നേരത്തെ ഡ‍ല്‍ഹി ക്യാപിറ്റല്‍സിന്റെ തലപ്പത്തായിരുന്നു പോണ്ടിങ്. 2021ല്‍ ഡല്‍ഹിയെ ഫൈനലിലെത്തിക്കാനും പോണ്ടിങ്ങിന് കഴിഞ്ഞു

പഞ്ചാബ് കിംഗ്‌സിനെ അടിമുടി പുതിയൊരു സംഘമായി മാറ്റാൻ മുഖ്യപരിശീലകനായി എത്തിയ റിക്കി പോണ്ടിങ്ങിന് സാധിച്ചിരുന്നു. എന്നാല്‍ പരിശീലകനായി എത്തുന്നതിന് മുൻപ് മാനേജ്മെന്റിന് മുന്നില്‍ കൃത്യമായ ഉപാധികള്‍ പോണ്ടിങ് വെച്ചിരുന്നു. 2014ന് ശേഷം ആദ്യമായി പ്ലേ ഓഫിലെത്താൻ പഞ്ചാബിന് സാധിച്ചു. ഇതിന് പിന്നില്‍ താരലേലത്തില്‍ അവര്‍ എടുത്ത നിര്‍ണായകമായ തീരുമാനങ്ങള്‍ തന്നെയായിരുന്നു.

നേരത്തെ ഡ‍ല്‍ഹി ക്യാപിറ്റല്‍സിന്റെ തലപ്പത്തായിരുന്നു പോണ്ടിങ്. 2021ല്‍ ഡല്‍ഹിയെ ഫൈനലിലെത്തിക്കാനും പോണ്ടിങ്ങിന് കഴിഞ്ഞു. എന്നാല്‍, ഏഴ് വര്‍ഷം ഡല്‍ഹിക്കൊപ്പമുണ്ടായിട്ടും കിരീടം എന്ന നേട്ടത്തിലേക്ക് ടീമിനെ എത്തിക്കാൻ മാത്രം ഓസ്ട്രേലിയൻ ഇതിഹാസത്തിന് സാധിച്ചില്ല. പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പഞ്ചാബിലേക്കുള്ള ചുവടുവെപ്പിനെക്കുറിച്ച് എടുത്ത നിര്‍ണായക തീരുമാനങ്ങളെക്കുറിച്ചും പോണ്ടിങ് വെളിപ്പെടുത്തിയത്.

"എനിക്ക് എന്തെങ്കിലും തെളിയിക്കാൻ ഉണ്ടോയെന്ന് അറിയില്ല. ഡല്‍ഹിയുടെ ടീം വളരെ മികച്ചതായിരുന്നു. എന്തുകൊണ്ടാണ് ടീം മുന്നേറിയതെന്നത് വ്യക്തമായിരുന്നു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്ലേ ഓഫിലെത്തി. ഒരു തവണ ഫൈനലിലും. അന്ന് മുംബൈയോടായിരുന്നു പരാജയപ്പെട്ടത്," പോണ്ടിങ് പറഞ്ഞു.

"പഞ്ചാബ് മാനേജ്മെന്റില്‍ നിന്ന് മുഖ്യ പരിശീലകന്റെ റോള്‍ ഏറ്റെടുത്തപ്പോള്‍ ചില ഉപാധികള്‍ ഞാൻ വെച്ചിരുന്നു. പരിശീലക സംഘത്തിന്റെ കാര്യത്തില്‍ പൂര്‍ണ അധികാരം ഞാൻ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം തന്നെ ലേലത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തിലും കൃത്യമായ പദ്ധതികള്‍ എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ സ്കൗട്ട് ടീം നന്നായി പ്രവര്‍ത്തിച്ചു," പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

"ആവശ്യമായ എല്ലാ താരങ്ങളേയും ലഭിച്ചു. അത് യുവതാരങ്ങളായിക്കോട്ടെ അല്ലെങ്കില്‍ പരിചയസമ്പന്നരായിക്കോട്ടെ. ഗ്ലെൻ മാക്‌സ്‌വെല്ലും ലോക്കി ഫെര്‍ഗൂസണും പരിക്കുമൂലം പുറത്തായത് മാറ്റി നിര്‍ത്തിയാല്‍ മറ്റ് തിരിച്ചടികളൊന്നും നേരിടേണ്ടി വന്നിട്ടില്ല," പോണ്ടിങ് വ്യക്തമാക്കി.

ലീഗ് ഘട്ടത്തില്‍ ഒൻപത് മത്സരങ്ങളും പഞ്ചാബ് വിജയിച്ചിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ടീം എത്തിയത്.