ടി20 എന്നത് ബാറ്റര്‍മാര്‍ക്ക് മാത്രമായി ചിട്ടപ്പെടുത്തിയ ഫോര്‍മാറ്റാണോ, ബൗളര്‍മാരുടെ റോള്‍ ഇവിടെ എന്താണ്

ഐപിഎല്ലില്‍ സുരക്ഷിതമായൊരു സ്കോര്‍ ഉണ്ടോ, അതൊരു മിഥ്യാധാരണ മാത്രമല്ലെ. ‍265 റണ്‍സ് ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്ന പഞ്ചാബ് കിങ്സിനെ നോക്കി ഇന്ന് ആരും അത്ഭുതപ്പെടുന്നില്ല, വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സുകള്‍ അസാധാരണത്തില്‍ നിന്ന് സാധാരണമായി, പവര്‍പ്ലേയില്‍ സ്കോര്‍ എണ്‍പതും നൂറും കടക്കുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് ശീലമായിരിക്കുന്നു. ഇവിടെ ചോദിക്കാനുള്ളത് ഒന്ന് മാത്രം, ടി20 എന്നത് ബാറ്റര്‍മാര്‍ക്ക് മാത്രമായി ചിട്ടപ്പെടുത്തിയ ഫോര്‍മാറ്റാണോ, ബൗളര്‍മാരുടെ റോള്‍ ഇവിടെ എന്താണ്.

സീസണില്‍ 36 മത്സരങ്ങളാണ് പൂര്‍ത്തിയായത്, ടൂര്‍ണമെന്റിന്റെ പാതിയില്‍ എത്തി നില്‍ക്കുന്നു. മഴമൂലം ഉപേക്ഷിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് മത്സരം മാറ്റി നിര്‍ത്തിയാല്‍ 70 ഇന്നിങ്സുകള്‍. 31 തവണയാണ് ടീം സ്കോര്‍ 200 കടന്നത്. ഇതില്‍ പതിമൂന്നിലും 220 പിന്നിട്ടു. 250 റണ്‍സെന്നതും ഒരു വലിയ കടമ്പ അല്ലായെന്ന് തെളിയിക്കെപ്പു, നാല് പ്രാവശ്യം. ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഒരു സീസണില്‍ ഏറ്റവുമധികം തവണ 200 റണ്‍സിലധികം പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത് ഒൻപത് തവണയാണ്, ഈ എഡിഷനില്‍ ഇതിനോടകം തന്നെ ആറ് വട്ടം സംഭവിച്ചു. ട്രൂലി എ ബാറ്റേഴ്സ് ഗെയിം.

ഇനി ശരാശരി റണ്‍റേറ്റിലുണ്ടായ വര്‍ധനവ് പരിശോധിക്കാം. 71 ഇന്നിങ്സുകളിലായി ബാറ്റര്‍മാര്‍ സ്കോര്‍ ചെയ്തത് 13, 152 റണ്‍സാണ്. അതും കേവലം 1323.4 ഓവറില്‍. ശരാശരി ഒരു ഓവറില്‍ സ്കോര്‍ ചെയ്യപ്പെടുന്ന റണ്‍സ് എന്ന് പറയുന്നത് 9.93 ആണ്. 2023 സീസണ്‍ വരെ റണ്‍റേറ്റിലുണ്ടാകുന്ന വര്‍ധനവ് ചെറിയ അളവിലായിരുന്നു. 2024 മുതലാണ് ഈ ഷിഫ്റ്റ് സംഭവിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്കോറുകളുടെ പട്ടികയെടുത്താല്‍ 2024, 2025, 2026 വര്‍ഷങ്ങള്‍ ഡൊമിനേറ്റ് ചെയ്ത് നില്‍ക്കുന്നത് കാണാനാകും.

2022ല്‍ 8.8 ആയിരുന്ന ശരാശരി റണ്‍റേറ്റ് 2024ല്‍ എത്തിയപ്പോഴേക്കും 9.4 ലേക്ക് കുതിച്ചുകയറി. എങ്കിലും 2025ല്‍ 9.5 മറികടക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഈ സീസണില്‍ വലിയൊരു മുന്നേറ്റം തന്നെ സംഭവിച്ചു, ഐപിഎല്ലിന്റെ ഗതി ഹൈ സ്കോറിങ്ങ് ഗെയിമുകളിലേക്ക് തിരിയുന്നുവെന്നതിന്റെ കൃത്യമായ സൂചനകള്‍. ബൗളര്‍മാരുടെ സാന്നിധ്യം ഏറെക്കുറെ അപ്രസക്തമാകുന്നുവെന്ന് തോന്നുന്ന തരത്തിലാണ് മേല്‍പ്പറഞ്ഞവയെല്ലാം. ഇനി ബൗളര്‍മാരിലേക്ക് വരാം.

അന്താരാഷ്ട്ര തലത്തിലെ പ്രീമിയം ടി20 ബൗളര്‍മാരാണ് ജസ്പ്രിത് ബുമ്ര, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ഹേസല്‍വുഡ്, ലുംഗി എൻഗിഡി, മാറ്റ് ഹെൻറി എന്നിവരൊക്കെ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി നാല് മത്സരങ്ങളിലാണ് ഹേസല്‍വുഡ് പന്തെറിഞ്ഞത്, ഇതില്‍ രണ്ട് തവണ 40 റണ്‍സിലധികം വഴങ്ങി, ഒന്നില്‍ നാല്‍പ്പതിനടുത്തു. മൂന്ന് തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്സിനായി മാറ്റ് ഹെൻറി പന്തെടുത്തത്, എക്കോണമി 13 ആണ്.

എൻഗിഡി, ബുമ്ര, ആര്‍ച്ചര്‍ എന്നിവര്‍ക്ക് മാത്രമാണ് മേല്‍പ്പറഞ്ഞവരില്‍ നിന്ന് വിഭിന്നമായി എക്കോണമിക്കലായി പന്തെറിയാൻ സാധിച്ചത്. ആര്‍ച്ചറിനും എൻഗിഡിക്കും വിക്കറ്റെടുക്കാൻ കഴിയുന്നുണ്ടെങ്കില്‍ ബുമ്രയ്ക്ക് അത് അല്‍പ്പം അകലത്തിലാണ്. മൂവരും എക്കോണമിക്കലാണെന്ന് പറയുമ്പോഴും അത് എട്ടിന് മുകളില്‍ തന്നെയാണ്. ടോപ് വിക്കറ്റ് ടേക്കറായ അൻഷൂല്‍ കാമ്പോജിന്റെ എക്കോണമി പോലും ഒൻപതിന് അടുത്താണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ഇനി സ്പിന്നര്‍മാരിലേക്ക് വരാം. വരുണ്‍ ചക്രവര്‍ത്തി, റാഷിദ് ഖാൻ, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ്, നൂര്‍ അഹമ്മദ്, അക്കീല്‍ ഹുസൈൻ, സുനില്‍ നരെയ്ൻ, മിച്ചല്‍ സാന്റനര്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിങ്ങനെ ഒരു വലിയ നിരതന്നെയുണ്ട് പ്രീമിയം വിഭാഗത്തില്‍. ഇതില്‍ അക്കീല്‍ ഹുസൈനും സുനൈല്‍ നരെയ്നും ഒഴികെയുള്ളവരെല്ലാം അടികൊണ്ട് അവശരായവരാണ്. റാഷിദും അക്സറുമൊക്കെ എക്കോണമിക്കലാണെങ്കിലും സ്ഥിരതപുലര്‍ത്താനെ കഴിയുന്നില്ല.

ക്യാപ്റ്റന്മാര്‍ സ്പിന്നര്‍മാരെ ഉപയോഗിക്കാൻ പോലും മടിക്കുന്നുവെന്നതും ഈ സീസണിന്റെ പ്രത്യേകതകളിലൊന്നാണ്. ശരാശരി ഒരു കളിയില്‍ സ്പിന്നര്‍മാര്‍ എറിയുന്ന ഓവറുകളുടെ എണ്ണം ആറില്‍ ചുരുങ്ങുന്നു. ഇന്ത്യൻ വിക്കറ്റുകളിലാണ് ഇത് സംഭവിക്കുന്നത് എന്നുകൂടി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സീസണെടുത്താല്‍ ബൗളര്‍മാര്‍ക്ക് ആനൂകൂല്യം ലഭിക്കുന്ന മൈതാനങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടായ ഏകന, ചെപ്പോക്ക്, ഗുവാഹത്തി, വിശാഖപട്ടണം എന്നിവയൊക്കെ. എന്നാല്‍ ഇക്കുറി മേല്‍പ്പറഞ്ഞ മൈതാനങ്ങളെല്ലാം ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളിലേക്ക് മാറിയിരിക്കുന്നു.

ഐപിഎല്‍ വിനോദമാണ്, വാണിജ്യപരമായ ലക്ഷ്യങ്ങള്‍ പിന്നിലുണ്ട് എന്നതെല്ലാം യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ബൗണ്ടറികള്‍ക്കൊണ്ട് മാത്രം നേടുന്ന വിനോദം ക്രിക്കറ്റിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കില്ലെ എന്നത് ചോദ്യമായി മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. പന്ത് സ്വിങ് ചെയ്ത് ഓഫ് സ്റ്റമ്പ് നിലം തൊടിക്കുന്ന ബ്യൂട്ടി ബ്രൂട്ടല്‍ ഹിറ്റിങ് കണ്ടാല്‍ ലഭിക്കുമോ. ബാറ്റിങ്ങിനും ബൗളിങ്ങിനും തുല്യമായ അനൂകൂല്യം ലഭിക്കുന്ന വിക്കറ്റുകളാണ് മത്സരത്തെ സന്തുലിതമാക്കുന്നത്. പക്ഷേ, ഐപിഎല്ലില്‍ അത് ഭൂതകാലത്തിന്റെ ഓ‍ര്‍മമാത്രമാണ്. മികച്ചൊരു ബൗളിങ് നിരയില്ലാത്തവര്‍ക്ക് അല്ലെങ്കില്‍ ബൗളര്‍മാര്‍ ഫോമിലല്ലാത്ത ഒരു ടീമിന് ഇന്ന് വിജയം എറെക്കുറെ അപ്രാപ്യമാണ്.