ടീമിന് സുവര്‍ണകാലം സമ്മാനിച്ച, ആറാം കിരീടം ഉറപ്പ് നല്‍കിയ രോഹിത് ശര്‍മയുടേയും കിറോണ്‍ പോള്ളാര്‍ഡിന്റേയും ലസിത് മലിങ്കയുടെയെല്ലാം ശരീരഭാഷ ചെപ്പോക്കില്‍ ഒന്നായിരുന്നു, നിരാശ
ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ട്രെൻ ബോള്‍ട്ടിന്റെ ഒരു ഫുള്‍ ലെങ്ത് ഡെലിവെറി. 20 വയസുകാരനായ കാര്‍ത്തിക്ക് ശര്‍മ ഷോര്‍ട്ട് തേഡിന് മുകളിലൂടെ സ്കൂപ്പ് ചെയ്ത് പന്തിനെ ബൗണ്ടറിയിലേക്ക് നയിക്കുകയാണ്. ചിരവൈരികള്‍ക്ക് മുകളിലെ ലീഗ് ഡബിളില്‍ ചെപ്പോക്കിലെ ആരവം പൊടുന്നനെ ഇരട്ടിച്ചു. കാര്‍ത്തിക്കും നായകൻ റുതുരാജ് ഗെയ്ക്വാദും ജയം ആഘോഷിക്കുമ്പോള്‍ മറുവശത്ത് ഹാര്‍ദിക്ക് പാണ്ഡ്യയുടെ സംഘം ഉത്തരങ്ങള്‍ തേടുകയായിരുന്നു. ആ ടീമിന് സുവര്‍ണകാലം സമ്മാനിച്ച, ആറാം കിരീടം ഉറപ്പ് നല്‍കിയ രോഹിത് ശര്‍മയുടേയും കിറോണ്‍ പോള്ളാര്‍ഡിന്റേയും ലസിത് മലിങ്കയുടെയെല്ലാം ശരീരഭാഷ ഒന്നായിരുന്നു, നിരാശ. മുംബൈയുടെ സീസണ്‍ അവസാനിച്ചോ.
മത്സരശേഷമുള്ള പ്രതികരണത്തില്‍ സാധാരണയായി ഉയര്‍ത്തുന്ന വിമർശനങ്ങള്‍ ഹാര്‍ദിക്ക് മാറ്റിവെച്ചു. ഈ രാത്രി മാത്രമല്ല, സീസണിലുടനീളം തങ്ങള്‍ക്ക് മികവ് പുലര്‍ത്താനായില്ല എന്ന് അയാള്‍ മടികൂടാതെ സമ്മതിച്ചു, എതിരാളികളേക്കാള്‍ ഒരുപടി പിന്നിലായിരുന്നുവെന്ന് പറഞ്ഞുവെച്ചു. ഒൻപത് മത്സരങ്ങള്‍, ഏഴ് തോല്‍വി, പട്ടികയില്‍ ഒൻപതാം സ്ഥാനത്ത്. പ്ലേ ഓഫ് എന്നത് മുംബൈ ഇന്ത്യൻസിന് ഇന്ന് വിദൂരമായൊരു സ്വപ്നം മാത്രമാണ്. തിട്ടപ്പെടുത്തിയെടുക്കാനാകുന്നതിലും അധികമാണ് പോരായ്മകളുടെ പട്ടിക. മുംബൈയുടെ എക്കാലത്തേയും കരുത്ത് അവരുടെ കോര്‍ ടീമാണ്, കിരീടങ്ങള്‍ സമ്മാനിച്ചപ്പോഴെല്ലാം അവരുടെ സംഭാവന വലുതായിരുന്നു.
സീസണിലെ മുംബൈയുടെ കോർ ടീമിനെ നോക്കാം. ബാറ്റിങ്ങില്‍ രോഹിത് ശർമ, സൂര്യകുമാര്‍ യാദവ്, തിലക് വർമ, ഹാർദിക്ക് പാണ്ഡ്യ. നാല് താരങ്ങളും ടി20 ലോകകപ്പ് വിജയികള്‍. ബൗളിങ്ങില്‍ ജസ്പ്രിത് ബുമ്രയും ട്രെൻ ബോള്‍ട്ടുമാണ് പ്രധാന അസ്ത്രങ്ങള്‍. ശരാശരിയും സ്ട്രൈക്ക് റേറ്റുമൊക്കെ തിട്ടപ്പെടുത്തി നോക്കിയാല്‍ രോഹിത് ആയിരുന്നു ഏറ്റവും സ്ഥിരത പുലര്‍ത്തിയ താരം, എന്നാല്‍ മുൻനായകന്റെ പരുക്ക് ടീമിന്റെ ബാലൻസിനെ ആകെ ബാധിക്കുന്നതാണ് സീസണില്‍ കണ്ടത്. ഇതിനാല്‍ ഓപ്പണിങ്ങില്‍ തന്നെ പലവിധ പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെടേണ്ടി വന്നു. മുംബൈക്ക് മികച്ച തുടക്കം ലഭിച്ച മത്സരങ്ങള്‍പ്പോലും വിരളമായിരുന്നു.
നായകൻ ഹാര്‍ദിക്ക്, ചെന്നൈക്കെതിരെ 23 പന്തില്‍ 18 റണ്‍സായിരുന്നു ഹാര്‍ദിക്കിന്റെ സംഭാവന. ജേമി ഓവര്‍ട്ടണിന്റെ ഹൈ പേസ് പന്തുകളെ നേരിടാൻ പോലും കഴിയാതെ ഹാര്‍ദിക്ക് നിസഹായനാകുന്നത് പലകുറി കണ്ടു. മുംബൈ നായകന്റെ സീസണിന്റെ ആകെത്തുക കൂടിയായിരുന്നു ചെപ്പോക്കില്‍. മുംബൈ നിരയില്‍ ബാറ്റര്‍മാരെയെടുത്താല്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ്, അഞ്ച് മത്സരങ്ങളില്‍ കൂടുതല്‍ കളിച്ച ബൗളര്‍മാരില്‍ മോശം എക്കോണമി. നാല് വിക്കറ്റും 146 റണ്‍സുമാണ് സീസണിലെ ആകെ നേട്ടം. ക്യാപ്റ്റൻസിയിലെ വീഴ്ചകള്‍ക്ക് പുറമെയാണ് താരമെന്ന നിലയിലേയും പരാജയം.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡഗൗട്ടിലിരിക്കുന്ന രോഹിതിന്റെ നിര്‍ദേശം പിന്തുടര്‍ന്നതായിരുന്നു ഉര്‍വില്‍ പട്ടേലിന്റെ വിക്കറ്റിലേക്ക് പോലും നയിച്ചത്. നായകനായി മുന്നില്‍ നിന്ന് ടീമിനെ നയിക്കാൻ സീസണില്‍ ഒരു ഘട്ടത്തിലും ഹാര്‍ദിക്കിന് കഴിഞ്ഞിട്ടില്ല. ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ തനിക്ക് രണ്ട് ഓവര്‍ ബാക്കിയുണ്ടായിട്ടും നിര്‍ണായകമായ അവസാന ഓവറുകള്‍ യുവതാരത്തിന് കൈമാറിയ ഹാര്‍ദിക്കിന് തീരുമാനത്തിന് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.
മുംബൈയുടെ നിറങ്ങളിലെ ഏറ്റവും മോശം സീസണിലൂടെയാണ് സൂര്യകുമാര്‍ കടന്നുപോകുന്നത്. ലഭിച്ച തുടക്കങ്ങളൊന്നും ഉപയോഗിക്കാനാകതെ എതിരാളികള്‍ വിരിക്കുന്ന വലയില്‍ ചെന്നുവീഴുന്ന സൂര്യ. റണ്‍സിന്റെ അഭാവം നികത്തുന്നതിനായി തന്റെ പ്രിയപ്പെട്ട സ്കൂപ്പ് ഷോട്ടുകളെ മാത്രം ആശ്രയിക്കുന്നത് സീസണിലുടനീളം സൂര്യക്ക് തിരിച്ചടിയായിട്ടുണ്ട്. താരം എന്തുകൊണ്ട് സ്ട്രെയിറ്റ് ബാറ്റ് ഉപോയിഗിക്കാൻ തയാറാകുന്നില്ല എന്ന ചോദ്യം മുൻതാരങ്ങള്‍പ്പോലും ഉയര്‍ത്തുന്നു. ഒരു അര്‍ദ്ധ സെഞ്ചുറി മാത്രമാണ് നേട്ടം, 183 റണ്‍സും.
ഗുജറാത്തിനെതിരെ നേടിയ സെഞ്ചുറി മാറ്റി നിര്‍ത്തിയാല്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ മോശം നമ്പറുകളാണ് തിലകിന്റെ നേര്‍ക്കുള്ളത്. അഞ്ച് ഒറ്റയക്ക സ്കോറുകള്‍, 25 കടന്നത് സെഞ്ചുറിയുള്‍പ്പടെ രണ്ട് തവണ മാത്രം. റയാൻ റിക്കല്‍ട്ടണും നമൻ ധീറും മാത്രമാണ് ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ബൗളര്‍മാര്‍. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ കഴിയുന്നവര്‍, ബുമ്രയും ബോള്‍ട്ടും.
ഒൻപത് കളികളില്‍ നിന്ന് 283 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബുമ്രയുടെ സമ്പാദ്യം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 188 റണ്‍സാണ് ബോള്‍ട്ടിനെതിരെ എതിരാളികള്‍ നേടിയത്. വീഴ്ത്തിയത് രണ്ട് വിക്കറ്റ് മാത്രം. ബുമ്രയുടെ എക്കോണമി 8.6 ആണ്, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും മോശം. ബോള്‍ട്ടിന്റെ ഐപിഎല്‍ കരിയറിലാദ്യമായി എക്കോണമി പത്തും കടന്നു ഇക്കുറി. ഗസൻഫാറല്ലാതെ ഒരു വിക്കറ്റ് ടേക്കിങ് ബൗളര്‍ മുംബൈ നിരയിലില്ല.
ഒരുടീമിലെ പ്രധാന താരങ്ങളെല്ലാം ഫോം വീണ്ടെടുക്കാതെ ഒൻപത് മത്സരങ്ങള്‍. അവിശ്വസനീയമായൊരു വീഴ്ചയാണ് മുംബൈയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ഇനി അഞ്ച് മത്സരങ്ങളാണ് മുംബൈക്ക് അവശേഷിക്കുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്. അഞ്ചും ജയിച്ചാല്‍ പോലും പ്ലേ ഓഫിലെത്തുക അസാധ്യമാണ്, പ്രത്യേകിച്ചും ടോപ് ഫോറിലുള്ള ടീമുകളുടെ ഫോം പരിഗണിക്കുമ്പോള്‍.


