ഇടവേളയില്‍ താൻ കെട്ടിപ്പടുത്ത സാമ്രാജ്യം തകര്‍ന്ന് വീഴുന്നത് നിസഹായനായി ഡഗൗട്ടിലിരുന്നു വീക്ഷിക്കുന്ന ആ മനുഷ്യനെ പലകുറി ലോകം കണ്ടു. അയാളുടെ തിരിച്ചുവരവിനോളം മുംബൈ ആരാധകര്‍ മറ്റൊന്നും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല

വാംഖഡയിലെ കസേരകള്‍ പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു. സ്വന്തം മണ്ണില്‍ പോലും കാലുറപ്പിക്കാൻ ആ സംഘത്തിനായിട്ടില്ല എന്നതുതന്നെ കാരണം. പ്രതീക്ഷകളുടെ ഭാരമില്ലാതെ ശാന്തതപാലിച്ചിരുന്ന ഗ്യാലറി. സൂര്യകുമാര്‍ യാദവ് ആ വാചകം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ പൊടുന്നനെ ആരവം ഉയര്‍ന്നു. ‘Our very own Rohit Sharma is back’.

22 ദിവസങ്ങള്‍ക്ക് മുൻപാണ് അയാള്‍ പരുക്കേറ്റ്, തന്റെ ഉയര്‍ച്ച താഴ്ചകള്‍ക്ക് എല്ലാം സാക്ഷിയായ മൈതാനത്ത് നിന്ന് തലകുനിച്ച് മടങ്ങിയത്. ഈ വലിയ ഇടവേളയില്‍ താൻ കെട്ടിപ്പടുത്ത സാമ്രാജ്യം തകര്‍ന്ന് വീഴുന്നത് നിസഹായനായി ഡഗൗട്ടിലിരുന്നു വീക്ഷിക്കുന്ന ആ മനുഷ്യനെ പലകുറി ലോകം കണ്ടു. അയാളുടെ തിരിച്ചുവരവിനോളം മുംബൈ ആരാധകര്‍ മറ്റൊന്നും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ അയാള്‍ ബാറ്റെടുത്തു, മുംബൈക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനായിരുന്നു അത്. മുംബൈ ച രാജ, രോഹിത് ശര്‍മ.

ക്രീസിലേക്ക് എത്താൻ എത്രത്തോളം രോഹിത് ആഗ്രഹിച്ചുവെന്നത് രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് വ്യക്തമായത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോളില്‍ ഔട്ട്സൈഡ് എഡ്ജിലൂടെയാണ് രോഹിതിന് ബൗണ്ടറി ലഭിക്കുന്നത്. മിഡില്‍ ചെയ്യാൻ കഴിയാത്തതിന്റെ വല്ലാത്തൊരു അമര്‍ഷം ഇതിഹാസത്തിന്റെ മുഖത്ത് പ്രതിഫലിച്ചു. റണ്‍ദാഹമുള്ള വിരാട് കോലിയിലൊക്കെ മാത്രം കണ്ടുശീലിച്ച ഒന്ന്.

ഇടം കയ്യൻ പേസര്‍മാരൊടുള്ള രോഹിതിന്റെ ദൗര്‍ബല്യം അറിയാവുന്ന റിഷഭ് പന്ത് ആദ്യ നാല് ഓവറിനിടെ മൊഹ്സിൻ ഖാനെ രണ്ട് തവണ ദൗത്യം ഏല്‍പ്പിച്ചു. പ്രിൻസ് യാദവിന്റെ കണിശതയും ചേര്‍ന്നതോടെ രോഹിത് തന്റെ അഗ്രസീവ് മനോഭാവത്തില്‍ നിന്ന് സമ്യമനത്തിന്റെ പാതയിലൂന്നി. ആദ്യം നേരിട്ട 15 പന്തില്‍ 15 റണ്‍സ് മാത്രം, റയാൻ റിക്കല്‍ട്ടണ്‍ തന്റെ പീക്ക് ഫോമിന്റെ ആസ്വാദനം തുടര്‍ന്നത് അയാളിലെ സമ്മര്‍ദം കുറച്ചു.

നിലയുറപ്പിച്ചുകഴിഞ്ഞാല്‍ അനായസം ഗിയര്‍ ഷിഫ്റ്റ് ചെയ്യാൻ കഴിയുന്ന, അതിവേഗം ലെങ്ത് പിക്ക് ചെയ്യാൻ സാധിക്കുന്ന, മറ്റ് ബാറ്റര്‍മാരേക്കാള്‍ ഒരു സെക്കൻഡ് അധികം ലഭിക്കുന്ന രോഹിത്. വാംഖഡെ ആ 15 പന്തുകള്‍ക്ക് ശേഷം കണ്ടത് അതായിരുന്നു. പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാൻ വന്ന ആവേശ് ഖാനായിരുന്നു. തുടരെ രണ്ട് ബൗണ്ടറികള്‍ വഴങ്ങിയശേഷം തന്റെ വജ്രായുധമായ സ്ലോ ബോള്‍ ആവേശ് പ്രയോഗിച്ചു.

ആ പന്ത് ബാറ്റിലേക്ക് എത്തുന്നതിനായി കാത്തിരുന്ന് രോഹിത് തന്റെ ട്രേഡ് മാര്‍ക്ക് പുള്‍ഷോട്ട് പുറത്തെടുത്തു. മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് നീലക്കടലില്‍, ആവേശിന്റെ യോര്‍ക്കര്‍ ശ്രമം ഫുള്‍ ടോസില്‍ കലാശിച്ചപ്പോള്‍ പന്ത് വിശ്രമിച്ചത് ബാക്ക്‌വേഡ് സ്ക്വയറില്‍. 21 റണ്‍സായിരുന്നു രോഹിത് ഒറ്റ ഓവറില്‍ സ്കോര്‍ ചെയ്തത്. 15 പന്തില്‍ 15ല്‍ നിന്ന് 20 പന്തില്‍ 36ലേക്ക്. പവര്‍പ്ലേയിലെ സ്ട്രൈക്ക് റേറ്റ് 180.

പവര്‍പ്ലേയ്ക്ക് ശേഷം രോഹിതിന്റെ സ്കോറിങ്ങ് വേഗത തെല്ലും കുറഞ്ഞില്ല. മണിമാരൻ സിദ്ധാര്‍ത്ഥിനെതിരെ ലോങ് ഓണിന് മുകളിലൂടെ സിക്‌സ് നേടിയാണ് അര്‍ദ്ധ സെഞ്ചുറിയിലേക്ക് എത്തുന്നത്. സീസണിലെ രണ്ടാം അര്‍ദ്ധ ശതകം, 27 പന്തുകളില്‍. മുഹമ്മദ് ഷമിയെറിഞ്ഞ 12-ാം ഓവറില്‍ രോഹിത് നേടിയ ബൗണ്ടറി. അതായിരുന്നു പ്യുവര്‍ വര്‍ക്ക് ഓഫ് ആര്‍ട്ട് എന്ന് വിളിക്കാൻ പറ്റുന്ന ഒന്ന്.

മണിക്കൂറില്‍ 128 കിലോ മീറ്ററില്‍ മാത്രമെത്തിയ ഒരു ഷോര്‍ട്ട് ബോള്‍. രോഹിതിന്റെ തലയ്ക്കൊപ്പമാണ് പിച്ച് ചെയ്ത പന്ത് ഉയര്‍ന്നത്. ഫീല്‍ഡിനെ കൃത്യമായും മനസിലാക്കി രോഹിത് ആ പന്ത് ലേറ്റ് ആയി പ്ലേ ചെയ്ത് ബാക്ക് വേഡ് സ്ക്വയര്‍ ലെഗിലൂടെ ബൗണ്ടറി നേടുന്നു. റോപ്പ് ലക്ഷ്യമാക്കി പന്ത് കുതിക്കുമ്പോള്‍ ഷമിയുടെ മുഖത്ത് തന്റെ മികച്ച ഡെലിവറിയെ മറികടന്നതിന്റെ ഒരു ഭാവമായിരുന്നു. കമന്ററി ബോക്‌സിലിരുന്ന് രോഹിതിന്റെ റിസ്റ്റ് വര്‍ക്കിനെ വാഴ്ത്തി സുനില്‍ ഗവാസ്ക്കര്‍.

13-ാം ഓവറില്‍ ആവേശിനെതിരെ എക്‌സ്ട്രാ കവറിന് മുകളിലൂടെ നേടിയ ലോഫ്റ്റഡ് ഡ്രൈവ് സിക്‌സ് മറ്റൊരു ഉദാഹരണം. റിക്കല്‍ട്ടണിന്റെ വിക്കറ്റില്‍ പോലും രോഹിത് നിര്‍ത്തിയില്ല. ഒടുവില്‍ സിദ്ധാര്‍ത്ഥിന് വിക്കറ്റ് നല്‍കി അര്‍ഹിച്ച സെഞ്ചുറിക്ക് അരികില്‍ വീഴുമ്പോള്‍ സമ്പാദ്യം 44 പന്തില്‍ 84 റണ്‍സ്. പവര്‍പ്ലേയിലെ സ്ട്രൈക്ക് റേറ്റ് 180 ആയിരുന്നെങ്കില്‍ ശേഷം 200 ആയി ഉയര്‍ന്നു. 24 പന്തില്‍ 48 റണ്‍സാണ് പവര്‍പ്ലേയ്ക്ക് ശേഷമുള്ള നേട്ടം.

മുംബൈയുടെ ജയം ഉറപ്പിച്ച ശേഷമാണ് രോഹിത് മടങ്ങുന്നത്, വാംഖഡയുടെ സര്‍വാരവങ്ങളും ഏറ്റുവാങ്ങി രോഹിത് മടങ്ങുമ്പോള്‍ മുംബൈ ആരാധകര്‍ ഒരുപോലെ ചിന്തിച്ചു. രോഹിത് ആ അഞ്ച് മത്സരങ്ങളും കളിച്ചിരുന്നുവെങ്കില്‍ എന്ന്. മുംബൈ തങ്ങളുടെ ചരിത്രത്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ രണ്ടും ഇക്കുറിയായിരുന്നു, രണ്ട് സന്ദര്‍ഭങ്ങളിലും രോഹിതിന്റേയും റിക്കല്‍ട്ടണിന്റേയും കൂട്ടുകെട്ടായിരുന്നു വിജയത്തിന്റെ ആധാരം.

സീസണില്‍ കളിച്ചത് അഞ്ച് മത്സരങ്ങള്‍ മാത്രം, രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ 221 റണ്‍സ്. ശരാശരി 55 ആണ്, സ്ട്രൈക്ക് റേറ്റ് 174ല്‍ എത്തി നില്‍ക്കുന്നു. പിന്നിട്ട സീസണുകള്‍ പരിശോധിച്ചാല്‍ രോഹിതിന്റെ ഏറ്റവും മികച്ച പ്രകടനം.