ഹാര്‍ദിക്കിന്റെ കീഴില്‍ ആദ്യ സീസണില്‍ പത്താം സ്ഥാനത്തായിരുന്നു മുംബൈയുടെ സ്ഥാനം. പക്ഷേ, 2025ല്‍ ഉജ്വല തിരിച്ചുവരവ് നടത്താൻ മുംബൈക്കായി
തുടങ്ങേണ്ടത് 2023 നവംബര്‍ 27ല്‍ നിന്നാണ്...

ഹാര്‍ദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തും, രോഹിത് ശര്‍മയുടെ നായകസ്ഥാനം നഷ്ടപ്പെടും. അന്തരീക്ഷത്തിലുണ്ടായിരുന്ന ഈ അഭ്യൂഹം 2023 നവംബര്‍ അവസാനം യാഥാര്‍ത്ഥ്യമായി. ശേഷം രണ്ട് മുംബൈ താരങ്ങളുടെ പ്രതികരണങ്ങളായിരുന്നു പ്രധാനമായും ശ്രദ്ധ നേടിയത്.
ചിലപ്പോഴൊക്കെ നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടിയെന്ന ക്വോട്ട് പങ്കുവെച്ച ജസ്പ്രിത് ബുമ്ര. ഹൃദയഭേദകമെന്ന് കുറിട്ട സൂര്യകുമാര്‍ യാദവ്. സീസണുകളോളം ടീമിന്റെ നെടുംതൂണുകളായിട്ടും മാറ്റിനിര്‍ത്തപ്പെട്ടതിന്റെ നീരസം മറച്ചുവെക്കാൻ ഇരുവരും തയാറായില്ല. സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ മുംബൈയുടെ ഡ്രൈസിങ് റൂമായിരിക്കും ഹാര്‍ദിക്കിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നായിരുന്നു കായികപണ്ഡിതരെല്ലാം പ്രവചിച്ചത്.
പക്ഷേ, അത് മാത്രമായിരുന്നില്ല സംഭവിച്ചത്. മുംബൈയുടെ ഹോം മൈതാനമായ വാംഖഡെ ഹാര്‍ദിക്കിന് ഒരു നരകമാക്കി മാറ്റി ആരാധകര്‍. അഞ്ച് കിരീടങ്ങള്‍ നേടിത്തന്ന നായകനെ പിഴുതെറിഞ്ഞ മാനേജ്മെന്റിനുകൂടിയുള്ള താക്കീതായിരുന്നു ഗ്യാലറിയില്‍ ഉയര്‍ന്നത്. കയ്യടികള്‍ തിരിച്ചുപിടിക്കാൻ ഹാര്‍ദിക്കിന് 2024 ടി20 ലോകകപ്പ് നേടേണ്ടി വന്നു.
മൂന്ന് സീസണുകള്‍ക്കിപ്പുറം ഒരിക്കല്‍ക്കൂടി വാംഖഡെയുടെ ഗ്യാലറികള്‍ ഹാര്‍ദിക്കിനും മാനേജ്മെന്റിനും ചില സൂചനകള്‍ നല്‍കുകയാണിപ്പോള്‍. ഹാര്‍ദിക്ക് നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ടീമിന്റെ പ്രകടനത്തിലുണ്ടായ ഇടിവ്, മൈതാനത്ത് സംഭവിക്കുന്ന ഒത്തൊരുമയില്ലായ്മ, ഡ്രെസിങ് റൂമിലെ പിരിമുറുക്കങ്ങള്‍ എല്ലാമാണ് ഇതിന്റെ അടിസ്ഥാനം. ഫോര്‍മാറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒരു കുടക്കീഴിലായിട്ടും പ്ലേ ഓഫിന്റെ പടിക്കല്‍പ്പോലും എത്താൻ മുംബൈക്ക് സാധിച്ചിട്ടില്ല.
ഹാര്‍ദിക്കിന്റെ കീഴില്‍ ആദ്യ സീസണില്‍ പത്താം സ്ഥാനത്തായിരുന്നു മുംബൈയുടെ സ്ഥാനം. പക്ഷേ, 2025ല്‍ ഉജ്വല തിരിച്ചുവരവ് നടത്താൻ മുംബൈക്കായി, ക്വാളിഫയര്‍ രണ്ട് വരെ കുതിപ്പ് നടത്തി. എന്നാല്‍ വീണ്ടും പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് മടക്കം. 2026 സീസണെടുത്താല്‍ ജയിച്ച് തുടങ്ങിയ സംഘത്തിന് പിന്നീട് ജയം എന്തെന്നറിയാൻ ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വന്നു.
രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള സുപ്രധാന താരങ്ങള്‍ക്കേറ്റ പരിക്ക്, കൃത്യമായൊരു ഇലവനെ കണ്ടെത്താൻ കഴിയാതെ പോയത്, വിദേശതാരങ്ങളെ ഉപയോഗിക്കുന്നതിലെ വീഴ്ച, സൂപ്പര്‍സ്റ്റാറുകളുടെ മോശം ഫോമും സ്ഥിരതയില്ലായ്മയുമെല്ലാം വീഴ്ചയുടെ കാരണങ്ങളായി നിരത്താൻ കഴിയും. മുംബൈയുടെ നിറങ്ങളില്‍ ഹാര്‍ദിക്ക് കളത്തിലെത്തിയിട്ട് മൂന്ന് മത്സരങ്ങളാകുന്നു, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ എവെ മത്സരത്തിലാണ് അവസാനമായി ഹാര്‍ദിക്ക് മൈതാനത്തിറങ്ങിയത്.
പുറം വേദനയാണ് കാരണമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഇന്ത്യയുടെ പ്രീമിയം ഓള്‍ റൗണ്ടര്‍ പുറത്തിനേറ്റ പരിക്ക് മൂലം രണ്ട് വാരമായി കളത്തിന് പുറത്തിരിക്കുന്നു. ഇത് മുംബൈ ഇന്ത്യൻസിനെ മാത്രം ബാധിക്കുന്ന ഒന്നല്ല, ഇന്ത്യയുടെ ഭാവി പദ്ധതികളേയും ബാധിക്കുന്നതാണ്. ഗുരുതരമാണെങ്കില്‍ ബിസിസിഐയുടെ ഇടപെടലുണ്ടാകുകയും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഹാര്‍ദിക്ക് എത്തേണ്ട സമയവുമായി. എന്നാല്‍, താരം പരിശീലനത്തിന് എത്തുന്ന സാഹചര്യങ്ങളും കാണാനാകും.
എല്ലാം കണക്കാക്കുമ്പോള്‍ മുംബൈ ഇന്ത്യൻസിലെ ഹാര്‍ദിക്കിന്റെ ഭാവിയിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ആദ്യ സീസണില്‍ തന്നെ കിരീടം, പിന്നാലെ ഫൈനലിലുമെത്തി. രണ്ട് സീസണുകളുടെ ആയുസില്‍ ഹാര്‍ദിക്കെന്ന നായകനെ അളന്നായിരുന്നു മുംബൈ മാനേജ്മെന്റ്, ഫ്രാഞ്ചൈസിയുടെ ഭാവി മുന്നില്‍ക്കണ്ട് താരത്തെ തിരികെയെത്തിച്ചത്. പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്നത് മാത്രമല്ല, തിരിച്ചടികളാണ് കൂടുതലായും സംഭവിച്ചത്. നയിച്ച 37 മത്സരത്തില്‍ 22ലും പരാജയം, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മോശം നായകനിലേക്കുള്ള യാത്രയിലാണ് ഹാര്‍ദിക്ക്.
ആറ് വര്‍ഷമായി മുംബൈയുടെ ഷെല്‍ഫില്‍ ഒരു ഐപിഎല്‍ കിരീടമെത്തിയിട്ട്. ടൂര്‍ണമെന്റിലാദ്യമായാണ് ഇത്ര ദൈര്‍ഘ്യമുള്ള വരള്‍ച്ച സംഭവിക്കുന്നത്. സൂര്യകുമാര്‍ യാദവിനും ജസ്പ്രിത് ബുമ്രയ്ക്കും കീഴില്‍ മുംബൈ മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്യുന്നു. ഹാര്‍ദിക്ക് ഇല്ലാതെയിറങ്ങിയ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും മുംബൈക്ക് ജയം, ബെംഗളൂരുവിനെതിരായ മത്സരം കൈവിട്ടത് അവസാന ഓവറിലുമായിരുന്നു. സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് മുംബൈയെന്ന് സൂചനകളാണ് മൈതാനത്തെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.
ഹാര്‍ദിക്കിന്റെ മറ്റൊരു ട്രേഡ് വൈകാതെ നടക്കുമെന്നാണ് സൂചനകളും. ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം സിഇഒ കാശി വിശ്വനാഥനുമായി ഹാര്‍ദിക്ക് നടത്തിയ ദീര്‍ഘസംഭാഷണമെല്ലാം ഉദാഹരിച്ചുകൊണ്ടാണ് അന്തരീക്ഷത്തില്‍ അഭ്യൂഹങ്ങള്‍ നില്‍ക്കുന്നത്.
സീസണിനൊടുവില്‍ വലിയൊരു ലീഡര്‍ഷിപ്പ് ഷിഫ്റ്റിന് മുംബൈ തയാറായേക്കും. സൂര്യകുമാര്‍, ജസ്പ്രിത് ബുമ്ര എന്നീ വലിയ പേരുകളുണ്ട്, ഒപ്പം തിലക് വര്‍മയും. ഹാര്‍ദിക്കിനപ്പുറത്തേക്ക് മുംബൈ ചിന്തിക്കാൻ ഒരുങ്ങുകയാണെങ്കില്‍ ഈ ഓപ്ഷനുകളാണ് മുൻപിലുള്ളത്. കിരീടമില്ലാതെ മറ്റൊരു സീസണ്‍ കൂടി സങ്കല്‍പ്പിക്കാൻ മാനേജ്മെന്റിനും കഴിയില്ല, അതുകൊണ്ട് തീരുമാനങ്ങള്‍ക്ക് കടുപ്പമേറും, അത് എന്തൊക്കെയെന്ന് കാത്തിരുന്ന് തന്നെ അറിയാം.


