ക്രീസില്‍ നിലയുറപ്പിക്കാൻ ഒരു താരം പോലും ശ്രമിക്കാത്തത് പഞ്ചാബിനെ നാണക്കേടിലേക്ക് തള്ളിവിടുകയായിരുന്നു

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആക്രമണ ബാറ്റിംഗിന് ശ്രമിച്ച് തകര്‍ന്നടിയുകയായിരുന്നു പഞ്ചാബ് കിംഗ്‌സ്. 35 പന്ത് ബാക്കി നില്‍ക്കെയായിരുന്നു 101 റണ്‍സിന് പ‍ഞ്ചാബ് പുറത്തായത്. വിക്കറ്റുകള്‍ തുടരെ വീഴുമ്പോഴും സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാൻ പഞ്ചാബ് ബാറ്റര്‍മാര്‍ തയാറായിരുന്നില്ല. ക്രീസില്‍ നിലയുറപ്പിക്കാൻ ഒരു താരം പോലും ശ്രമിക്കാത്തത് പഞ്ചാബിനെ നാണക്കേടിലേക്ക് തള്ളിവിടുകയായിരുന്നു.

പഞ്ചാബിന്റെ പ്രകടനത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്ക‍ര്‍ വിമര്‍ശിച്ച്.

അത് അവിശ്വസനീയമാണ്, ആത്മഹത്യ ചെയ്യുന്നതിന് തുല്യം, അല്ലെന്ന് പറയാനാകുമോ, ഗവസ്കര്‍ കമന്ററി ബോക്സിലിരുന്നു പറഞ്ഞു. പഞ്ചാബിന്റെ അവസാന അംഗീകൃത ബാറ്ററായ മാര്‍ക്കസ് സ്റ്റോയിനിസ് സ്വീപ് ഷോട്ടിന് ശ്രമിച്ച് ബൗള്‍ഡായതിന് പിന്നാലെയായിരുന്നു ഗവാസ്കറിന്റെ പ്രതികരണമുണ്ടായത്. ടീം തിരിച്ചടി നേരിട്ടപ്പോഴാണ് സ്റ്റോയിനിസ് പ്രത്യാക്രമണത്തിന് ശ്രമിച്ചതും വിജയിക്കാതെ പുറത്തായതും. 

രണ്ടാം ഓവറില്‍ പ്രിയാൻഷ് ആര്യ യാഷ് ദയാലിന്റെ പന്തില്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെയായിരുന്നു പഞ്ചാബിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായത്. എന്നാല്‍, മികച്ച തുടക്കം കിട്ടിയ പ്രഭ്‌സിമ്രാൻ സിംഗും വൈകാതെ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി പുറത്തായി. ടീമിന്റെ നട്ടെല്ലായ ശ്രേയസ് അയ്യര്‍ ഒരിക്കല്‍ക്കൂടി ജോഷ് ഹേസല്‍വുഡിനെ അതിജീവിക്കാൻ കഴിയാതെ കീഴടങ്ങി, പിന്നാല് ജോഷ് ഇംഗ്ലിസും വീണു.

മൂന്ന് വിക്കറ്റ് വീതം നേടിയ സുയാഷ് ശര്‍മയും ജോഷ് ഹേസല്‍വുഡുമാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്. ദയാല്‍ രണ്ടും ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെപേര്‍ഡും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗില്‍ എട്ട് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റ ജയം. 27 പന്തില്‍ 56 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടായിരുന്നു വിജയശില്‍പ്പി. വിരാട് കോലി (12), മായങ്ക് അഗര്‍വാള്‍ (19) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. എട്ട് പന്തില്‍ 15 റണ്‍സുമായി നായകൻ രജത് പാട്ടിദാര്‍ പുറത്താകാതെ നിന്നു.