ഗുജറാത്തിന് മുംബൈയെ മറികടക്കണമെങ്കില്‍ കൃത്യമായ തന്ത്രങ്ങള്‍ ആവശ്യമാണ്, ഇത് പറയാൻ ചില കാരണങ്ങളുണ്ട്

കയറ്റിറക്കങ്ങളുടേതായിരുന്നു ഐപിഎല്ലിന്റെ 18-ാം സീസണ്‍ മുംബൈക്ക്. തുടക്കം പതിവ് പോലെ, ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ പിടിച്ചുകെട്ടാനാകാത്ത ശക്തിയായുള്ള പരിണാമം, അവസാനം തോല്‍വികളും. ആദ്യ നാലിലെത്തിയ ടീമുകളില്‍ പ്ലേ ഓഫില്‍ മുംബൈയോളം പരിചയസമ്പന്നരായ മറ്റൊരു സംഘമില്ല. അതുകൊണ്ട് അവസാന പരാജയങ്ങളില്‍ കുലുങ്ങില്ല ഹാര്‍ദിക്ക് പാണ്ഡ്യയും കൂട്ടരും. പക്ഷേ, ഗുജറാത്തിന് മുംബൈയെ മറികടക്കണമെങ്കില്‍ കൃത്യമായ തന്ത്രങ്ങള്‍ ആവശ്യമാണ്, ഇത് പറയാൻ ചില കാരണങ്ങളുണ്ട്.

മുംബൈയുടെ വിജയരഹസ്യം എന്തായിരുന്നുവെന്ന് തിരിഞ്ഞുനോക്കാം. ഒന്നിലധികം കാരണങ്ങളുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ടത് മധ്യ ഓവറുകളില്‍ മുംബൈ ബാറ്റര്‍മാര്‍ ചെലുത്തിയ ആധിപത്യമാണ്. അതായത് ഏഴ് മുതല്‍ 14 ഓവറുവരയുള്ള ദൈര്‍ഘ്യം. സ്വീപ് ചെയ്ത് മുംബൈയെ വിജയങ്ങളിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇവിടെ ദ മാൻ ഇൻ ചാര്‍ജ്. അതുകൊണ്ട് സീസണില്‍ ഒരു മത്സരങ്ങളിലും മുംബൈക്ക് വലിയൊരു തകര്‍ച്ചയുടെ മറുവശത്ത് നില്‍ക്കേണ്ടി വന്നിട്ടില്ല.

481 റണ്‍സാണ് സീസണില്‍ മധ്യ ഓവറുകളില്‍ മാത്രം സൂര്യകുമാര്‍ നേടിയത്. കണക്കുകള്‍ പ്രകാരം ഈ ഘട്ടത്തില്‍ മുംബൈ ആകെ നേടിയ റണ്‍സിന്റെ 41 ശതമാനം വരും ഇത്. മുൻ ചാമ്പ്യൻമാരുടെ അവസാന രണ്ട് മത്സരങ്ങള്‍ മാത്രം എടുക്കുക. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ 73 റണ്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 57 റണ്‍സ്. രണ്ടും വളരെ ട്രിക്കി ആയിട്ടുള്ള വിക്കറ്റുകളായിരുന്നു, ഇവിടെയാണ് സൂര്യയെന്ന മാസ്റ്റര്‍ കളമറിഞ്ഞ് കളിക്കുന്നതും. സീസണിലെ മുംബൈയുടെ ഷുവര്‍ ബെറ്റുകൂടിയാണ് സൂര്യ.

ഒരു മത്സരത്തില്‍ പോലും വലം കയ്യൻ ബാറ്ററുടെ സ്കോര്‍ 25ന് താഴെ പോയിട്ടില്ല. 640 റണ്‍സ് ഇതുവരെ നേടി. പക്ഷേ, സൂര്യയുടെ സ്ട്രൈക്ക് റേറ്റും ശരാശരിയുമാണ് എടുത്തുപറയേണ്ടത്. 71 ആണ് ശരാശി, സ്ട്രൈക്ക് റേറ്റ് 167. റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലുള്ളവരില്‍ ഏറ്റവും മികച്ച കണക്കുകള്‍. സൂര്യ 10 പന്തിന് മുകളില്‍ നിലയുറപ്പിച്ചാല്‍ ഗുജറാത്തിന് മധ്യ ഓവറുകള്‍ മറക്കേണ്ടി വരും. അതുകൊണ്ട് സൂര്യയെ വൈകാതെ മടക്കുക എന്നത് ശുഭ്‍‌മാൻ ഗില്ലിന് നിര്‍ണായകമാണ്.

സൂര്യകഴിഞ്ഞാല്‍ ഗുജറാത്ത് ടാക്കിള്‍ ചെയ്യേണ്ടത് ജസ്പ്രിത് ബുംറയാണ്. ബുംറയ്ക്ക് മുൻപും ശേഷവും എന്നുതന്നെ പറയാം മുംബൈയുടെ സീസണ്‍. ഗുരുതരമായ പരുക്കില്‍ നിന്നായിരുന്നു ബുംറയുടെ മടങ്ങിവരവ്. പക്ഷേ, അത്തരമൊരു ഭൂതകാലമുണ്ടെന്ന് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല ബുംറ സീസണില്‍. കൃത്യതയിലും കണിശതയിലും ഒട്ടും വീര്യം ചോരാത്ത ബുംറ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ സീസണിലെ മത്സരം തന്നെ ചൂണ്ടിക്കാണിക്കാം.

അന്ന് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നേടിയ 221 റണ്‍സാണ്. ബുംറയുടെ അതേ ക്വാളിറ്റി നിലനിര്‍ത്തുന്ന ട്രെൻ ബോള്‍ട്ട് ബെംഗളൂരുവിനെതിരെ വഴങ്ങിയത് നാല് ഓവറില്‍ 57 റണ്‍സാണ്. മറ്റ് മുംബൈ ബൗളര്‍മാരെല്ലാം ശരാശരി ഒരു ഓവറില്‍ 10 റണ്‍സിന് മുകളില്‍ വഴങ്ങി. എന്നാല്‍, ബുംറയുടെ കോളത്തില്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കണക്കുകള്‍ അയാളുടെ മൂല്യം വിളിച്ചുപറയുമെന്ന് തെളിഞ്ഞ മത്സരം.

ഇതിനോടൊപ്പം ചേര്‍ക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ബുംറയ്ക്കെതിരെ 22 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാൻ എതിര്‍ ബാറ്റര്‍മാര്‍ക്കായിട്ടില്ല. ചില മത്സരങ്ങളിലെ എക്കണോമി നാലിലും താഴെയാണ്. പത്ത് കളികളില്‍ നിന്ന് ഇതുവരെ നേടിയത് 17 വിക്കറ്റുകളാണ്. ശരാശരി 14, എക്കണോമി 6.33. സീസണിലെ ഏറ്റവും മികച്ച കണക്കുകള്‍ ബുംറയുടെ പേരിലാണ്.

ഡെത്ത് ഓവറുകളില്‍ ബുംറയ്ക്കൊപ്പം ബോള്‍ട്ടുകൂടി വരുന്നതോടെ മുംബൈ റണ്ണൊഴുക്ക് പിടിച്ചുകെട്ടും. സീസണില്‍ ഏറ്റവുമധികം യോര്‍ക്കറുകളെറിഞ്ഞ താരങ്ങളിലൊരാളാണ് ബോള്‍ട്ട്. ഇതുവരെ പിഴുതെടുത്തത് 19 വിക്കറ്റുകളും. ബുംറ-ബോള്‍ട്ട് ദ്വയം എതിര്‍ ബാറ്റിങ് നിരയുടെ കൂറ്റൻ സ്കോറെന്ന സ്വപ്നം പലകുറി സീസണില്‍ തല്ലിക്കെടുത്തിയിട്ടുണ്ട്. പവര്‍പ്ലേയിലും ഡെത്തിലും ബോള്‍ട്ട് ഒരുപോലെ അപകടം വിതയ്ക്കുമെന്നത് മറ്റൊരു കാര്യം. 

സൂര്യക്ക് പുറമെ ബുംറ-ബോള്‍ട്ട് സഖ്യത്തേയും കണക്കുകൂട്ടലുകളോടെ വേണം ഗുജറാത്ത് നേരിടാൻ. പ്രത്യേകിച്ചും ബുംറയുടെ നാല് ഓവറുകള്‍. ഇവിടെ വിജയിക്കാനായാല്‍ ഗുജറാത്ത് പാതിജയിച്ചുവെന്ന് കരുതാനാകും. 

മറുവശത്ത് ഗുജറാത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാൻ മുംബൈക്ക് രണ്ട് വിക്കറ്റ് മാത്രമാണ് ആവശ്യം. ഗില്ലിന്റേയും സായ് സുദര്‍ശന്റേയും, ഇരുവരേയും എളുപ്പം പറഞ്ഞയക്കാനായാല്‍ ഗുജറാത്തിന് ഒരു തിരിച്ചുവരവ് എളുപ്പമാകില്ല. പ്രത്യേകിച്ച് ബട്ട്ലറിന്റെ അഭാവമുള്ള പശ്ചാത്തലത്തില്‍. ബൗളിങ്ങില്‍ പ്രസിദ്ധ കൃഷ്ണയായിരിക്കും ഗില്ലിന്റെ വജ്രായുധം.