങളായത് മൂന്നുപേരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍.

കഴിഞ്ഞവര്‍ഷം എ പ്ലസ് കാറ്റഗറിയിലുണ്ടായിരുന്ന ശീഖര്‍ ധവാനും ഭുവേനേശ്വര്‍കുമാറും എ പ്ലസില്‍ നിന്ന് പുറത്തായി. പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടുമില്ല. ഓസ്ട്രേലിയയിലെ മികവുറ്റ പ്രകടനത്തെത്തുടര്‍ന്ന് ചേതേശ്വര്‍ പൂജാരക്ക് എ പ്ലസ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും എ ഗ്രേഡാണ് പൂജാരയ്ക്ക് ലഭിച്ചത്.

എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയാണ് വാര്‍ഷിക പ്രതിഫലം. പൂജാരക്ക് പുറമെ മുന്‍ നായകന്‍ എം എസ് ധോണി, ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, കുലവ്‍ദീപ് യാദവ് എന്നിവരാണ് എ ഗ്രേഡ് കരാര്‍ ലഭിച്ചവര്‍. എ ഗ്രേണ്ടിലുണ്ടായിരുന്ന മുരളി വിജയ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ പുറത്തായപ്പോള്‍ കുല്‍ദീപ് യാദവും ഋഷഭ് പന്തും, മുഹ്ഹമദ് ഷമിയും ഇഷാന്ത് ശര്‍മയും എ ഗ്രേഡിലെത്തി.മൂന്ന് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ കെ എല്‍ രാഹുല്‍, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ദ്ദീക് പാണ്ഡ്യ, എന്നിവരാണ് ബി ഗ്രേഡ് കരാര്‍ ലഭിച്ചവര്‍.

സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ബി ഗ്രേഡിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക് സി ഗ്രേഡിലായപ്പോള്‍ കേദാര്‍ ജാദവ്, അംബാട്ടി റായിഡു, മനീഷ് പാണ്ഡെ, ഹനുമാ വിഹാരി, ഖലീല്‍ അഹമ്മദ്, വൃദ്ധിമാന്‍ സാഹ എന്നിവരും സി ഗ്രേഡിലുണ്ട്. കരുണ്‍ നായര്‍, അക്സര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ്, സുരേഷ് റെയ്ന എന്നിവര്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായി.വാര്‍ഷിക കരാറിലുള്ള പ്രതിഫലത്തിന് പുറമെ കളിക്കാര്‍ക്ക് ഓരോ മത്സരത്തിനും മാച്ച് ഫീ സ്പോണ്‍സര്‍ഷിപ്പ് ഫീ എന്നിവയും ലഭിക്കും.

പുരുഷ താരങ്ങളെ അപേക്ഷിച്ച് വനിതാ താരങ്ങളുടെ പ്രതിഫലത്തില്‍ വന്‍ അന്തരമാണുള്ളത്. എ ഗ്രേഡിലുള്ള സീനിയര്‍ താരങ്ങളായ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ സ്മൃതി മന്ഥാന, പൂനം യാദവ് എന്നിവര്‍ക്ക് 50 ലക്ഷം രൂപയാണ് വാര്‍ഷിക പ്രതിഫലം. 30 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ ഏക്‌താ ബിഷ്ട്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ, ജെമൈമ റോഡ്രിഗസ്, രാധാ യാദവ്, ഹേമലത, അനുജ പാട്ടീല്‍, വേദാ കൃഷ്ണമൂര്‍ത്തി. മാന്‍സി ജോഷി, പൂന റാവത്ത്, മോന മേശ്രാം, അരുദ്ധതി റെഡ്ഡി, രാജേശ്വരി ഗെയ്ക്‌വാദ്, താനിയ ഭാട്ടിയ, പൂജ വസ്ട്രാക്കര്‍ എന്നിവരാണുള്ളത്.