പ്രോട്ടിയാസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ളൊരു നിമിഷം സമ്മാനിക്കുകയായിരുന്നു മാര്‍ക്രം
ഈ നിമിഷം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു...
വെള്ളിക്കിരീടത്തിനരികിലൂടെ തലകുനിച്ച്, കൈകളെ സ്വയം ബന്ധിച്ച് നിരാശയില്‍ നടന്നു നീങ്ങുകയാണ്...ബാര്‍ബഡോസിലെ മണ്ണിന്റെ മധുരം രോഹിത് നുണഞ്ഞപ്പോള്‍ കൈപ്പുനീര്‍ കുടിക്കാൻ വിധിക്കപ്പെട്ടു...
ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ഒരു വർഷത്തിനിപ്പുറം എയ്‌ഡൻ മാർക്രം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനിലിന്റെ മൂന്നാം ദിനം അവസാനിക്കാനൊരുങ്ങുകയാണ്. നാലര മണിക്കൂര്‍ ക്രീസില്‍ പിന്നിട്ടിരിക്കുന്നു, എങ്കിലും എന്തെന്നില്ലാത്ത ഒരു സമ്മർദം അയാള്‍ക്ക് ചുറ്റും അലയടിക്കുകയാണ്...
കഴിഞ്ഞ മൂന്ന് ഓവറിനിടെ ആകെ നേടിയത് ഒരു റണ്‍സ് മാത്രമാണ്. 98ല്‍ എത്തിയിരിക്കുന്നു ചെറുത്തുനില്‍പ്പിന്റെ ദൈർഘ്യം. ഹേസല്‍വുഡിന്റെ കൈകളിലാണ് ഡ്യൂക്‌സ് ബോള്‍...ലെഗ് സ്റ്റമ്പിനെ ലക്ഷ്യമാക്കി ഒരു ഫുള്‍ലെങ്ത് ബോള്‍...
മനോഹരമായൊരു ഫ്ലിക്ക്...മിഡ് വിക്കറ്റിലൂടെ ഉരുണ്ടകന്ന ആ പന്ത് ബൗണ്ടറി വരയില്‍ തൊടുന്നതുവരെ മാര്‍ക്രം കണ്ണെടുത്തില്ല. പതിയെ കൈകളുയര്‍ത്തി, ഹെല്‍മെറ്റൂരി...ആ നിമിഷത്തിലേക്ക് മാര്‍ക്രം ആഴ്ന്നിറങ്ങുകയായിരുന്നു, നായകൻ ടെമ്പ ബവുമ അത് ആദരവോടെ നോക്കി നിന്നു...ലോര്‍ഡ്‌സിന്റെ ഗ്യാലറിയില്‍ ദക്ഷിണാഫ്രിക്കൻ ആരാധകരില്‍ അടങ്ങാത്ത ആവേശം...എതിര്‍ നിരയില്‍ നിന്ന് ബഹുമാനത്തിന്റെ കയ്യടികള്‍...
പ്രോട്ടിയാസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ളൊരു നിമിഷം സമ്മാനിക്കുകയായിരുന്നു മാര്‍ക്രം. കരിയറിനെ കൊടുമുടിയിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ പോന്ന ഐതിഹാസികമെന്ന് കണ്ണടച്ച് പറയാനാകുന്ന ഒരു ഇന്നിങ്സ്, പക്ഷേ അതിന് പൂര്‍ണത കൈവരിക്കാൻ 69 റണ്‍സ് അകലം കൂടിയുണ്ടെന്ന് മാത്രം..
ലോര്‍ഡ്‌സിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുക എന്ന സമ്മര്‍ദം തോളിലുണ്ടായിരുന്നു ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ മാര്‍ക്രത്തിന്. മാര്‍ക്രത്തിന് മാത്രമല്ല, ദക്ഷിണാഫ്രിക്കയ്ക്കും.ഇരുവര്‍ക്കും അനിവാര്യമായിരുന്നത് ഓസ്ട്രേലിയയെ സമ്മര്‍ദത്തിലാക്കുന്ന ഒരു തുടക്കമായിരുന്നു.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇൻസ്വിങ്ങില്‍ പ്രതിരോധം തകര്‍ന്ന് പൂജ്യനായാണ് മാര്‍ക്രം ഒന്നാം ഇന്നിങ്സില്‍ ലോര്‍ഡ്‌സിലെ ഇടനാഴിയിലൂടെ നടന്നുപോയത്. ഒരിക്കല്‍ക്കൂടി സ്റ്റാര്‍ക്കിനെ നേരിടാൻ പാഡ് അപ്പ് ചെയ്യുമ്പോള്‍ മാര്‍ക്രം ഡിറ്റര്‍മൈൻഡ് ആയിരുന്നു. ഹേസല്‍വുഡ്-സ്റ്റാര്‍ക്ക്-കമ്മിൻസ് ത്രയത്തിനെതിരെയെടുത്ത അമിത പ്രതിരോധമാണ് പ്രോട്ടിയാസിന്റെ വിജയലക്ഷ്യഭാരം ഉയര്‍ത്തിയതും.
ഇംഗ്ലീഷ് കാര്‍മേഘങ്ങള്‍ ദക്ഷിണാഫ്രിക്കയോട് കരുണ കാണിക്കുകയായണ്, സൂര്യൻ ഉദിച്ചുയര്‍ന്നു, ഡ്യൂക്‌സ് ബോള്‍ തിളങ്ങി. ഹേസല്‍വുഡിന്റെ ബാക്ക് ഓഫ് ദ ലെങ്ത് പന്ത് ബാക്ക് ഫുട്ടില്‍ കവറിലൂടെ, ഓസ്ട്രേലിയൻ ആരാധകര്‍ പോലും മാര്‍ക്രത്തിന്റെ ആ ഷോട്ടിന് കയ്യടി നല്‍കാൻ മടിച്ചില്ല. സ്റ്റാര്‍ക്കെറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ക്കൂടി, 14 പന്തില്‍ 15 റണ്‍സുമായി ആശിച്ച തുടക്കാൻ മാര്‍ക്രം നേടിയെടുത്തു.
ബാവുമയുടെ സംഘം ഞങ്ങള്‍ പ്രതിരോധമല്ല പ്രത്യാക്രമണമാണ് തിരഞ്ഞെടുത്തതെന്ന് പറഞ്ഞുവെച്ചു. പത്ത് ഓവര്‍ പിന്നിടുമ്പോഴേക്കും 47ലെത്തിയിരുന്നു സ്കോര്‍. പക്ഷേ, മാര്‍ക്രവും പരീക്ഷിക്കപ്പെട്ടു, എല്ലാവരേയും പോലെ പോരായ്മകളുള്ള ബാറ്റര്‍ തന്നെയാണ് മാര്‍ക്രവും. ബവുമയുടെ പരുക്കുകൂടി എത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗത നിലച്ചു തുടങ്ങി. മാര്‍ക്രത്തിന്റെ ക്ഷമയുടെ ആഴമളന്ന മണിക്കൂറുകളായിരുന്നു.
പക്ഷേ, മാര്‍ക്രം തന്റെ ഗെയിമിനെ പരുവപ്പെടുത്തി. കമ്മിൻസിന്റേയും ഹേസല്‍വുഡിന്റേയും കൃത്യതയേയും കണിശതയേയും അതിജീവിച്ചു. 69 പന്തില്‍ അര്‍ദ്ധ ശതകം. ഇടവേളകളില്‍ ബൗണ്ടറി, ബവുമയുടെ പരുക്കിന്റെ വേദന കൂടിയും കുറഞ്ഞു നിലകൊണ്ടു. പക്ഷേ, കൂട്ടുകെട്ട് തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവര്‍ക്കും നിശ്ചയമുണ്ടായിരുന്നു.
ചായക്ക് ശേഷം ഒരു ബൗണ്ടറിക്കായി മാര്‍ക്രത്തിന്റെ ശ്രമം പോലുമുണ്ടായത് 10 ഓവറുകള്‍ക്ക് പിന്നിട്ടതിന് പിന്നാലെയായിരുന്നു. ഹേസല്‍വുഡിന്റേയും ലയണിന്റേയും പന്തുകള്‍ മാര്‍ക്രത്തിനെ അത്ഭുതപ്പെടുത്തിയെങ്കിലും വിക്കറ്റിലേക്ക് പരിണമിച്ചില്ല. ഓസീസ് ബൗളര്‍മാര്‍ മാര്‍ക്രത്തെ കൈകളിലൊതുക്കാൻ പലവിധ തന്ത്രങ്ങള്‍ ഉപയോഗിച്ചു.
ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവെറികള്‍, ഷോട്ടിനായി ശ്രമിക്കാൻ അനുയോജ്യമായ ഫീല്‍ഡ് ഒരുക്കി, ഫുള്‍ ലെങ്ത് പന്തുകള്‍...പക്ഷേ, സ്വയം ജയിക്കുന്നതിലും മാര്‍ക്രം ഒരുപടി മുന്നിലായിരുന്നു. പരീക്ഷിക്കപ്പെട്ടപ്പോഴെല്ലാം തന്റെ ഓഫ് സൈഡ് കരുത്ത് മാര്‍ക്രം ഉപയോഗിച്ചു. കട്ട് ഷോട്ടുകള്‍ കളിക്കാൻ സ്റ്റാര്‍ക്കിന്റെ പന്തുകളില്‍ പോലും മടിച്ചിരുന്നില്ല. 65 റണ്‍സാണ് ഓഫ് സൈഡില്‍ നിന്ന് മാത്രം മാര്‍ക്രം നേടിയെടുത്തത്.
സെഞ്ച്വറിയുടെ പകിട്ട് കൂടിയതും മാര്‍ക്രത്തിന്റെ സാങ്കേതികമികവിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു. ലോര്‍ഡ്‌സില്‍ ക്രിക്കറ്റ് ദൈവത്തില്‍ നിന്ന് പോലും അകന്നുനിന്ന ശതകം നേടിയാണ് മൂന്നാം ദിനം മാര്‍ക്രം മടങ്ങുന്നത്. ടച്ച്, ടൈമിങ്, ക്ലാസ്, മാര്‍ക്രം. കോലി പറഞ്ഞതുപോലെ, Aiden Markram is a delight to watch.
ഹോം ഓഫ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്സില്‍ ഒരു വിദേശതാരത്തിന്റെ സെഞ്ച്വറി പിറക്കുന്നത് 2009ന് ശേഷം ആദ്യമാണ്. അന്ന് ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കായിരുന്നു നേട്ടം കൊയ്തത്. ആധിപത്യത്തോടെ മടങ്ങുമ്പോഴും തന്റെ ദൗത്യം ഇനിയും അവസാനിച്ചിട്ടില്ലെന്ന ബോധ്യം മാര്‍ക്രത്തിനുണ്ട്. അയാള്‍ക്കും ബവുമയ്ക്കും അത് പൂര്‍ത്തീകരിക്കാൻ സാധിക്കട്ടെയെന്ന് ക്രിക്കറ്റ് ലോകം ആശിക്കുകയാണ്.


