രണ്ട് പതിറ്റാണ്ടോളമായി വിശ്രമമില്ലാത്ത വിരാട് കോഹ്ലിയുടെ ബാറ്റ് തന്നെയാണ് ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്

17 സീസണുകള്‍, ട്വന്റി 20 ക്രിക്കറ്റിലെ മഹരഥന്മാർ അണിനിരന്നിട്ടുള്ള ടീം. പക്ഷേ, ട്രോഫി ക്യാബിനിലേക്ക് നോക്കിയാല്‍ നിരാശ മാത്രം. ഇതാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്ലിലെ കഥ. പതിവ് പോലെ ഇത്തവണയും ബെംഗളൂരുവിന്റെ ബാറ്റിങ് നിര ശക്തമാണ്. ബൗളര്‍മാരിലേക്ക് നോക്കിയാല്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് തോന്നിയേക്കാം. ഐപിഎല്‍ കിരീടമെന്ന വിരാട് കോഹ്ലിയുടെ സ്വപ്നം സാധ്യമാകുമോ, ബെംഗളൂരൂവിന്റെ ശക്തിദൗര്‍ബല്യങ്ങളും സാധ്യതകളും പരിശോധിക്കാം.

രണ്ട് പതിറ്റാണ്ടോളമായി വിശ്രമമില്ലാത്ത വിരാട് കോഹ്ലിയുടെ ബാറ്റ് തന്നെയാണ് ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്. കഴിഞ്ഞ സീസണില്‍ 741 റണ്‍സായിരുന്നു കോഹ്ലിയുടെ നേട്ടം. പതിവിന് വിപരീതമായി സ്ട്രൈക്ക് റേറ്റ് 150 കടന്നിരുന്നു. 2016ന് ശേഷം ആദ്യമായായിരുന്നു കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 150 കടക്കുന്നത്. 

കോഹ്ലിക്കൊപ്പം ഫില്‍ സാള്‍ട്ടായിരിക്കും ഓപ്പണിങ്ങിനെത്തുക. പോയസീസണില്‍ കൊല്‍ക്കത്തയ്ക്കായി 182 സ്ട്രൈക്ക് റേറ്റിലായിരുന്നു സാള്‍ട്ട് 435 റണ്‍സ് നേടിയത്. കോഹ്ലിയും സാള്‍ട്ടും ചേരുന്നതോടെ ബെംഗളൂരുവിന് മികച്ചൊരു തുടക്കം ഉറപ്പിക്കാം. നായകന്റെ കുപ്പായം അണിഞ്ഞ രജത് പാട്ടിദാറിനായിരിക്കും മൂന്നാം നമ്പറിന്റെ ചുമതല. ആഭ്യന്തര ക്രിക്കറ്റിലൊരു മികച്ച സീസണിന്റെ ആത്മവിശ്വാസം താരത്തിനുണ്ടാകും.

ദേവദത്ത് പടിക്കല്‍, ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ് എന്നീ കൂറ്റനടിക്കാരാണ് പിന്നണിയിലുള്ളത്. വമ്പൻ സ്കോ‍ര്‍ ഉയര്‍ത്തനും ചേയ്സ് ചെയ്ത് മറികടക്കാനും കെല്‍പ്പുണ്ട് ബെംഗളൂരുവിന്റെ നിരയ്ക്ക്. പക്ഷേ, ആശങ്കപ്പെടുത്തുന്ന വസ്തുത താരങ്ങളുടെ സ്ഥിരതക്കുറവാണ്. കോഹ്ലിയെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ സീസണിലും ശരാശരിക്ക് മുകളില്‍ തിളങ്ങുന്നവര്‍ ഇല്ലെന്ന് തന്നെ പറയാം.

2024 ദേവദത്ത് ഓ‍ര്‍മിക്കാൻ പോലും ആഗ്രഹിക്കാത്ത വര്‍ഷമാണ്. ഏഴ് കളികളില്‍ നിന്ന് 38 റണ്‍സ് മാത്രമാണ് നേട്ടം. ജിതേഷ് ശര്‍മയിലും സ്ഥിരതയുടെ അസാന്നിധ്യമുണ്ട്. അതുകൊണ്ട് മധ്യനിരയിലുള്ള താരങ്ങള്‍ സീസണിലുടനീളം ഫോം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് പറയാതെ വയ്യ. അല്ലാത്തപക്ഷം കിരീടത്തിനായി ഒരു സീസണ്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

മറ്റ് സീസണുകളെ അപേക്ഷിച്ചൊരു ക്വാളിറ്റി പേസ് നിരയെ ഒരുക്കാൻ ബെംഗളൂരുവിന് സാധിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ്, ലുങ്കി എൻഗിഡി, യാഷ് ദയാല്‍ എന്നിവരാണ് പ്രധാന പേരുകള്‍. ഹെയ്സല്‍വുഡും ഭുവനേശ്വറും ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാൻ മികവുള്ളവരാണ്. ഹെയ്സല്‍വുഡ് പരുക്കില്‍ നിന്ന് മടങ്ങി വരുന്നതിനാല്‍ ആദ്യ മത്സരങ്ങളില്‍ തന്നെ താളം കണ്ടെത്തുമോയെന്ന് പറയാനാകില്ല.

കോഹ്ലിക്കും പാട്ടിദാറിനും പുറമെ ബെംഗളൂരു വിശ്വാസമര്‍പ്പിച്ച താരമാണ് യാഷ് ദയാല്‍. കഴിഞ്ഞ സീസണില്‍ 15 വിക്കറ്റുകള്‍ യാഷിന്റെ പേരിലുണ്ട്. പേസ് നിര കുറ്റമറ്റതാണെങ്കിലും സ്പിന്നര്‍മാരിലേക്ക് എത്തുമ്പോള്‍ നേര്‍വിപരീതമാണ് കാര്യങ്ങള്‍. കൃണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മായുമാണ് ടീമിലെ സ്പിൻ ദ്വയം. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമായിരുന്നു സുയാഷിന് കൊല്‍ക്കത്തയുടെ ജേഴ്സിയിലിറങ്ങാനായത്. ഒരു വിക്കറ്റുപോലും നേടിയതുമില്ല. 2023ല്‍ പത്ത് വിക്കറ്റ് താരം നേടി.

ഓള്‍റൗണ്ടറായ കൃണാലിനും പേരിനൊത്ത് ഉയരാൻ സാധിക്കാതെ പോയിരുന്നു. കഴിഞ്ഞ സീസണില്‍ 133 റണ്‍സും ആറ് വിക്കറ്റും മാത്രമാണ് നേടിയത്. മധ്യ ഓവറുകള്‍ നിയന്ത്രിക്കാൻ മികവുള്ള സ്പിന്നര്‍മാരുടെ അഭാവം പാട്ടിദാര്‍ എങ്ങനെ നികത്തുമെന്ന് നോക്കേണ്ടതുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും സ്ഥിരത നല്‍കാൻ കൃണാലിനായാല്‍ കൂടുതല്‍ സന്തുലിതമാകും ബെംഗളൂരു.

സാധ്യതകളിലേക്ക് നോക്കിയാല്‍ പാട്ടിദാറിന്റെ കീഴിലൊരു പുതിയ ടീം. പോയ സീസണുകളെ മറന്നുവേണം ബെംഗളൂരു കളത്തിലെത്താൻ. പുതിയ സീസണ്‍ പോസിറ്റീവായ സമീപനം. പേടിക്കേണ്ട വസ്തുത നോക്കൗട്ടുകളിലെ സമ്മര്‍ദം അതിജീവിക്കാനാകുന്നില്ല എന്നതാണ്. കഴിഞ്ഞ അഞ്ച് സീസണില്‍ നാലിലും പ്ലേ ഓഫിലെത്താൻ ബെംഗളൂരുവിനായി. 2009, 11, 16 വര്‍ഷങ്ങളില്‍ ഫൈനലിലും കടന്നു. പക്ഷേ, അടുത്ത പടിയിലേക്ക് ചുവടുവെക്കാൻ സാധിച്ചില്ല. ഇത്തരം ചില കടമ്പകളും കടക്കേണ്ടതുണ്ട് ഇത്തവണ.