പേരും പെരുമയും കിരീടങ്ങളും ഇതിഹാസങ്ങളുടെ സാന്നിധ്യവുമുള്ള 10 ടീമുകള്‍. പക്ഷേ, നയിക്കാനിറങ്ങിയ പത്ത് പേരില്‍ ഏഴ് പേരും ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ല
ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ 19-ാം പതിപ്പിന് മുന്നോടിയായി ക്യാപ്റ്റന്മാരുടെ ഒരു ഫോട്ടോഷൂട്ട് നടന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസ് ലീഗ്. പേരും പെരുമയും കിരീടങ്ങളും ഇതിഹാസങ്ങളുടെ സാന്നിധ്യവുമുള്ള 10 ടീമുകള്‍. പക്ഷേ, നയിക്കാനിറങ്ങിയ പത്ത് പേരില്‍ ഏഴ് പേരും ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ല. ഇഷാൻ കിഷൻ, അക്സര്‍ പട്ടേല്‍, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവര്‍ മാത്രം. ഈ മൂന്ന് പേരുകള്‍ക്കപ്പുറം ഒരാളില്ല, പലരും ടി20 ടീമിലേക്ക് പോലും പരിഗണിക്കപ്പെടാത്തവരുമാണ് എന്നത് വസ്തുതയായി മുന്നിലുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെയില്‍ നിന്ന് തുടങ്ങാം. രഹാനെയുടെ പരിചയസമ്പത്തിലാണ് കൊല്‍ക്കത്ത വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ഒരു അന്താരാഷ്ട്ര മത്സരം രഹാനെ കളിച്ചിട്ട് വര്‍ഷം മൂന്നാകുന്നു, അവസാനമായി ഇന്ത്യയുടെ ടി20 ജഴ്സിയില്‍ കളത്തിലെത്തിയിട്ട് ഒരു പതിറ്റാണ്ടും. ലീഗിലെ പല സംഘങ്ങളും ഇതിഹാസങ്ങളില്‍ നിന്ന് ബാറ്റേണ്‍ പുതുതലമുറയിലേക്ക് കൈമാറി. പക്ഷേ, കൊല്‍ക്കത്ത ചിന്തിച്ചത് തിരിച്ചായിരുന്നു. റിങ്കു സിങ്, കാമറൂണ്‍ ഗ്രീൻ, രചിൻ രവീന്ദ്ര എന്നിങ്ങനെ യുവമുഖങ്ങള്‍ ഡഗൗട്ടിലുണ്ട്, എന്നാല്‍ ക്യപ്റ്റൻസി മെറ്റീരിയല്‍ ആണോയെന്ന ചോദ്യമുണ്ട്.
പട്ടികയിലെ ഏറ്റവും നിര്‍ണായകമായ രണ്ട് പേരുകള്‍ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിന്റേതും ലക്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിന്റേതുമാണ്. 2026 ടി20 ലോകകപ്പിന് തൊട്ടുമുൻപാണ് ഗില്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്താക്കപ്പെടുന്നതും, സഞ്ജു സാംസണിന് അവസരമൊരുങ്ങുന്നതും. ഫോര്‍മാറ്റിലെ ഇന്ത്യയുടെ ഫിലോസഫിയുമായി ഗില്ലിന്റെ ശൈലി ചേര്‍ന്ന് നില്‍ക്കാത്തതായിരുന്നു പ്രധാന കാരണം. പുതിയ സീസണ്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണ് ഗില്ലിന്.
2024 ടി20 ലോകകപ്പ് നേടിയ സംഘത്തിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്നു പന്ത്. ഇടം കയ്യൻ ബാറ്ററും ടീമില്‍ നിന്ന് തഴയപ്പെട്ടിട്ട് രണ്ട് വര്‍ഷത്തോളമാകുന്നു. നിലവില്‍ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവും ഒപ്പം ഇഷാൻ കിഷനുമുള്ളപ്പോള്‍ ടി20 ടീമില്‍ പന്തിന്റെ എവിടെ സ്ഥാനം നല്‍കുമെന്ന ആശയക്കുഴപ്പം സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ ടീമിലേക്കൊരു തിരിച്ചുവരവ് പന്തിന് എളുപ്പമുള്ള ഒന്നല്ല.
ക്യാപ്റ്റൻസിയുടെ കാര്യത്തില്‍ കാലങ്ങളോളമായി ആശയക്കുഴപ്പത്തിലുള്ള സംഘമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. എം എസ് ധോണിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് സീസണുകളായി. പലപരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് റുതുരാജ് ഗെയ്ക്വാദ് എന്ന പേരിലേക്ക് എത്തിയത്. റുതുരാജ് ഇന്ത്യയുടെ ടി20 സെറ്റപ്പില്‍ നിന്ന് അകന്നിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ 2024ല്‍ സിംബാബ്‌വെക്കെതിരെയ ആയിരുന്നു ഫോര്‍മാറ്റില്‍ നീലയണിഞ്ഞത്.
ഐപിഎല്ലില്‍ കിരീടം നേടാൻ അന്താരാഷ്ട്ര തലത്തിലെ പരിചയസമ്പത്ത് വേണ്ട എന്ന തെളിയിച്ച നായകനാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ രജത് പാട്ടിദാര്‍. ഇന്ത്യക്കായി ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറിയിട്ടുള്ള പാട്ടിദാറിന് ടി20യില്‍ ഇതുവരെ അവസരം ഒരുങ്ങിയിട്ടില്ല. പക്ഷേ, ദ്രാവിഡിനും കോലിക്കും കുംബ്ലെയ്ക്കും ഡുപ്ലെസിസിനുമൊന്നും കഴിയാത്തത് പാട്ടിദാറിനായി.
പഞ്ചാബ് കിങ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യര്‍ ടി20 ടീമിന് പുറത്തായിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. പരുക്കുകള്‍ വില്ലനായ കരിയറില്‍ ഇന്നും ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമാണ് ശ്രേയസ്. ടി20ക്ക് അനുയോജ്യമായ ബാറ്റിങ് ശൈലി പുലര്‍ത്തുന്ന താരം. ഇന്ത്യൻ ടീമിന്റെ ഭാവി നായകനാകാൻ വരെ കെല്‍പ്പുണ്ട് ശ്രേയസിനെന്നതില്‍ സംശയങ്ങളില്ല.
രാജസ്ഥാൻ റോയല്‍സിനെ സഞ്ജു സാംസണിന്റെ പിൻഗാമിയായ റിയാൻ പരാഗ്. 24 വയസ് മാത്രമുള്ള മധ്യനിര ബാറ്റര്‍ 2024ലാണ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. ഓള്‍ റൗണ്ടര്‍മാര്‍ക്ക് പ്രധാന്യം കൂടുതലായതോടെ ഓഫ് സ്പിൻ പരീക്ഷണങ്ങളും പരാഗ് ഐപിഎല്ലില്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട്, ഇന്ത്യയുടെ ടി20 ടീമിന്റെ ഭാവി പദ്ധതികളില്‍ പരാഗിന്റെ പേരുണ്ടാകാൻ സാധ്യതയുണ്ട്.
Powered By:



