ആറ് മാസം അകലെയുള്ള ടി20 ലോകകപ്പിനുള്ള ടീമിന്‍റെ ടോപ് ഓര്‍ഡറില്‍ ഇടമുറപ്പിക്കാനുള്ള കൂട്ടയിടിയാണ് ഇപ്പോള്‍ ഇന്ത്യൻ ടീമില്‍ നടക്കുന്നത്. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കിയതോടെ ടോപ് ഓര്‍ഡറിലെ മത്സരം ഒന്നുകൂടി കനത്തു.

15 അംഗ ടീമില്‍ നിന്ന് ആരെയാണ് ഇന്ത്യ ഒഴിവാക്കുക, ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ആദ്യ കളിക്കിറങ്ങും മുമ്പ് മുന്‍ ഇന്ത്യയുടെ ടീം ലൈനപ്പ് കണ്ട് പാകിസ്ഥാന്‍ പേസര്‍ ഷൊയൈബ് അക്തറാണ് ആ ചോദ്യം ഉന്നയിച്ചത്. അക്തറുടെ ചോദ്യത്തിൽ ഒട്ടും അതിശയോക്തിയില്ല. കാരണം ഏഷ്യാ കപ്പിന് തെരഞ്ഞെടുക്കപ്പെട്ട 15 പേരില്‍ ഒതുങ്ങുന്നില്ല ഇന്ത്യയുടെ പ്രതിഭാ ധാരാളിത്തം. ഏഷ്യാ കപ്പ് ടീമിലിടം കിട്ടാതെ പോയവരെ ഉള്‍പ്പെടുത്തിപ്പോലും ഇന്ത്യക്ക് ഒരു ലോകോത്തര ടീമിനെ ഗ്രൗണ്ടിലിറക്കാനാവും. ഓരോ പൊസിഷനിലും കളിപ്പിക്കാവുന്ന ഒന്നിലധികം താരങ്ങളാണ് ഇപ്പോള്‍ അവസരം കാത്തിരിക്കുന്നത്. അതില്‍ ഏറ്റവും വലിയ കൂട്ടയിടി നടക്കുന്നതാകട്ടെ ടോപ് ഓർഡറിൽ ഓപ്പണിംഗ് സ്ലോട്ടിലാണ്.

അവരില്‍ രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭ തെളിയിച്ച യശസ്വി ജയ്സ്വാള്‍ മുതല്‍ പ്രിയാൻഷ് ആര്യവരെയുള്ളവരുണ്ട്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അജിത് അഗാര്‍ക്കറും സംഘവും നേരിട്ട വലിയ പ്രതിസന്ധിയും ഓപ്പണിംഗ് സ്ഥാനത്തേക്ക് ആരെ കൊള്ളും ആരെ തള്ളുമെന്നതായിരുന്നു. കാരണം, ആരെ തഴഞ്ഞാലും അത് അവഗണനയാകും. പുറത്തിരിക്കുന്ന ഓരോ താരങ്ങളും അക്തര്‍ പറഞ്ഞതുപോലെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കാന്‍ പ്രതിഭയുള്ളവരാണ്.

ടോപ് ഓര്‍ഡറില്‍ ആരൊക്കെ

ആറ് മാസം അകലെയുള്ള ടി20 ലോകകപ്പിനുള്ള ടീമിന്‍റെ ടോപ് ഓര്‍ഡറില്‍ ഇടമുറപ്പിക്കാനുള്ള കൂട്ടയിടിയാണ് ഇപ്പോള്‍ ഇന്ത്യൻ ടീമില്‍ നടക്കുന്നത്. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കിയതോടെ ടോപ് ഓര്‍ഡറിലെ മത്സരം ഒന്നുകൂടി കനത്തു. ഗില്‍ വന്നതോടെ ഓപ്പണറായി മിന്നിയിട്ടും സഞ്ജുവിന് അധികം ശീലമില്ലാത്ത മധ്യനിരയിലേക്ക് വഴിമാറേണ്ടിവന്നു. നിലിവലെ വൈസ് ക്യാപ്റ്റനും ഭാവി നായകനുമായ ഗില്ലിനെ എന്തായാലും ലോകകപ്പിലും ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റാൻ ടീം മാനേജ്മെന്‍റ് തയാറാവില്ല. അഭിഷേകിന്‍റെ വെടിക്കെട്ട് അവഗണിച്ച് യശസ്വി ജയ്സ്വാളിന് ഇടം കൊടുക്കാനും തല്‍ക്കാലും നിര്‍വാഹമില്ല. രണ്ടുപേരും ഇടം കൈയന്‍മാരാണെന്നതും അഭിഷേക് പാര്‍ട്ട് ടൈം സ്പിന്നർ കൂടിയാണെന്നത് യശസ്വിയെ പുറത്തിരുത്താനുള്ള കാരണമാകും.

കഴിഞ്ഞ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ സായ് സുദര്‍ശനെ പോലും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് അറിയുമ്പോള്‍ തന്നെ ഇന്ത്യ നേരിടുന്ന പ്രതിഭാ ധാരാളിത്തമെന്ന പ്രതിസന്ധിയുടെ ആഴം മനസിലാവും. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനൊക്കെ ആണെങ്കിലും റുതുരാജ് ഗെയ്ക്‌വാദ് ആകട്ടെ സെലക്ടര്‍മാരുടെ റഡാറില്‍ നിന്നുപോലും ഇപ്പോള്‍ പുറത്താണ്. ഐപിഎല്ലില്‍ ഓപ്പണറായി എത്ര റണ്‍സടിച്ചാലും കെ എല്‍ രാഹുൽ തല്‍ക്കാലം ടി20 ലോകകപ്പ് കളിക്കുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. ഇതിനൊക്കെ പുറമെയാണ് കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍വേട്ട നടത്തി ഞെട്ടിച്ച പ്രിയാന്‍ഷ് ആര്യയെയും പ്രഭ്സിമ്രാന്‍ സിംഗിനെയും പോലുള്ള താര്യങ്ങള്‍ ഓപ്പണിംഗ് സ്ലോട്ടില്‍ ഊഴം കാത്തിരിക്കുന്നത്.

പ്രിതഭകളുടെ തള്ളിക്കയറ്റം

ഓപ്പണിംഗില്‍ തീരുന്നില്ല പ്രതിഭകളുടെ തള്ളിക്കയറ്റം. ഏറെക്കാലം മൂന്നാം നമ്പര്‍ സൂര്യയുടെ സാമ്രാജ്യമായിരുന്നെങ്കിലും അതിപ്പോള്‍ തിലക് വര്‍മയുടെ കൈകളിലാണ്.ഐസിസി റാങ്കിംഗിലെ രണ്ടാം സ്ഥാനവും പിന്‍ബലമായുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ തന്‍റെ ഇഷ്ടപൊസിഷനില്‍ സൂര്യ ഇറങ്ങിയെങ്കിലും സഞ്ജു സ്ഥാനം മാറിയതുപോലെ സൂര്യയും വരും മത്സരങ്ങളില്‍ താഴേക്ക് ഇറങ്ങേണ്ടിവരും. സൂര്യ നാലാമനായി ഇറങ്ങുന്നതോടെ ശ്രേയസ് അയ്യരെ പോലൊരു ഹൈ ഇംപാക്ട് പ്ലേയറെ ഉള്‍ക്കൊള്ളാനുള്ള വിടവ് പോലും ഇന്ത്യയുടെ മധ്യനിരയിലില്ലാതാവും.

നിര്‍ണായകമാകുക മൂന്ന് പരമ്പരകള്‍

ഏഷ്യാ കപ്പ് കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കളിക്കാനുള്ളത് 15 ടി20 മത്സരങ്ങളാണ്. അതില്‍ എതിരാളികളായി എത്തുന്നത് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ്. ഈ മത്സരങ്ങളിലെ മികവായിരിക്കും ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ നിര്‍ണായകമാകുക. അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുമ്പാണ് ട20 ലോകകപ്പ് എന്നതിനാല്‍ ഐപിഎല്ലില്‍ മികവ് കാട്ടി ലോകകപ്പ് ടീമിലെത്താമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട. ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ നിലവാരം വെച്ചുനോക്കുമ്പോൾ അതിനെ ലോകകപ്പിനുള്ള ഓഡീഷനായി കണക്കാക്കാനുമാവില്ല. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിനുശേഷം നടക്കുന്ന മൂന്ന് പരമ്പരകളാകും സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളുടെ ലോകകപ്പ് ഭാവി നിര്‍ണയിക്കുക. അതുവരെ സെലക്ടര്‍മാരുടെ കണ്‍വെട്ടത്തുതന്നെയുണ്ടാകുക എന്നതായിരിക്കും കളിക്കാര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക