പുള്ളാവൂര്‍ പുഴയില്‍ ലയണല്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമൊക്കെ മതിയോ ഫുട്ബോള്‍ ലോകകപ്പ് കാലത്ത്, ഇന്ത്യയുടെ നീല ജഴ്‌സിയിലും കട്ടൗട്ടുകള്‍ ഉയരണ്ടേ
പുള്ളാവൂര്‍ പുഴയില്‍ ലയണല്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമൊക്കെ മതിയോ ഫുട്ബോള്‍ ലോകകപ്പ് കാലത്ത്, ഇന്ത്യയുടെ നീല ജഴ്‌സിയിലും കട്ടൗട്ടുകള്‍ ഉയരണ്ടേ. ഇങ്ങനെ ചോദിക്കാതെ ഇനി നിര്‍വാഹമില്ല.
ജനസംഖ്യയില്‍ ഏറെക്കുറെ കേരളത്തിന്റെ അത്ര വലുപ്പം മാത്രമുള്ള രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. കിലിയൻ എംബാപയും ലമീൻ യമാലും വിനീഷ്യസ് ജൂനിയറും ഒരുപക്ഷേ മെസിയും റൊണാള്‍ഡോയും മാറ്റുരയ്ക്കാൻ സാധ്യതയുള്ള 2026 ഫുട്ബോള്‍ ലോകകപ്പിനുള്ള യോഗ്യത അവര്‍ നേടി.
ഇനി ഇന്ത്യയിലേക്ക് വരാം, ജനസംഖ്യ കണക്കുകള്‍ പറയുന്നില്ല, മറ്റൊന്ന് ചൂണ്ടിക്കാണിക്കാം. ഒരു ഏഴ് വര്‍ഷം മുൻപ്, കൃത്യമായി പറഞ്ഞാല്‍ 2018. അന്ന് ഫിഫ റാങ്കിങ്ങില്‍ 95-ാം സ്ഥാനത്തായിരുന്നു ഉസ്ബെക്കിസ്ഥാൻ. ഇന്ത്യ രണ്ട് പടി താഴെ 98ലും.
ഉസ്ബെക്കിസ്ഥാൻ 2026 ലോകകപ്പില്‍ അട്ടിമറികള്‍ സ്വപ്നം കാണുകയാണ്, അവരിന്ന് 57-ാം റാങ്കിലാണ്. അതേസമയം ഇന്ത്യൻ ഫുട്ബോള്‍ ടീം തങ്ങളേക്കാള്‍ 27 റാങ്ക് താഴെയുള്ള ഹോങ് കോങ്ങിനോട് അടിയറവ് പറഞ്ഞിരിക്കുന്നു. 127-ാം സ്ഥാനത്തേക്ക് റാങ്കിങ്ങില്‍ വീഴുകയും ചെയ്തു. ലോകകപ്പില്‍ ബൂട്ടുകെട്ടാൻ ഇനി എത്ര നാള്‍ കാത്തരിക്കേണ്ടി വരുമെന്ന ചോദ്യത്തിന് എന്നത്തേക്കാലും ശബ്ദമുണ്ടിന്ന്.
ഇതിഹാസങ്ങളും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള തുറന്ന യുദ്ധത്തിലേക്ക് അത് എത്തിയിരിക്കുന്നു. വാക്പോരുകൊണ്ട് പരിഹാരമുണ്ടോ, ഇന്ത്യൻ വംശജരായ വിദേശ താരങ്ങളെ എത്തിച്ചാല്‍ പ്രതിസന്ധി അവസാനിക്കുമോ, വിരമിച്ചവര്‍ക്ക് തുല്യരെ കണ്ടെത്താനാകാത്തതോ പ്രശ്നം...ഇതിനെല്ലാം അപ്പുറമുണ്ട് ചില കാര്യങ്ങള്‍.
സ്പാനിഷ് പരിശീലകനായ മനൊലൊ മാര്‍ക്വസാണ് ഇന്ത്യൻ ഫുട്ബോളിന്റെ തന്ത്രങ്ങളുടെ നിലവിലെ ഉറവിടം. മനൊലോയ്ക്ക് കീഴില്‍ എട്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ജയിച്ചത് ഒന്ന് മാത്രം, അതും മാലദ്വീപിനെതിരായ സൗഹൃദം മത്സരം. അഞ്ചിലും ഒരു ഗോള്‍ പോലും സ്കോര്‍ ചെയ്യാനായില്ല. പലപ്രശ്നങ്ങളില്‍ മുഖ്യം സ്ട്രൈക്കറുടെ അഭാവം തന്നെയാണ്, ഒടുവില്‍ ബൂട്ടഴിച്ച സുനില്‍ ഛേത്രിയിലേക്ക് തന്നെ മനൊലോയ്ക്ക് എത്തേണ്ടതായും വന്നു.
ഇവിടെ നിന്ന് തന്നെ തുടങ്ങാം, സ്ട്രൈക്കര്‍മാര്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍മാരുടെ പട്ടികയെടുക്കാം. ഛേത്രിയെ മാറ്റി നിര്‍ത്തിയാല്‍ ജെജെ ലാല്‍പെഖ്‌ലുവ അല്ലാതെ ഒരു ഗോള്‍ സ്കോറിങ്ങ് സ്ട്രൈക്കറെ അടുത്ത കാലത്തൊന്നും കാണാനായിട്ടില്ല. ഐ ലീഗ് ആയിരുന്നു താരങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിലെ പ്രധാനപ്പെട്ട ഘടകമായി നിലകൊണ്ടിരുന്നത്.
ഇന്ത്യൻ സൂപ്പര്‍ ലീഗ് ആരംഭിക്കുന്ന സമയം, ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് തിരിച്ചടികളുടെ കാലമായിരുന്നു. 2015 ഏപ്രിലില്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങിലേക്ക് കൂപ്പുകുത്തി. 173-ാം സ്ഥാനത്ത്. സ്റ്റീഫൻ കോണ്‍സ്റ്റാന്റൈൻ പരിശീലക ചുമതലയേറ്റെടുക്കുകയും ചെയ്തു. ദേശീയ ടീമിലേക്കുള്ള എൻട്രിയായി ഐഎസ്എല്ലും മാറുകയായിരുന്നു.
കാരണം, ഇന്ത്യയിലെ യുവതാരങ്ങളുടെ ഗെയിം സ്റ്റാൻഡേര്‍ഡ് ഉയര്‍ത്താൻ അത് സഹായിച്ചിരുന്നു. ഡിയെഗോ ഫോര്‍ലാൻ, ബെര്‍ബട്ടോവ് തുടങ്ങിയ ഇതിഹാസങ്ങളുടെ സാന്നിധ്യം തന്നെയായിരുന്നു കാരണം. ലീഗിന് ലഭിച്ച സ്വീകാര്യത സന്ദേഷ് ജിംഗാൻ, അനിരുദ്ധ് ഥാപ്പ പോലുള്ള യുവ ടാലന്റുകള്‍ക്ക് ഉപയോഗപ്രദവുമായി.
2018 ഫിഫ ലോകകപ്പ് യോഗ്യതയില്‍ രണ്ടാം റൗണ്ട്, 2015 സാഫ് കപ്പ്, പ്രഥമ ഇന്റര്‍കോണ്ടിനെന്റല്‍ കിരീടം, ഒമാൻ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ തലയുയര്‍ത്തിയുള്ള പോരാട്ടം. അങ്ങനെ കോണ്‍സ്റ്റാന്റൈന് കീഴില്‍ കരുത്തുറ്റ ടീമായി മാറുക മാത്രമല്ല, റാങ്കിങ്ങില്‍ 2019 അവസാനിക്കുമ്പോള്‍ ആദ്യ 100ലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
പക്ഷേ, കോണ്‍സ്റ്റാന്റൈൻ തുടങ്ങി വെച്ചത് അതേ നിലയില്‍ തുടരാൻ ഇഗോര്‍ സ്റ്റിമാക്ക് യുഗത്തില്‍ കഴിഞ്ഞിരുന്നില്ല. തോല്‍വികളും ജയങ്ങളുമെല്ലാം മാറിമറിഞ്ഞ സ്റ്റിമാക്ക് കാലത്തില്‍ 2023 മാത്രമായിരുന്നു ആശ്വാസം. ഇതിനിടയില്‍ ഐഎസ്എല്‍ ഇന്ത്യയുടെ പ്രഥമ ലീഗായി മാറുകയും ചെയ്തു. പക്ഷേ, ഇന്ത്യൻ സ്ട്രൈക്കര്‍മാര്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കുന്നത് വലിയതോതില്‍ ഇടിഞ്ഞു. വിരളമായി എന്ന് തന്നെ പറയാം.
ഇതില്‍ തനിക്കൊന്നും ചെയ്യാനാകില്ല എന്ന് ഫെഡറേഷൻ പ്രസിഡന്റ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം കുറയുന്നതും കൂടുന്നതുമെല്ലാം ടീം ഉടമകളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്നായിരുന്നു കല്യാണ്‍ ചൗബയുടെ പ്രതികരണം. ലോകകപ്പ് വിജയിച്ച ഒരു സ്ട്രൈക്കറുടെ സഹായം പരിശീലനത്തിനായി തേടിയിട്ടുണ്ടെന്നും അണ്ടര്‍ 23 വിഭാഗത്തിലെ 4-5 താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമമെന്നും ചൗബെ പറഞ്ഞുവെച്ചു.
ഉത്തരവാദിത്വം മറ്റു ചുമലുകളിലേക്ക് കൈമാറി മാറിനില്‍ക്കാൻ സാധിക്കുമോയെന്ന സംശയമാണ് ഇവിടെയുള്ളത്. ഒരു പ്രോപ്പര്‍ ടാലന്റ് മാനേജ്മെന്റ് സിസ്റ്റം ഇന്ത്യൻ ഫുട്ബോളിലുണ്ടോയെന്ന ആശങ്കയും ഇതിലൂടെ വര്‍ധിക്കുകയാണ്. ഇവിടെയാണ് സമാന കാര്യത്തില്‍ ഇന്ത്യൻ പ്രീമിയര്‍ ലീഗ് ഉത്തമ ഉദാഹരണമായി മാറുകയും ചെയ്യുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പല ഇതിഹാസങ്ങളും പടിയിറങ്ങി, സച്ചിൻ തെൻഡുല്‍ക്കര്‍ മുതല്‍ ഒടുവില്‍ വിരാട് കോലി വരെ. മുതിര്‍ന്ന താരങ്ങള്‍ പാഡഴിക്കുമ്പോല്‍ തന്നെ ആ വിടവ് നികത്താൻ പോന്നവര്‍ തയാറാണ്. ഐപിഎല്ലിനെ ചുറ്റിപ്പറ്റി വിമര്‍ശനങ്ങളും പലതരത്തലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ടെങ്കിലും ടാലന്റുകളെ പുറത്തെത്തിക്കുന്നതില്‍, അവര്‍ക്ക് വേദിയൊരുക്കുന്നതില്‍ ബിസിസിഐയുടെ, ടീമുകളുടെ എല്ലാം പങ്ക് ചെറുതല്ലാത്തതാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇന്ത്യൻ വംശജരായ വിദേശ താരങ്ങളെ എത്തിക്കുക എന്ന തിലൂടെയാണോ ഇന്ത്യൻ ഫുട്ബോളിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പ് സാധ്യമാക്കേണ്ടതെന്ന ചോദ്യവുമുണ്ട്. വിഷൻ 2047 എന്ന് പേരിട്ടിരിക്കുന്ന സ്വപ്ന പദ്ധതിയില്‍ 2047 എത്തുമ്പോള്‍ ഏഷ്യയിലെ മികച്ച നാല് ടീമുകളിലൊന്നാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ, താരങ്ങളുടെ പ്രകടനവും മാനേജ്മെന്റിന്റെ സമീപനവും പരസ്പരമുള്ള വാക്പോരുകളും യാത്ര എളുപ്പമാക്കില്ല, സ്വപ്നം കൂടുതല്‍ ദൂരത്തിലേക്ക് അകലുകയുമാണ്.


